വനങ്ങളിലെ നീരുറവകള്‍ സംരക്ഷിക്കും: കാസര്‍കോട് ജില്ലാ കളക്ടര്‍

RANIPURAM NEERURAVA

കാസര്‍കോട് :  കാസര്‍കോട് ജില്ലയിലെ വന മേഖലയിലെ നീരുറവകള്‍ കണ്ടെത്തി സംരക്ഷിക്കുന്നതിന് ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസറിന് ജില്ലാ കളക്ടര്‍ കെ.ഇമ്പശേഖര്‍ നിര്‍ദ്ദേശം നല്‍കി. ഇതിനകം ഒന്‍പത് നീരുറവകള്‍ കണ്ടെത്തിയതായി ഡി.എഫ്.ഒ കെ.അഷറഫ് പറഞ്ഞു. കൂടുതല്‍ നീരുറവകള്‍ കണ്ടെത്തുന്നതിന് വനം മേഖലയില്‍ പരിശോധന നടത്തി വരുന്നു. അവയുടെ സംരക്ഷ ചുമതല വനം വകുപ്പിനാണെന്നും നീരുറവകളുടെ പേരുകളും സ്ഥല നാമവും മറ്റ് വിവരങ്ങളും ചേര്‍ത്ത് ബോര്‍ഡ് സ്ഥാപിച്ച് സംരക്ഷിക്കണമെന്നും ജില്ലാ കളക്ടര്‍ കെ.ഇമ്പശേഖര്‍ പറഞ്ഞു. കാസര്‍കോട് ജില്ലയിലെ വന പ്രദേശത്ത് നിന്നും ഉത്ഭവിക്കുന്നതായി കണ്ടെത്തിയ ഒന്‍പത് നീരുറവകള്‍ ജില്ലയുടെ ജല സമ്പത്ത് വര്‍ധിക്കുന്നതിനും പരിപോഷിപ്പിക്കുന്നതിനുമായി അടയാളപ്പെടുത്തി കൂടുതല്‍ നീരുറവകള്‍ കണ്ടെത്തി സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ നടത്തണമെന്ന് അദ്ദേഹം പറഞ്ഞു. ജില്ലാ കളക്ടറുടെ ചേമ്പറില്‍ ചേര്‍ന്ന ജലശക്തി അഭിയാന്‍ അവലോകന യോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു ജില്ലാ കളക്ടര്‍.

റാണി പുരം, പാണ്ടി, വണ്ണാര്‍ക്കയം, ബെഡൂര്‍, മഞ്ചടുക്കം, ആലത്തുംകടവ്, പരിയാരം, കൊട്ടിയാടി, കോട്ടഞ്ചേരി എന്നീ ഒന്‍പത് നീരുറവകളാണ് ജില്ലയുടെ വന പ്രദേശത്ത് നിന്ന് ഉത്ഭവിക്കുന്നതായി കണ്ടെത്തി പോര്‍ട്ടിലില്‍ ചേര്‍ത്തതെന്ന് ഡി.എഫ്.ഒ പറഞ്ഞു.

ജല സംരക്ഷണവുമായി ബന്ധപ്പെട്ട് വിവിധ വകുപ്പുകളുടെ സഹകരണത്തോടെ ജില്ലയില്‍ വിപുലമായ പരിപാടികളാണ് നടന്നു വരുന്നത്. യോഗത്തില്‍ ഭാവി പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്തു. ഫെബ്രുവരി രണ്ട് തണ്ണീര്‍ത്തട ദിനത്തില്‍ ബംബ്രാണ വയലില്‍ ജല സംരക്ഷണ ബോധവത്ക്കരണ പരിപാടി സംഘടിപ്പിക്കുമെന്ന് കളക്ടര്‍ പറഞ്ഞു.

കാര്‍ബണ്‍ ടേഡിംഗുമായി ബന്ധപ്പെട്ട  സി.പി.സി.ആര്‍.ഐയുടെ നേതൃത്വത്തില്‍ മരങ്ങള്‍ നട്ടു പിടിപ്പിക്കുന്ന പ്രവര്‍ത്തനങ്ങളുടെ ഡോക്യുമെന്റേഷന്‍ സംബന്ധിച്ച് ഫെബ്രുവരിയില്‍ സെമിനാര്‍ സംഘടപ്പിക്കും. ചേനക്കോട്, കുണ്ട, പാടി പാടശേഖരങ്ങള്‍ ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ സന്ദര്‍ശിച്ച് ജലസേചനത്തിന് ആവശ്യമായ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്ത് നടത്തി വരികയാണ്. മൈനര്‍ ഇറിഗേഷനും ഗ്രാമപഞ്ചായത്തുകളും ചേര്‍ന്ന് പാടശേഖരങ്ങളില്‍ ചെറു തടയണകള്‍ നിര്‍മ്മിക്കും. പടന്ന പഞ്ചായത്തിലെ കാപ്പുകുളം ജില്ലാ പഞ്ചായത്തിന്റെ സഹകരണത്തോടെ മണ്ണ് സംരക്ഷണ വകുപ്പിന്റെ നേതൃത്വത്തില്‍ നവീകരിക്കും.

ജലശക്തി അഭിയാന്‍ ദേശീയ ഹരിത സേന തണ്ണീര്‍ത്തട ദിനത്തോടനുബന്ധിച്ച് വിവിധ മത്സരങ്ങള്‍ സംഘടിപ്പിക്കും. നെഹ്രു യുവ കേന്ദ്രയും സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡും സംയുക്തമായി തദ്ദേശ സ്ഥാപനങ്ങളില്‍ നട്ട ചെടികളുടെ പരിപാലനം ഉറപ്പാക്കും. ഫബ്രുവരിയോടെ ജില്ലയിലെ മുഴുവന്‍ തദ്ദേശ സ്ഥാപനങ്ങളിലേയും പ്രധാന പാടശേഖരങ്ങള്‍  സന്ദര്‍ശിച്ച് ആവശ്യമായ നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് നടപടി സ്വീകരിക്കുമെന്ന് കളക്ടര്‍ പറഞ്ഞു.

യോഗത്തില്‍ സി.പി.സി.ആര്‍.ഐ കൃഷി വിജ്ഞാന്‍ കേന്ദ്ര ഹെഡ് ഡോ.ടി.എസ്.മനോജ്കുമാര്‍, മൈനര്‍ ഇറിഗേഷന്‍ എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ പി.ടി.സഞ്ജീവ്, കൃഷി വകുപ്പ് ഡപ്യൂട്ടി ഡയറക്ടര്‍ വിഷ്ണു എസ്. നായര്‍, എല്‍.എസ്ജി.ഡി അസിസ്റ്റന്റ് ഡയറക്ടര്‍ ടി.വി.സുഭാഷ്, ഡി.എഫ്.ഒ കെ.അഷറഫ്, ഡി.ഐ.ഒ (എന്‍.ഐ.സി) കെ.ലീന, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം.മധുസൂദനന്‍, ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസര്‍ പി.സി.ഷിലാസ്, എന്‍.വൈ.കെ ജില്ലാ യൂത്ത് ഓഫീസര്‍ പി.അഖില്‍, എം.ജി.എന്‍.ആര്‍.ഇ.ജി.എ ജില്ലാ എഞ്ചിനീയര്‍ കെ.വിദ്യ, കെ.എസ്.ബി.ബി ജില്ലാ കോ ഓഡിനേറ്റര്‍ വി.എം.അഖില, ജൂനിയര്‍ ഹൈഡ്രോ ജിയോളജിസ്റ്റ് നിമ്മി, ഗ്രൗണ്ട് വാട്ടര്‍ സീനിയര്‍ ക്ലാര്‍ക്ക് മനോജ് കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
 

Tags