നിര്‍മ്മാല്യം മതേതര മനസ്സുകളുടെ വിളംബരമായ ചലച്ചിത്രം: പി എന്‍ ഗോപീകൃഷ്ണന്

google news
SSS

കാസർഗോഡ് : യാതൊരുവിധ അപസ്വരങ്ങളും ഇല്ലാതെ കഴിഞ്ഞ അമ്പത് വര്‍ഷമായി പ്രദര്‍ശിപ്പിച്ചുവരുന്ന ചലച്ചിത്രമാണ് നിര്‍മ്മാല്യമെന്ന് പ്രസിദ്ധ കവിയും എഴുത്തുകാരനുമായ പി. എന്‍.ഗോപീകൃഷ്ണന്‍ അഭിപ്രായപ്പെട്ടു. നിര്‍മ്മാല്യത്തിന്റെ സംവിധായകനും കഥാകൃത്തുമായ എം.ടി. വാസുദേവന്‍ നായരോട് സാഹിത്യ, ചലച്ചിത്ര ലോകം എക്കാലവും കടപ്പെട്ടിരിക്കുന്നു എന്നും അദ്ദേഹം വ്യക്തമാക്കി. ദാരിദ്ര്യത്തിന്റേയും കഷ്ടപ്പാടിന്റേയും തീക്ഷ്ണമായ കഥാതന്തു തന്റെ കഥാപാത്രമായ വെളിച്ചപ്പാടിലൂടെ അവതരിപ്പിച്ചത് ഇന്നു തിരിഞ്ഞുനോക്കുമ്പോള്‍ പലരീതിയില്‍ ചര്‍ച്ചചെയ്‌തേക്കാമെന്നു തോന്നാമെങ്കിലും ഇന്ത്യയുടെ മതേതര മനസ്സ് നെഞ്ചേറ്റിയ ചലച്ചിത്രം തന്നെയാണ് പുരസ്‌കാരങ്ങള്‍ അനവധി കരസ്ഥമാക്കിയ നിര്‍മ്മാല്യം.

കാസര്‍കോട് ഫിലിം സൊസൈറ്റി, അസാപ് കാസര്‍കോട്, ഫ്രാക് കള്‍ച്ചറല്‍ ഫോറം കാസര്‍കോടന്‍ കൂട്ടായ്മ എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച 'നിര്‍മ്മാല്യത്തിന്റെ 50 വര്‍ഷം എം.ടിയുടെ 'നവതി' എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു ശ്രീ. ഗോപീകൃഷ്ണന്‍. എം.ടിയോടൊപ്പം ദീര്‍ഘകാലം ചിലവഴിച്ച പ്രശസ്ത കാര്‍ട്ടൂണിസ്റ്റും കഥാകാരനുമായ കെ.എ.ഗഫൂര്‍ എം.ടിയ്ക്ക് ആദരമര്‍പ്പിച്ചു സംസാരിച്ചു. എം.ടി. നല്‍കിയ പ്രോത്സാഹനങ്ങളും സ്‌നേഹവായ്പും അദ്ദേഹം വിവരിച്ചു. ഓടക്കുഴല്‍ അവാര്‍ഡ് നേടിയ കവി പി.എന്‍. ഗോപീകൃഷ്ണനെ അനുമോദിച്ചുകൊണ്ട് ടി.കെ. ഉമ്മര്‍ സംസാരിച്ചു. എം.ടിയുടെ പള്ളിവാളും കാല്‍ച്ചിലമ്പും എന്ന കഥയെ ആസ്പദമാക്കി കെ.പി. ശശികുമാറിന്റെ ഏകാഭിനയവുമുണ്ടായിരുന്നു.

കാസര്‍കോട് ഫിലിം സൊസൈറ്റി പ്രസിഡണ്ട് ജി.ബി. വത്സന്‍ ആമുഖ ഭാഷണം നടത്തി. ഫ്രാക് ജനറല്‍ സെക്രട്ടറി എം. പത്മാക്ഷന്‍ സംസാരിച്ചു.
തുടര്‍ന്ന് നിര്‍മ്മാല്യം ചലച്ചിത്ര പ്രദര്‍ശനം നടത്തി. ഓടക്കുഴല്‍ അവാര്‍ഡ് ജേതാവിന് സംഘാടക സമിതിയുടെ പ്രത്യേക ഉപഹാരം ജി.ബി. വത്സന്‍ നല്‍കി.രണ്ടാംദിവസം പി.എന്‍. ഗോപീകൃഷ്ണന്‍ എഴുതിയ പഠനഗ്രന്ഥം 'ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ കഥ'യെ പ്രതിപാദിച്ചുകൊണ്ട് പാനല്‍ ചര്‍ച്ച സംഘടിപ്പിച്ചു.

ഇ.പത്മാവതി, റഫീഖ് ഇബ്രാഹിം, കെ.വി.മണികണ്ഠദാസ്, കെ.വി.ഗോവിന്ദന്‍, അബു ത്വാഇ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു സംസാരിച്ചു. കാസര്‍കോട് ഫിലിം സൊസൈറ്റി സെക്രട്ടറി സുബിന്‍ ജോസ് മോഡറേറ്ററായിരുന്നു.
പി.എന്‍. ഗോപീകൃഷ്ണന്‍ തന്റെ പുസ്തകരചനയ്ക്ക് എടുത്ത കാലദൈര്‍ഘ്യവും എഴുത്തനുഭവങ്ങളും പങ്കുവെച്ച് സംസാരിച്ചു. ജി.ബി. വത്സന്‍ സംസാരിച്ചു.പി. പ്രേമചന്ദ്രന്‍ ഇറാനിയന്‍ സംവിധായകനായ ഒരിയൂഷ് മെഹ്രൂയിയെ അനുസ്മരിച്ച് സംസാരിച്ചു. രചന അബ്ബാസ് നന്ദി പ്രകാശിപ്പിച്ചു.തുടര്‍ന്ന് ദരിയൂഷ് മെഹ്രൂയിയുടെ 'ദ കൗ' എന്ന പ്രശസ്ത ചലച്ചിത്രം പ്രദര്‍ശിപ്പിച്ചു.
 

Tags