കൊല്ലം പൂരം ; സുരക്ഷാക്രമീകരണങ്ങള്‍ ഉറപ്പാക്കും : കൊല്ലം ജില്ലാ കലക്ടര്‍

google news
SSSS

കൊല്ലം : പൂരത്തോടനുബന്ധിച്ച് മതിയായ സുരക്ഷാക്രമീകരണങ്ങള്‍ ഉറപ്പാക്കുമെന്ന് ജില്ലാ കലക്ടര്‍ എന്‍. ദേവിദാസ്. ഏപ്രില്‍ 15ന് ആശ്രാമം മൈതാനത്ത് നടക്കുന്നപൂരത്തിന് മുന്നോടിയായി ചേമ്പറില്‍ ചേര്‍ന്ന യോഗത്തില്‍ വിവിധ ക്രമീകരണങ്ങള്‍ വിലയിരുത്തി. ക്രമസമാധാന പരിപാലനം, ഗതാഗത നിയന്ത്രണം എന്നിവയ്ക്ക് പൊലീസിനാണ് ചുമതല.

മുന്‍കൂര്‍ അനുമതി ലഭിക്കാതെയുള്ള താല്‍ക്കാലിക നിര്‍മ്മാണങ്ങള്‍ അനുവദിക്കില്ല. ജില്ലാ മെഡിക്കല്‍ ഓഫീസറുടെ നേതൃത്വത്തില്‍ ആംബുലന്‍സ് സേവനവും പ്രഥമശുശ്രൂഷാ സംവിധാനവും ഉറപ്പാക്കും. സമ്പൂര്‍ണ്ണ ഹരിതചട്ടപാലനം ഉറപ്പുവരുത്തുന്നതിനായി ശുചിത്വ മിഷനെയും ചുമതലപ്പെടുത്തി. ഉത്സവശേഷം മൈതാനത്ത് അവശേഷിക്കുന്ന മാലിന്യങ്ങള്‍ ശാസ്ത്രീയമായ രീതിയില്‍ സംസ്‌കരിക്കണം. മദ്യം, നിരോധിത ലഹരി ഉത്പന്നങ്ങള്‍ എന്നിവയുടെ വില്‍പ്പന തടയുന്നതിന് ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കും. ഉത്സവപ്രദേശത്ത് വില്‍പ്പന നടത്തുന്ന ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരം പരിശോധിക്കുന്നതിനായി ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നേതൃത്വത്തില്‍ പ്രത്യേക സ്‌ക്വാഡ് പ്രവര്‍ത്തിക്കും.

ഉത്സവത്തിന് പങ്കെടുപ്പിക്കുന്ന ആനകളുടെ പൂര്‍ണ്ണ വിവരങ്ങള്‍ സോഷ്യല്‍ ഫോറസ്ട്രി വകുപ്പിന് സംഘാടകര്‍ കൈമാറണം. നാട്ടാന പരിപാലനചട്ടം കര്‍ശനമായി പാലിക്കണം. നിശ്ചിത സമയത്തിന് ശേഷം ആനയെ എഴുന്നള്ളിക്കരുത്. പ്രദേശത്ത് സിസിടിവി ക്യാമറകള്‍ സ്ഥാപിക്കും. അപ്രതീക്ഷിതമായ അപകടങ്ങളെ നേരിടാന്‍ മൈതാനത്ത് എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്റര്‍ സജ്ജീകരിക്കും.
ശുദ്ധജലം, വൈദ്യുതി എന്നിവ തടസ്സമില്ലാതെ ലഭ്യമാക്കും. പൂരത്തിന്റെ സുഗമനടത്തിപ്പിന് വിവിധ വകുപ്പുകളുടെ ഏകോപനം ഉറപ്പുവരുത്തണമെന്നും നിര്‍ദേശിച്ചു. സബ് കലക്ടര്‍ മുകുന്ദ് ഠാക്കൂര്‍, എ ഡി എം സി എസ് അനില്‍, സിറ്റി പൊലീസ് കമ്മീഷ്ണര്‍ വിവേക് കുമാര്‍, വകുപ്പുതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Tags