ദേശീയ ഡെങ്കിപ്പനി ദിനം ആചരിച്ചു

google news
ssss

കാസറഗോഡ് : മെയ് 16  ദേശീയ ഡെങ്കിപ്പനി ദിനാചരണത്തിന്റെ  ഭാഗമായി ജില്ലാ മെഡിക്കല്‍ ഓഫീസും ദേശീയ ആരോഗ്യ ദൗത്യവും ജില്ലാ വെക്ടര്‍ കണ്ട്രോള്‍ യൂണിറ്റും സംയുക്തമായി ജില്ലാതല പരിപാടികള്‍ സംഘടിപ്പിച്ചു. തച്ചങ്ങാട് ഗവ ഹൈസ്‌കൂളില്‍ സംഘടിപ്പിച്ച ജില്ലാതല പരിപാടി ഡെപ്യൂട്ടി ജില്ലാ മെഡിക്കല്‍ ഓഫീസര്‍  (ആരോഗ്യം) ഡോ കെ.സന്തോഷ്  ഉദ്ഘാടനം ചെയ്തു. പെരിയ ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ.ഡി.ജി രമേഷ് അദ്ധ്യക്ഷത വഹിച്ചു.

ഡെപ്യൂട്ടി  ജില്ലാ എഡ്യൂക്കേഷന്‍ ആന്‍ഡ് മീഡിയ ഓഫീസര്‍ എന്‍.പി പ്രശാന്ത്, ടെക്നിക്കല്‍ അസിസ്റ്റന്റ് എ.രാഘവന്‍, ജില്ലാ വെക്ടര്‍ബോണ്‍ ഡിസീസ് കണ്ട്രോള്‍ ഓഫീസര്‍  എം. വേണുഗോപാല്‍,  തച്ചങ്ങാട് ഗവ.സ്‌കൂള്‍ ഹെഡ് മാസ്റ്റര്‍  കെ.എം ഈശ്വരന്‍, പി.ടി.എ  പ്രസിഡണ്ട് ടി.വി നാരായണന്‍ എന്നിവര്‍ സംസാരിച്ചു. പെരിയ ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രം ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ എം.ചന്ദ്രന്‍  സ്വാഗതവും ഡെപ്യൂട്ടി ഡിസ്ട്രിക്ട്  എഡ്യൂക്കേഷന്‍ ആന്‍ഡ് മീഡിയ ഓഫീസര്‍ എസ്. സയന നന്ദിയും പറഞ്ഞു.  

പള്ളിക്കര കുടുംബാരോഗ്യ കേന്ദ്രം ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ പി.സജീവന്‍ പഞ്ചായത്ത് തല ഉറവിട നശീകരണ ക്യാമ്പയിന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. തുടര്‍ന്ന് എസ്.പി.സി, എന്‍.എസ്.എസ് വിദ്യാര്‍ത്ഥികള്‍ക്കായി നടന്ന ബോധവത്കരണ സെമിനാറില്‍ ജില്ലാ വെക്ടര്‍ കണ്ട്രോള്‍ യൂണിറ്റിലെ  ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ സതീഷ് കുമാര്‍  കൊതുകുജന്യ രോഗങ്ങളെ സംബന്ധിച്ച് ക്ലാസ് എടുത്തു.  ഇന്‍സെക്റ്റ് കളക്ടര്‍  എം. സുനില്‍ കുമാര്‍  പ്രശ്‌നോത്തരി നടത്തി. 'സാമൂഹ്യ പങ്കാളിത്തത്തോടെ ഡെങ്കിപ്പനിയെ നിയന്ത്രിക്കാം എന്ന ഈ വര്‍ഷത്തെ  ഡെങ്കിപ്പനിദിന  സന്ദേശം ഉള്‍കൊണ്ടുകൊണ്ട് എസ്.പി.സി , എന്‍.എസ്.എസ് വിദ്യാര്‍ത്ഥികള്‍, ആശാ പ്രവര്‍ത്തകര്‍, കുടുംബശ്രീ അംഗങ്ങള്‍, മറ്റു  ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവരുടെ സഹകരണത്തോടെ ഉറവിടനശീകണ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിച്ചു.

കാസര്‍കോട് ജില്ലാ വെക്ടര്‍ കണ്‍ട്രോള്‍ യൂണിറ്റിന്റെ നേതൃത്വത്തില്‍ കൊതുകുജന്യ രോഗങ്ങള്‍ക്കെതിരെ ബോധവത്കരണ പ്രദര്‍ശനവും നടത്തി. മഴക്കാലരോഗ മുന്നൊരുക്ക പ്രവര്‍ത്തനങ്ങളുടെ ഭാഗമായി  ബോധവത്കരണ പ്രവര്‍ത്തനങ്ങളും ഫീല്‍ഡ് തല ഉറവിടനശീകരണ പ്രവര്‍ത്തികളും ഊര്‍ജ്ജിതപെടുത്തുമെന്നും ഇതിനായി എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും പൊതുജനങ്ങളുടെയും  സഹകരണം ഉണ്ടാകണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ എ.വി രാംദാസ് അറിയിച്ചു.

Tags