കേരള കേന്ദ്ര സര്‍വ്വകലാശാല: ലിംഗ്വിസ്റ്റിക്‌സ് വിഭാഗത്തില്‍ ഉന്നത വിജയിക്ക് ഗോള്‍ഡ് മെഡല്‍

google news
ssss

പെരിയ: കേരള കേന്ദ്ര സര്‍വ്വകലാശാലയില്‍ ലിംഗ്വിസ്റ്റിക്‌സ് വിഭാഗത്തില്‍ ഏറ്റവുമധികം മാര്‍ക്ക് നേടുന്ന വിദ്യാര്‍ത്ഥിക്ക് ഗോള്‍ഡ് മെഡല്‍ ഏര്‍പ്പെടുത്തും. ലിംഗ്വിസ്റ്റിക്‌സ് വിഭാഗം പ്രൊഫസറായിരുന്ന ഡോ. എല്‍. രാമമൂര്‍ത്തിയുടെ പേരിലുള്ള ഗോള്‍ഡ് മെഡല്‍ അദ്ദേഹത്തിന്റെ മകള്‍ സുജിത രാമമൂര്‍ത്തിയാണ് നല്‍കുന്നത്. ഇന്നലെയാണ് (ജനുവരി 31) പ്രൊഫ. രാമമൂര്‍ത്തി സര്‍വ്വകലാശാലയില്‍നിന്നും വിരമിച്ചത്. ക്യാംപസില്‍ നടന്ന ചടങ്ങില്‍ മൂന്ന് ലക്ഷം രൂപയുടെ ചെക്ക് പ്രൊഫ. എല്‍. രാമമൂര്‍ത്തി വൈസ് ചാന്‍സലര്‍ ഇന്‍ ചാര്‍ജ്ജ് പ്രൊഫ. കെ.സി. ബൈജുവിന് കൈമാറി. 

വിദ്യാര്‍ത്ഥികളെ പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് സര്‍വ്വകലാശാല ഗോള്‍ഡ് മെഡല്‍ ഏര്‍പ്പെടുത്തുന്നതെന്ന് പ്രൊഫ. കെ.സി. ബൈജു ചൂണ്ടിക്കാട്ടി. സര്‍വ്വകലാശാലയുടെ വികസനത്തില്‍ പങ്കാളിയാകുന്നതില്‍ അതിയായ സന്തോഷമുണ്ടെന്ന് പ്രൊഫ. എല്‍. രാമമൂര്‍ത്തി പറഞ്ഞു. ഡീന്‍ അക്കാദമിക് പ്രൊഫ. അമൃത് ജി കുമാര്‍, മലയാള വിഭാഗം പ്രൊഫസര്‍ ഡോ. വി. രാജീവ്, ഡോ. എസ്. തെന്നരശു, ഡോ. അനുശ്രീ ശ്രീനിവാസന്‍ എന്നിവര്‍ സംസാരിച്ചു. തമിഴ്‌നാട് കോവില്‍പ്പട്ടി സ്വദേശിയായ പ്രൊഫ. രാമമൂര്‍ത്തി 2022 ആഗസ്തിലാണ് കേരള കേന്ദ്ര സര്‍വ്വകലാശാലയില്‍ നിയമിതനായത്. വിരമിക്കലിനോടനുബന്ധിച്ച് ലിംഗ്വിസ്റ്റിക്‌സ് വകുപ്പ് രണ്ട് ദിവസത്തെ സെമിനാര്‍ സംഘടിപ്പിച്ചു. സ്‌കൂള്‍ ഓഫ് ലാംഗ്വേജസ് ആന്റ് കംപാരറ്റീവ് ലിറ്ററേച്ചര്‍ ഡീന്‍ പ്രൊഫ. ജോസഫ് കോയിപ്പള്ളി ഉദ്ഘാടനം ചെയ്തു.  
 

Tags