മഴക്കെടുതി നേരിടാന്‍ കൊല്ലം ജില്ല സജ്ജം : മന്ത്രി ജെ. ചിഞ്ചു റാണി

google news
മില്‍മ പാല്‍ വില ഉയര്‍ത്തുമെന്ന പ്രചരണം വാസ്തവ വിരുദ്ധം ; മന്ത്രി ചിഞ്ചു റാണി

 
ജില്ലയില്‍ മഴ കുറഞ്ഞ സാഹചര്യത്തില്‍ സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാണെന്ന് ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍, മൃഗസംരക്ഷണ-ക്ഷീര വികസന മന്ത്രി ജെ. ചിഞ്ചു റാണി  എന്നിവരുടെ നേതൃത്വത്തില്‍ ചേര്‍ന്ന ജില്ലാതല അവലോകന യോഗം. നിലവില്‍ മഞ്ഞ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ഏതു അടിയന്തര സാഹചര്യവും നേരിടാന്‍ ജില്ല സജ്ജമാണെന്ന് യോഗം വിലയിരുത്തി.

 മഴക്കെടുതി നേരിടാനുള്ള പ്രവര്‍ത്തനങ്ങള്‍ വിവിധ വകുപ്പുകളുടെ ഏകോപനത്തില്‍ ശക്തമായി നടന്നവരുന്നുവെന്നും നിലവില്‍ ആശങ്ക വേണ്ടെന്നും ധനമന്ത്രി പറഞ്ഞു. നാശനഷ്ടങ്ങള്‍  ബന്ധപ്പെട്ട വകുപ്പുകള്‍  കൃത്യമായി വിലയിരുത്തണമെന്നും വേണ്ട നടപടികള്‍ കാര്യക്ഷമമാക്കണമെന്നും  വിവിധ വകുപ്പ് മേധാവികള്‍ക്ക് മന്ത്രി നിര്‍ദ്ദേശം നല്‍കി.

അടിയന്തര സാഹചര്യം നേരിടാന്‍ ജില്ലാ  ഭരണകൂടം സജ്ജമാണെന്ന് വിലയിരുത്തിയ ക്ഷീര വികസന മന്ത്രി സിവില്‍ സപ്ലൈസ് സ്ഥാപനങ്ങള്‍ വഴി  ആവശ്യമായ ഭക്ഷ്യസാധനങ്ങള്‍ ലഭ്യമാക്കുമെന്ന് പറഞ്ഞു. ആശുപത്രികളില്‍ മുഴുവന്‍ സമയവും ഡോക്ടര്‍മാരുടെ സേവനം ഉറപ്പുവരുത്തണമെന്നും  മന്ത്രി നിര്‍ദേശം നല്‍കി.
 അപകട സാഹചര്യത്തില്‍ നില്‍ക്കുന്ന മരങ്ങള്‍ മുറിച്ചു മാറ്റാനുള്ള നടപടികള്‍ സ്വീകരിക്കും.  

മണ്ണിടിച്ചില്‍ ഉണ്ടാകാന്‍ സാധ്യതയുള്ള സ്ഥലങ്ങളുടെ പട്ടിക തയ്യാറാക്കി പ്രദേശത്ത് പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനായുള്ള നടപടികള്‍ കൈകൊണ്ടു. താലൂക്ക് കേന്ദ്രങ്ങളില്‍ കണ്‍ട്രോള്‍ റൂമുകള്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നുണ്ടെന്നും ജില്ലാ കലക്ടര്‍ അഫ്‌സന പര്‍വീണ്‍ പറഞ്ഞു.

ആലപ്പാട് മേഖലയില്‍ കടല്‍ഭിത്തി നിര്‍മ്മിക്കുന്നതിനായി താല്‍ക്കാലിക സംവിധാനങ്ങള്‍ ഊര്‍ജിതമാക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കുമെന്നും  ജലവിഭവ വകുപ്പിന്റെ നേതൃത്വത്തില്‍ ജലദൗര്‍ബല്യം നേരിടുന്ന മേഖലകളില്‍ ആവശ്യമായ സേവനം സാധ്യമാക്കുമെന്നും  എ. എം ആരിഫ് എം.പി പറഞ്ഞു.
 ജലജന്യ രോഗങ്ങള്‍ തടയുന്നതിന് വേണ്ട നടപടികള്‍ ഊര്‍ജ്ജിതമാക്കണമെന്ന് എന്‍.കെ.പ്രേമചന്ദ്രന്‍ എം.പിയും വെള്ളക്കെട്ട് ഒഴിവാക്കാന്‍ അടിയന്തര ഇടപെടല്‍ ആവശ്യമാണെന്ന്  കൊടിക്കുന്നില്‍ സുരേഷ് എം.പിയും ആവശ്യമുന്നയിച്ചു.

പ്രശ്‌നബാധിത മേഖലകളിലെ ജനങ്ങളെ മാറ്റിപ്പാര്‍പ്പിക്കുന്നതിനായി വേണ്ട നടപടികള്‍ ദ്രുതഗതിയിലാണെന്നും അഭിപ്രായപ്പെട്ട പി.എസ് സുപാല്‍ എം.എല്‍.എ ജില്ലയിലെ ഒറ്റപ്പെട്ട ആദിവാസി മേഖലകളില്‍ പ്രത്യേക സുരക്ഷാ സേനയെ  സജ്ജമാക്കുമെന്നു പറഞ്ഞു. ഇവിടെ  താല്‍ക്കാലിക അഗ്‌നിശമനയെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

പടിഞ്ഞാറന്‍ മേഖലയില്‍ അടിയന്തര സാഹചര്യമുണ്ടായല്‍ നേരിടാന്‍ വേണ്ട പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുണ്ടെന്നും വേണ്ടിവന്നാല്‍  കൂടുതല്‍ സുരക്ഷാസേനയെ ആ പ്രദേശങ്ങളില്‍ സജ്ജീകരിക്കാന്‍ നടപടി സ്വീകരിക്കുമെന്നും  സി.ആര്‍ മഹേഷ് എം.എല്‍.എ പറഞ്ഞു.
  കോര്‍പ്പറേഷന്‍ പരിധിയില്‍ ജലജന്യ രോഗങ്ങള്‍ക്കെതിരെ ജാഗ്രത പുലര്‍ത്തുന്നതിന്റെ ഭാഗമായി ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരെയും ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരെ നിയോഗിച്ചിട്ടുണ്ടെന്ന് മേയര്‍ വ്യക്തമാക്കി.

  ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഏകോപിപ്പിക്കുന്നതിന്റെ ഭാഗമായി നിയോജകമണ്ഡല അടിസ്ഥാനത്തില്‍  പ്രത്യേക യോഗം ചേരും. ജില്ലയിലെ വിവിധ വിനോദസഞ്ചാര കേന്ദ്രങ്ങളിലെ സുരക്ഷ ഉറപ്പുവരുത്താനും യോഗം നിര്‍ദ്ദേശിച്ചു. നാശനഷ്ടം സംഭവിച്ച സ്ഥിതിവിവര കണക്കുകള്‍ പരിശോധിച്ച്  വേണ്ട നടപടികളില്‍ സ്വീകരിക്കുമെന്ന്  യോഗം വ്യക്തമാക്കി.

എം.മുകേഷ് എംഎല്‍എ, മേയര്‍  പ്രസന്ന ഏണസ്റ്റ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം കെ. ഡാനിയേല്‍, സിറ്റി പൊലിസ് കമ്മീഷണര്‍  മെറിന്‍് ജോസഫ്, എ. ഡി. എം. ആര്‍. ബീനാറാണി, വിവിധ വകുപ്പ് തല മേധാവികള്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
 

Tags