വിവിധ മേഖലകളില്‍ അടിയന്തര നടപടികള്‍ക്ക് ശിപാര്‍ശ ചെയ്ത് കൊല്ലം ജില്ലാ വികസന സമിതി

google news
afsana

കൊല്ലം : ദേശീയപാതയില്‍ കൊട്ടാരക്കര -ആയൂര്‍ - വാളകം മേഖലകള്‍ അപകടരഹിതമാക്കാന്‍ റൂറല്‍ പോലീസ് അടിയന്തര നടപടി സ്വീകരിക്കണമെന്ന് ജില്ലാ വികസന സമിതി യോഗം. കലക്ടര്‍ അഫ്സാന പര്‍വീണിന്റെ അധ്യക്ഷതയില്‍ ഓണ്‍ലൈനായാണ് യോഗം ചേര്‍ന്നത്.

ഇരവിപുരം റെയില്‍വേ മേല്‍പ്പാലത്തിന്റെ നിര്‍മ്മാണം വേഗത്തിലാക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് എം.നൗഷാദ് എം.എല്‍.എയുടെ പ്രതിനിധി പറഞ്ഞു. അതിര്‍ത്തി മേഖലകള്‍ കേന്ദ്രീകരിച്ച് ഭക്ഷ്യസുരക്ഷ സംബന്ധിച്ച പരിശോധനകള്‍ കര്‍ശനമാക്കണമെന്നും കെ. ബി.ഗണേഷ് കുമാര്‍ എം.എല്‍.എയുടെ പ്രതിനിധി ആവശ്യപ്പെട്ടു. പഴകിയ മീനുകള്‍ ഉള്‍പ്പെടെ അതിര്‍ത്തി കടന്ന് എത്തുന്നതിന് തടയിടണം.

തെ•ല കേന്ദ്രീകരിച്ച് താല്‍ക്കാലിക അഗ്‌നി രക്ഷാനിലയം വേണമെന്ന് പി.സുപാല്‍ എം.എല്‍.എയുടെ പ്രതിനിധി ആവശ്യമുയര്‍ത്തി. കുളത്തുപ്പുഴയിലെ ആര്‍. പി. എല്‍ ലയങ്ങളില്‍ അടിസ്ഥാനസൗകര്യം ഉറപ്പാക്കാന്‍ കലക്ടറുടെ ഇടപെടല്‍ ഉണ്ടാകണം. അച്ചന്‍കോവില്‍ പി. എച്ച്.സിയില്‍ കിടത്തി ചികിത്സ നടപ്പാക്കണം. മലയോര ഹൈവേയില്‍ അപകട ഭീഷണി ഉയര്‍ത്തുന്ന മേഖലകളില്‍ സംരക്ഷണഭിത്തി അടിയന്തരമായി നിര്‍മ്മിക്കണമെന്നും എംഎല്‍എയുടെ പ്രതിനിധി ആവശ്യപ്പെട്ടു.

മണ്ഡലത്തിലെ സ്‌കൂളുകളുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കാന്‍ നടപടി സ്വീകരിക്കണമെന്ന് ജി. എസ്. ജയലാല്‍ എം.എല്‍.എ. തകര്‍ന്ന റോഡുകളുടെ പുനര്‍നിര്‍മ്മാണം വേഗത്തിലാക്കാന്‍ കരാറുകാരുടെ യോഗം കലക്ടറുടെ നേതൃത്വത്തില്‍ വിളിക്കണമെന്ന് കോവൂര്‍ കുഞ്ഞുമോന്‍ എം.എല്‍.എ പറഞ്ഞു. ശാസ്താംകോട്ട പുതിയ മിനി സിവില്‍ സ്റ്റേഷന്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കണം.

മണ്‍ട്രോത്തുരുത്തിലെ കുടിവെള്ള പ്രശ്‌നത്തിന് പരിഹാരം കാണണം. അതിര്‍ത്തി പ്രദേശങ്ങളിലെ മത്സ്യ പരിശോധനയ്ക്ക് സ്ഥിരം സംവിധാനം, ചക്കുവള്ളി- പുതിയകാവ് റോഡ് നവീകരണത്തിന് ഇടപെടല്‍ വേണമെന്നും കൊടിക്കുന്നില്‍ സുരേഷ് എം.പിയുടെ പ്രതിനിധി എബ്രഹാം സാമുവല്‍ ആവശ്യപ്പെട്ടു.

ദേശീയപാത വികസനത്തിന്റെ ഭാഗമായി കരുനാഗപ്പള്ളി സര്‍ക്കാര്‍ മോഡല്‍ ഹൈസ്‌കൂളില്‍ പകരം സംവിധാനം ഒരുക്കണമെന്ന് സി.ആര്‍ മഹേഷ് എം.എല്‍.എ ആവശ്യപ്പെട്ടു. കന്നേറ്റി കായലിലെ ശ്രീനാരായണ ട്രോഫി വള്ളംകളി ചാമ്പ്യന്‍സ് ലീഗില്‍ ഉള്‍പ്പെടുത്തണം. കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയില്‍ ബ്ലഡ് ബാങ്ക് അനുവദിക്കണമെന്നും എം.എല്‍.എ ആവശ്യപ്പെട്ടു.

സ്വകാര്യ ബസ്സുകള്‍ കുറഞ്ഞ ആയൂര്‍ -കൊട്ടിയം റൂട്ടിലെ കണ്‍സഷന്‍ പുനസ്ഥാപിക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം. കെ.ഡാനിയല്‍ ആവശ്യപ്പെട്ടു. ആയിരവല്ലി ക്ഷേത്രത്തിനടുത്തുള്ള പാറ ഖനനം നിര്‍ത്തലാക്കാനുള്ള നടപടി സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.എ.ഡി.എം ആര്‍. ബീനറാണി, ജില്ലാ പ്ലാനിങ് ഓഫീസര്‍ പി. ജെ. ആമിന വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Tags