കേരള കേന്ദ്ര സര്‍വ്വകലാശാലയില്‍ റിപ്പബ്ലിക് ദിനം ആഘോഷിച്ചു

cxdacvb

പെരിയ: കേരള കേന്ദ്ര സര്‍വ്വകലാശാലയില്‍ റിപ്ലബ്ലിക് ദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു. ഡോ. ബി.ആര്‍. അംബേദ്കര്‍ ഭവന് മുന്നില്‍ നടന്ന പരിപാടിയില്‍ വൈസ് ചാന്‍സലര്‍ ഇന്‍ ചാര്‍ജ്ജ് പ്രൊഫ. കെ.സി. ബൈജു പതാക ഉയര്‍ത്തി റിപ്പബ്ലിക് ദിന സന്ദേശം നല്‍കി. സ്വാതന്ത്ര്യം, തുല്യത, നീതി എന്നിവ ഇന്ത്യന്‍ ഭരണഘടനയുടെ ജീവവായുവാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ജനാധിപത്യവും നാനാത്വത്തില്‍ ഏകത്വവും എപ്പോഴും പിന്തുടരേണ്ട മൂല്യങ്ങളാണ്. രാജ്യത്തിന്റെ ബഹുസ്വരതയും മതേതരത്വവും ഉയര്‍ത്തിപ്പിടിക്കണം. ഇത് ഓരോ പൗരന്റെയും ഉത്തരവാദിത്വമാണ്.

ഇല്ലെങ്കില്‍ പൊരുതി നേടിയ സ്വാതന്ത്ര്യത്തിന് അര്‍ത്ഥമില്ലാതാകും. സ്വാതന്ത്ര്യ സമര പോരാളികള്‍ക്കും ഭരണഘടനാ ശില്‍പ്പികള്‍ക്കും ആദരവര്‍പ്പിക്കുന്നതായി അദ്ദേഹം പറഞ്ഞു. രജിസ്ട്രാര്‍ ഡോ. എം. മുരളീധരന്‍ നമ്പ്യാര്‍, സ്റ്റുഡന്റ് വെല്‍ഫെയര്‍ ഡീന്‍ പ്രൊഫ. മുത്തുകുമാര്‍ മുത്തുച്ചാമി, പ്രൊഫ. കെ. അരുണ്‍ കുമാര്‍, ഡീനുമാര്‍, വകുപ്പ് അധ്യക്ഷന്മാര്‍, അധ്യാപകര്‍, വിദ്യാര്‍ത്ഥികള്‍, ജീവനക്കാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. വിദ്യാര്‍ത്ഥികളുടെ കലാപരിപാടികളും അരങ്ങേറി. റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി വൈസ് ചാന്‍സലറും രജിസ്ട്രാറും ഉള്‍പ്പെടെയുള്ളവര്‍ തൈകളും നട്ടു.

Tags