ക്യാന്‍സര്‍ രോഗികള്‍ക്ക് ആശ്വാസം പകരാന്‍ കെ.എസ്.സ്വര്‍ണ


കാസർഗോഡ് : ക്യാന്‍സര്‍ രോഗികള്‍ക്ക് ആശ്വാസം പകരാന്‍ തന്റെ നീണ്ട തലമുടി നല്‍കി മാതൃകയാകുകയാണ് കെ.എസ്.സ്വര്‍ണ. കാസര്‍കോട് ഗവ.കോളേജിലെ ബി.എ ഇംഗ്ലീഷ് വിഭാഗം മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥിനിയാണ്. കാസര്‍കോട് ഗേള്‍സ് പോസ്റ്റ്‌മെട്രിക്‌സ് ഹോസ്റ്റലിലെ തമാസക്കാരി കൂടിയാണ് സ്വര്‍ണ. ലോക കാന്‍സര്‍ ദിനത്തിന്റെ ഭാഗമായാണ് സ്വര്‍ണ തന്റെ നീണ്ട മുടി ക്യാന്‍സര്‍ രോഗികള്‍ക്കായി നല്‍കിയത്. അവയവദാനം പോലെതന്നെ മഹത്തരമായ സന്ദേശമാണ് കേശദാനവും നല്‍കുന്നത്.
കാന്‍സര്‍ രോഗികള്‍ കീമോതെറാപ്പിക്ക് വിധേയരാകുമ്പോള്‍ അവരുടെ മുടി കൊഴിയുന്നു. ഇത് രോഗികള്‍ക്ക് വലിയ മനോവിഷമത്തിനു കാരണമാകുന്നു. ഇത്തരം ഘട്ടത്തില്‍ കാന്‍സര്‍ രോഗികള്‍ക്കായി തന്റെ മുടിയും വിഗ്ഗ് തയ്യാറാക്കാന്‍ സൗജന്യമായി നല്‍കി അവര്‍ക്ക് ആത്മധൈര്യം നല്‍കുകയാണ് കെ.എസ്.സ്വര്‍ണ. അമല മെഡിക്കല്‍ കോളേജ് ആശുപത്രിയുടെ കേശദാനം സ്‌നേഹദാനം പദ്ധതിയിലേക്കാണ് 30 സെന്റി മീറ്ററില്‍ കൂടുതലുള്ള മുടി നല്‍കിയത്. ജില്ലാ പട്ടിക ജാതി വികസന ഓഫീസില്‍ ജില്ലാ പട്ടിക ജാതി വികസന ഓഫീസര്‍ എസ്.മീനാറാണിയുടെ സാന്നിധ്യത്തിലാണ് സ്വര്‍ണ കേശദാന സമ്മതപത്രം പൂരിപ്പിച്ച് നല്‍കി മുടി ദാനം ചെയ്തത്.