ആലത്തൂരില്‍ പഠനമുറി പദ്ധതി: ആദ്യഗഡു വിതരണം ചെയ്തു

sdh

പാലക്കാട് :  ആലത്തൂര്‍ ബ്ലോക്ക് പഞ്ചായത്തും പട്ടികജാതി വികസന വകുപ്പും സംയുക്തമായി നടപ്പിലാക്കുന്ന പഠനമുറി പദ്ധതിയുടെ ആദ്യ ഗഡു വിതരണം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടത്തുന്ന വനിതാ പഠന മുറിയില്‍ ബ്ലോക്ക് പഞ്ചായത്തിന് കീഴിലെ എട്ടു പഞ്ചായത്തുകളിലായി 10 പേര്‍ക്ക് 20 ലക്ഷം രൂപയും പട്ടികജാതി വികസന വകുപ്പിന്റെ പദ്ധതിയില്‍ 52 പേര്‍ക്ക് 1.04 കോടി രൂപയുമാണ് ആനുകൂല്യമായി നല്‍കുന്നത്. വനിതാ പഠന മുറിയ്ക്ക് 50,000 രൂപയും പട്ടികജാതി വികസന വകുപ്പ് 30,000 രൂപയുമാണ് ആദ്യ ഘഡുവായി നല്‍കിയത്. രണ്ട് ലക്ഷം രൂപ നാല് ഗഡുക്കളായി വിതരണം ചെയ്യും.


ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടന്ന പരിപാടി ആലത്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രജനി ബാബു ഉദ്ഘാടനം ചെയ്തു. ആലത്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.സി ബിനു അധ്യക്ഷനായി. ആലത്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ വി.വി കുട്ടികൃഷ്ണന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം ജയകൃഷ്ണന്‍, പുഷ്പലത, ആലത്തൂര്‍ ബ്ലോക്ക് പട്ടികജാതി വികസന ഓഫീസര്‍ എ. അരുള്‍കുമാര്‍, ജോയിന്റ് ബി.ഡി.ഒ രഗീഷ്, ദിനേശ് തുടങ്ങിയവര്‍ പങ്കെടുത്തു.

Tags