' സര്‍ഗ്ഗ സാഹിതി ' വിദ്യാര്‍ത്ഥികള്‍ക്കുള്ള സാഹിത്യ ക്യാമ്പിന് തുടക്കമായി

dsh

കാസർകോട് :  വിദ്യാര്‍ത്ഥികളില്‍ സാഹിത്യാഭിരുചി പരിപോഷിക്കുന്നതിനായി കാഞ്ഞങ്ങാട് നഗരസഭ 2023-24 വര്‍ഷത്തെ ജനകീയാസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി സംഘടിപ്പിക്കുന്ന സാഹിത്യ ക്യാമ്പ് (സര്‍ഗ്ഗ സാഹിതി ) കാഞ്ഞങ്ങാട് പി.സ്മാരക മന്ദിരത്തില്‍ തുടങ്ങി. നഗരസഭാ ചെയര്‍പേഴ്‌സണ്‍ കെ.വി.സുജാത ഉദ്ഘാടനം ചെയ്തു. നഗരസഭാ കൗണ്‍സിലര്‍ കുസുമ ഹെഗ്‌ഡെ അദ്ധ്യക്ഷത വഹിച്ചു. ക്യാമ്പ് ഡയറക്ടര്‍ ഡോ.കെ.വി.സജീവന്‍ ക്യാമ്പിനെക്കുറിച്ച് വിശദീകരിച്ചു. നഗരസഭയുടെ വിദ്യാഭ്യാസ പദ്ധതികളുടെ നിര്‍വ്വഹണ ഉദ്യോഗസ്ഥന്‍ ഡോ.എ.വി.സുരേഷ്ബാബു, എം.ഇ.സി.സെക്രട്ടറി ടി.മൊയ്തു മാസ്റ്റര്‍, നഗരസഭാ ലൈബ്രേറിയന്‍ പി.വി.രഘുനാഥന്‍ എന്നിവര്‍ സംസാരിച്ചു. എഴുത്തുകാരായ ഡോ.അംബികാസുതന്‍ മാങ്ങാട്, സുറാബ്, ഇ.പി.രാജഗോപാലന്‍, ബിന്ദു മരങ്ങാട് എന്നിവര്‍ വിദ്യാര്‍ത്ഥികളുമായി സംവദിച്ചു. വടക്കന്‍ പെരുമ എന്ന സെഷനില്‍ വടക്കന്‍ കേരളത്തെ ചരിത്രത്തില്‍ അടയാളപ്പെടുത്തിയവരെ പരിചയപ്പെടുത്തി.

ഇന്ന് (ഡിസംബര്‍ 30) ഡോ.പി.കെ.ഭാഗ്യലക്ഷമി, സ്മിത ഭരത്, ദിവാകരന്‍ വിഷ്ണുമംഗലം, സി.എം.വിനയചന്ദ്രന്‍, ഡോ.സന്തോഷ് പനയാല്‍ എന്നിവര്‍ പങ്കെടുക്കും. വൈകീട്ട് 4.30ന് സമാപന പരിപാടിയില്‍ കേന്ദ്ര സാഹിത്യ അക്കാദമി ഉപദേശക സമിതി അംഗം ഡോ.എ.എം.ശ്രീധരന്‍ മുഖ്യാതിഥിയായിരിക്കുമെന്ന് ക്യാമ്പ് ഡയറക്ടര്‍ ഡോ.കെ.വി.സജീവന്‍ അറിയിച്ചു. സാഹിത്യ ക്യാമ്പിന് മുന്നോടിയായി നഗരസഭയിലെ 50 വിദ്യാര്‍ത്ഥികളെ പങ്കെടുപ്പിച്ച് മൂന്ന് ദിവസങ്ങളിലായി ബേഡഡുക്ക പഞ്ചായത്തിലെ പൊലിയം തുരുത്തില്‍ സഹവാസ ക്യാമ്പ് നടത്തിയിരുന്നു. മൂന്ന് ദിവസങ്ങളിലായി നടന്ന ക്യാമ്പില്‍ പക്ഷിനിരീക്ഷണം, സസ്യ വൈവിധ്യ പഠനം, ഔഷധ സസ്യങ്ങളുടെ പഠനം, ആഹാരശൃംഖലാ പ്രവര്‍ത്തനം, വനയാത്ര, നാടന്‍ പാട്ടും കളികളും, അധിനിവേശ സസ്യങ്ങളുടെ പഠനം, സ്ലൈഡ് പ്രദര്‍ശനം തുടങ്ങിയ വിവിധ പ്രവര്‍ത്തനങ്ങള്‍ നടത്തി. പഠനത്തിന്റെ ഭാഗമായി വിദ്യാര്‍ത്ഥികള്‍ 75 ഓളം പക്ഷികളെ തിരിച്ചറിഞ്ഞു.

Tags