ലോക ആത്മഹത്യാ പ്രതിരോധ ദിനം; കാസർകോട് ജില്ലാ തല ഉദ്ഘാടനം നടത്തി
ലോക ആത്മഹത്യാ പ്രതിരോധ ദിനത്തിന്റെ ജില്ലാതല ഉദ്ഘാടനം കാഞ്ഞങ്ങാട് നഗരസഭ ആരോഗ്യ കാര്യസ്ഥിരം സമിതി അധ്യക്ഷ സരസ്വതി കെ വി നിര്‍വ്വഹിച്ചു. ദേശീയാരോഗ്യ ദൗത്യം കോണ്‍ഫെറന്‍സ് ഹാളില്‍ നടന്ന പരിപാടിയില്‍ കാഞ്ഞങ്ങാട് ജില്ലാശുപത്രി സൂപ്രണ്ട് ഡോ. എം.പി. ജീജ അധ്യക്ഷത വഹിച്ചു. ജില്ലാ മാനസികാരോഗ്യ വിഭാഗം നോഡല്‍ ഓഫീസര്‍ ഡോ. സണ്ണി മാത്യു ദിനചാരണ സന്ദേശം നല്‍കി.
ദിനാചരണത്തോടനുബന്ധിച്ച് എം.എല്‍എസ്.പി ജീവനക്കാര്‍, നേഴ്‌സിംഗ് വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ക്കായി 'മാനസികാരോഗ്യം: അവലോകനം' എന്ന വിഷയത്തില്‍ ബോധവല്‍ക്കരണ സെമിനാര്‍ നടത്തി. ഡി.എം. എച്ച്. പി. നോഡല്‍ ഓഫീസര്‍ ഡോ. സണ്ണി മാത്യു, 'ആത്മഹത്യയും പ്രതിരോധ പ്രവര്‍ത്തനങ്ങളും 'എന്ന വിഷയത്തിലും ജനറല്‍ ആശുപത്രി മനോരോഗവിദഗ്ധന്‍ ഡോ. ശ്രീജിത്ത് കൃഷ്ണന്‍, 'ബേസിക്ക് കൗണ്‍സിലിംഗ് സ്‌ക്കില്‍സ് ' എന്ന വിഷയത്തിലും കാഞ്ഞങ്ങാട് ജില്ലാശു പത്രി ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് ആല്‍ബിന്‍ എല്‍ദോസ് ,'ആത്മഹത്യ പ്രതിരോധത്തില്‍ സമൂഹത്തിന്റെ പങ്ക് ' എന്ന വിഷയത്തിലും ക്ലാസെടുത്തു. സൈക്യാട്രിക്ക് സോഷ്യല്‍ വര്‍ക്കര്‍ റിന്‍സ് മാണി ക്ലാസെടുത്തു.
പരിപാടിയുടെ ഭാഗമായി ഡെപ്യുട്ടി ജില്ലാ എജുക്കേഷന്‍ ആന്‍ഡ് മീഡിയ ഓഫീസര്‍ സയന എസ്, സ്‌ക്കൂള്‍ മെന്റല്‍ ഹെല്‍ത്ത് പ്രോജക്ട് ഓഫീസര്‍ ഹര്‍ഷ ടി.കെ, നാഷണല്‍ മെന്റല്‍ ഹെല്‍ത്ത് പ്രോഗ്രാം കൗണ്‍സിലര്‍ മാരായ എ.അശ്വതി, വി.വി സജിന, അഡോളസന്റ് ഹെല്‍ത്ത് കൗണ്‍സിലര്‍ പ്രതീഷ് മോന്‍, കോമ്പ്രി ഹെന്‍സീവ് മെന്റല്‍ ഹെല്‍ത്ത് പ്രോജക്ട് ഓഫീസര്‍ പ്രജിത്ത് എന്നിവര്‍ പങ്കെടുത്തു. ജില്ലാ മെഡിക്കല്‍ ഓഫീസ് (ആരോഗ്യം), ദേശീയ ആരോഗ്യ ദൗത്യം, ജില്ലാ മാനസികാരോഗ്യ പരിപാടി എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.
ലോകാരോഗ്യ സംഘടനയുമായി സഹകരിച്ച് ഇന്റര്‍നാഷണല്‍ അസോസിയേഷന്‍ ഫോര്‍ സൂയിസൈഡ് പ്രിവന്‍ഷന്റെ നേതൃത്വത്തില്‍, 2003 മുതല്‍ എല്ലാ വര്‍ഷവും സെപ്റ്റംബര്‍ 10 ലോക ആത്മഹത്യാ വിരുദ്ധ ദിനമായി ആചരിക്കുന്നു. ആത്മഹത്യയിലൂടെ ആളുകള്‍ മരിക്കുന്നത് തടയുന്നതിനുള്ള വിവിധ മാര്‍ഗങ്ങളെയും നടപടികളെയും കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനാണ് ഈ ദിനം ആചരിക്കുന്നത്. പ്രതിവര്‍ഷം ഏഴ് ലക്ഷത്തിലധികം ആളുകള്‍ ആത്മഹത്യ ചെയ്യുന്നുണ്ടെന്ന് ലോകാരോഗ്യ സംഘടന ചൂണ്ടിക്കാട്ടുന്നു. ഈ മരണങ്ങള്‍ അവരുടെ സുഹൃത്തുക്കളെയും കുടുംബാംഗങ്ങളെയും ആഴത്തില്‍ ബാധിക്കുന്നു.
ആത്മഹത്യ തടയുന്നതിനും മാനസികാരോഗ്യത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനുമുള്ള വഴികളിലും പ്രവര്‍ത്തനങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കുക എന്നതാണ് ലോക ആത്മഹത്യാ പ്രതിരോധ ദിനത്തിന്റെ ലക്ഷ്യം' ആത്മഹത്യയെ കുറിച്ചുള്ള കാഴ്ചപ്പാട് മാറ്റൂ. തുറന്നു സംസാരിക്കു' എന്നതാണ് ഈ വര്‍ഷത്തെ ദിനാചരണ സന്ദേശം. ഈ സന്ദേശത്തെ ആസ്പദമാക്കി ബോധവല്‍ക്കരണ പരിപാടികള്‍ ഉള്‍പ്പെടെ വിവിധ പരിപാടികള്‍ സംഘടിപ്പിക്കുമെന്നു ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. എ വി രാംദാസ് അറിയിച്ചു.