കാസർകോട് ജില്ലയിലെ സ്‌കൂളുകളും കോളേജുകളും ജൂണ്‍ അഞ്ചിന് സീറോ വേസ്റ്റ് ക്യാമ്പസുകളാകും

google news
dfh


കാസർകോട് : ജൂണ്‍ അഞ്ചിനകം സ്‌കൂളുകള്‍ സീറോ വേസ്റ്റ് ക്യാമ്പസുകളാകും. അജൈവമാലിന്യങ്ങള്‍ സംസ്‌കരിക്കാന്‍ സ്‌കൂളുകളില്‍ മിനി എം.സി.എഫ് സ്ഥാപിക്കും. ഓരോ കെട്ടിടത്തിലും അജൈവമാലിന്യങ്ങള്‍ തരംതിരിക്കാന്‍ ബിന്നുകള്‍ സ്ഥാപിക്കും. ജൈവമാലിന്യങ്ങള്‍ സ്‌കൂളിലെ കൃഷി ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കും. വിദ്യാര്‍ത്ഥികള്‍, പി.ടി.എ സ്‌കൂള്‍ മാനേജ്മെന്റ് കമ്മിറ്റി, വിവിധ ക്ലബ്ബുകള്‍ എന്നിവയുടെ സംയുക്ത പ്രവര്‍ത്തനത്തോടെ സ്‌കൂള്‍ പ്രദേശത്ത് മാലിന്യ സംസ്‌കരണം ഉറപ്പാക്കാനായി ജനകീയ വിദ്യാഭ്യാസ പരിപാടി നടത്തും. പെണ്‍കുട്ടികളുള്ള എല്ലാ സ്‌കൂളുകളിലും നാപ്കിന്‍ വെന്‍ഡിങ് മെഷീന്‍ നിര്‍ബന്ധമാക്കും. അവ സംസ്‌ക്കരിക്കാനുള്ള സംവിധാനവും ഉറപ്പാക്കും. എന്‍.എസ്.എസ്, എസ്.പി.സി, സ്‌കൗട്ട് വളണ്ടിയര്‍മാരും മാലിന്യ സംസ്‌കരണ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകും. കോളേജ് ക്യാമ്പസുകളിലും ജൂണ്‍ അഞ്ചിന് സീറോ വേസ്റ്റ് ക്യാമ്പസ് പ്രഖ്യാപനം നടക്കും. അങ്കണ്‍വാടികളിലും സ്‌കൂളുകളിലും വിദ്യാര്‍ത്ഥികളില്‍ മാലിന്യ സംസ്‌കരണത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും ശുചിത്വത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും അവബോധം നല്‍കും. കൗമാര ക്ലബ്ബുകളില്‍ ശാസ്ത്രീയ മാലിന്യ സംസ്‌കരണരീതി പരിശീലിപ്പിക്കും.

മാലിന്യ സംസ്‌ക്കരണവുമായി ബന്ധപ്പെട്ട സ്ഥലങ്ങളില്‍ ഫയര്‍ ഓഡിറ്റ് കാര്യക്ഷമമാക്കും. സ്‌ക്രാപ്പ് ഷോപ്പുകളിലും മാലിന്യസംഭരണ സംസ്‌കരണ പുന:ചംക്രമണ കേന്ദ്രങ്ങളില്‍ അഗ്‌നി സുരക്ഷാ സംവിധാനങ്ങള്‍ ഉറപ്പാക്കും. പൊതു ഇടങ്ങളില്‍ മാലിന്യം തള്ളുന്നതിനെതിരെ അഗ്‌നിസുരക്ഷയുടെ പേരില്‍ നിയമനടപടി സ്വീകരിക്കും. നിലവിലുള്ള മാലിന്യ ഡംമ്പ് സൈറ്റുകളില്‍ അഗ്‌നിസുരക്ഷ ഉറപ്പാക്കും. നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ ഉത്പാദിപ്പിക്കുന്ന സംരംഭങ്ങള്‍, വില്‍ക്കുന്ന വന്‍കിട വ്യാപാരികള്‍ എന്നിവരുടെ പേരില്‍ പരിസ്്ഥിതി വകുപ്പ് കര്‍ശന നടപടികള്‍ സ്വീകരിക്കും. എല്ലാ നീന്തല്‍ കുളങ്ങളിലും വെള്ളത്തിന്റെ വൃത്തി ഉറപ്പു വരുത്തും. സ്പോര്‍ട്സ് മീറ്റുകളില്‍ ഗ്രീന്‍ പ്രോട്ടോകോള്‍ പാലിക്കും.

മൃഗസംരക്ഷണ കേന്ദ്രങ്ങളിലെ മെഡിക്കല്‍ മാലിന്യങ്ങള്‍ ശാസ്ത്രീയ സംസ്‌കരണം നടത്താനുള്ള ക്രമീകരണങ്ങള്‍ നടത്തും. സര്‍ക്കാര്‍ ഫാമുകളിലെ അജൈവ മാലിന്യങ്ങള്‍ ശാസ്ത്രീയമായി സംസ്‌കരിക്കും. റവന്യൂ വകുപ്പ് എം.സി.എഫ്, ആര്‍.ആര്‍.എഫ്, ടെക്ക് എ ബ്രേക്ക്, എഫ്.എസ്.ടി.പി എന്നിവയ്ക്കായി ഭൂമി കണ്ടെത്തി നല്‍കും. സ്വകാര്യ നഴ്സറികളില്‍ ഉണ്ടാക്കുന്ന അജൈവ മാലിന്യങ്ങള്‍ ശാസ്ത്രീയമായി സംസ്‌കരിക്കുന്നുവെന്ന് കൃഷിവകുപ്പ് ഉറപ്പാക്കും. നടീല്‍ വസ്തുക്കള്‍ ഉത്പാദിപ്പിക്കാന്‍ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് കവറുകള്‍ക്ക് പകരം പ്രകൃതി സൗഹൃദ, പുനരുപയോഗ യോഗ്യമായവ പ്രോത്സാഹിപ്പിക്കും. കാലഹരണപ്പെട്ട കീടനാശിനികള്‍, രാസകീടനാശിനികള്‍ അതിന്റെ അവശിഷ്ടങ്ങള്‍ തുടങ്ങി അപകടകരമായ മാലിന്യങ്ങള്‍ ശാസ്ത്രീയമായി സംസ്‌കരിക്കാനുള്ള ക്രമീകരണമൊരുക്കും. എഫ്.എസ്.ടി.പി സ്ഥാപിച്ച് ലഭിക്കുന്ന വെള്ളവും വളവും കൃഷിക്ക് ഉപയോഗിക്കും.

എല്ലാ അയല്‍ക്കൂട്ടങ്ങളിലേയും അംഗങ്ങള്‍ അവരുടെ കുടുംബങ്ങളില്‍ മാലിന്യം തരംതിരിച്ച് ജൈവമാലിന്യം ഉറവിടത്തില്‍ തന്നെ സംസ്‌കരിക്കുന്നുവെന്ന് കുടുംബശ്രീ ഉറപ്പാക്കും. കുടുംബശ്രീക്ക് കീഴിലെ എല്ലാ മൈക്രോ സംരംഭങ്ങളിലും ഉത്പാദിപ്പിക്കപ്പെടുന്ന മാലിന്യം ശാസ്ത്രീയമായി തരംതിരിച്ച് സംസ്‌കരിക്കുന്നുവെന്ന് ഉറപ്പാക്കും. കുടുംബശ്രീ ബാലസഭകള്‍ വഴി മാലിന്യ സംസ്‌കരണത്തിന്റെ ആശയ പ്രചരണം സംഘടിപ്പിക്കും. വിവിധ വകുപ്പുകള്‍ പൊതുജനങ്ങള്‍ക്കും ബോധവത്ക്കരണ പരിപാടികള്‍ നടത്തും. ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങളില്‍ പ്രാഗല്‍ഭ്യം നേടിയ ആപതാ മിത്ര വളണ്ടിയര്‍മാരെയും ക്യാമ്പയിനിന്റെ ഭാഗമാക്കും. ആസൂത്രണ സമിതികളുടെ നേതൃത്വത്തില്‍ ജില്ലാ ശുചിത്വ പ്ലാന്‍ തയ്യാറാക്കും. ആരാധനാലയങ്ങളില്‍ ഹരിതചട്ടം ഉറപ്പാക്കും. എണ്ണക്കുപ്പികള്‍, പൂവ്, ചന്ദനത്തിരി പാക്കറ്റ്, മെഴുക് പോലുള്ളവ തരംതിരിച്ച് സമാഹരിക്കുന്നതിനും സംസ്‌കരിക്കുന്നതിനും ദേവസ്വം വകുപ്പ് സംവിധാനമുണ്ടാക്കും. ശുചിമുറി സൗകര്യവും സെപ്റ്റേജ് സംവിധാനവും ഉറപ്പാക്കും.

യോഗത്തില്‍ വനിതാ ശിശുവികസന ഓഫീസര്‍ വി.എസ്.ഷിംന, ജില്ലാ സപ്ലൈ ഓഫീസര്‍ എ.സജാദ്, ജില്ലാ ലേബര്‍ ഓഫീസര്‍ അവിനാശ് സുന്ദര്‍, വ്യവസായ കേന്ദ്രം മാനേജര്‍ ആര്‍.രേഖ, വിദ്യാഭ്യാസ വകുപ്പ് അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ് ബി.സുരേന്ദ്രന്‍, എക്സൈസ് ഇന്‍സ്പെക്ടര്‍ പി.ആര്‍.അനുകുമാര്‍, സെക്രട്ടറി ഡി.എം.ഒ ആരോഗ്യം ടെക്നിക്കല്‍ അസിസ്റ്റന്റ് ടി.വി.ദാമോദരന്‍, സെക്രട്ടറിമാരായ കെ.ഹരീഷ്, പി.ഗീതാകുമാരി, കെ.പ്രമീള, എ.ഡി.പി.ഒ റിജു മാത്യു, കെ.എസ്.ആര്‍.ടിസി ഇന്‍സ്പെക്ടര്‍ എസ്.രാജു, മലബാര്‍ ദേവസ്വം ബോര്‍ഡ് ഇന്‍സ്പെക്ടര്‍ എച്ച്.ഉമേശ, ഹസാര്‍ഡ് അനലിസ്റ്റ് പി.എന്‍.അശ്വതി കൃഷ്ണന്‍, തുടങ്ങിയവര്‍ പങ്കെടുത്തു.

Tags