എന്‍ഡോസള്‍ഫാന്‍ പുനരധിവാസ ഗ്രാമം; ആദ്യ ഘട്ടം ഫെബ്രുവരിയില്‍ ഉദ്ഘാടനം ചെയ്യും

google news
dsh


കാസർകോട് :  മുളിയാര്‍ ഗ്രാമപഞ്ചായത്തില്‍ നിര്‍മ്മിക്കുന്ന എന്‍ഡോസള്‍ഫാന്‍ പുനരധിവാസ ഗ്രാമത്തിന്റെ ആദ്യ ഘട്ടം ജനുവരി 31നകം പൂര്‍ത്തിയാകുമെന്ന് സാമൂഹിക നീതി വകുപ്പ് ഡയറക്ടര്‍ എച്ച്.ദിനേശന്‍ പറഞ്ഞു. കാസര്‍കോട് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ എന്‍ഡോസള്‍ഫാന്‍ പുനരധിവാസ ഗ്രാമം നിര്‍മ്മാണ പുരോഗതി വിലയിരുത്തുന്നതിനുള്ള യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഫെബ്രുവരി രണ്ടാം വാരത്തോടെ തെറാപ്പികള്‍ക്ക് ആവശ്യമായ സൗകര്യങ്ങളും ഫര്‍ണിച്ചറുകളും ഒരുക്കി പൂര്‍ണ്ണ അര്‍ത്ഥത്തില്‍ പ്രവര്‍ത്തന സജ്ജമാക്കി ഉദ്ഘാടനത്തിന് ഒരുക്കണമെന്ന് അദ്ദേഹം പറഞ്ഞു. ആവശ്യമായ തെറാപ്പിസ്റ്റുകളുടെ തസ്തികകള്‍ കണ്ടെത്തി ജില്ലാ പഞ്ചായത്തിന്റെ സഹകരണത്തോടെ നിയമനം നടത്തുമെന്ന് അദ്ദേഹം പറഞ്ഞു. അഞ്ച് കോടി മുതല്‍ മുടക്കില്‍ പൂര്‍ത്തീകരിക്കുന്ന ആദ്യ ഘട്ടത്തില്‍ ക്ലിനിക്കല്‍ സൈക്കോളജി, ഹൈഡ്രോ തെറാപ്പി ബ്ലോക്കുകളുടെ നിര്‍മ്മാണമാണ് പൂര്‍ത്തിയാകുന്നത്. രണ്ടാം ഘട്ടത്തിന്റെ പ്രൊപ്പോസല്‍ പരിശോധിച്ച് വരികയാണെന്നും ഡയറക്ടര്‍ അറിയിച്ചു.  

ജില്ലാ കളക്ടര്‍ കെ. ഇമ്പശേഖര്‍ അധ്യക്ഷനായി. കൂടുതല്‍ തെറാപ്പി സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നത് പരിശോധിക്കുമെന്ന് കളക്ടര്‍ പറഞ്ഞു. നിപ്മറിന്റെ പ്രൊപ്പോസല്‍ ലഭിക്കുന്ന മുറയ്ക്ക് ഫര്‍ണിച്ചറുകള്‍ ഉള്‍പ്പെടെയുള്ള തെറാപ്പി സൗകര്യങ്ങള്‍ ഒരുക്കാന്‍ ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റി ലിമിറ്റഡിനെ ചുമതലപ്പെടുത്തി. ഉദ്ഘാടനത്തിന് ശേഷം എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ക്ക് പുനരധിവാസ ഗ്രാമത്തില്‍ തെറാപ്പി സൗകര്യങ്ങള്‍ ലഭിച്ചു തുടങ്ങും. സാമൂഹിക നീതി അഡീഷണല്‍ ഡയക്ടര്‍ എസ്. ജലജ, നിപ്മര്‍ എക്സിക്യുട്ടീവ് ഡയറക്ടര്‍ സി. ചന്ദ്രബാബു, ജില്ലാ സാമൂഹിക നീതി ഓഫീസര്‍ ആര്യ.പി രാജ് എന്നിവര്‍ സംസാരിച്ചു. കേരള സാമൂഹിക സുരക്ഷാമിഷന്‍ പ്രതിനിധികള്‍, യു.എല്‍.സി.സി.എല്‍ പ്രതിനിധികള്‍ തുടങ്ങിവര്‍ പങ്കെടുത്തു.

Tags