പൊതു ഇടങ്ങളിലെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ യുവജന സംഘടനകള്‍ ഏറ്റെടുക്കണം; കാസർഗോഡ് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട്

Youth organizations should undertake the cleaning of public spaces;  Kasargod District Panchayat President
Youth organizations should undertake the cleaning of public spaces;  Kasargod District Panchayat President

 കാസർഗോഡ് : ആശുപത്രി, ബസ്സ്റ്റോപ്പ് തുടങ്ങിയ പൊതു ഇടങ്ങള്‍ കേന്ദ്രീകരിച്ചുള്ള ശുചീകരണ പ്രവര്‍ത്തനം യുവജന സംഘടനകൾ ഏറ്റെടുത്തു നടത്തണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.ബേബി ബാലകൃഷ്ണന്‍ പറഞ്ഞു. മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിനിന്റെ ഭാഗമായി ജില്ലയിലെ യുവജന സംഘടനകളുടെ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. 

യുവജന പങ്കാളിത്തത്തോടെ  ജനകീയ ഇടപെടല്‍ സാധ്യമാക്കുകയും എല്ലാവരും  ശുചിത്വ അംബാസിഡര്‍ ആയി മാറുകയും വേണം. യുവാക്കളുടെ ഹരിത കര്‍മ്മ സേന യൂത്ത് മീറ്റ് 2.0 ഭാഗമായി വാര്‍ഡ് തലത്തില്‍ രണ്ട് ദിവസം ഹരിത കര്‍മ്മ സേനയോടൊപ്പം പങ്കെടുക്കണം. സെപ്റ്റംബര്‍ 10 നകം ശുചിത്വ സദസ്സ് സംഘടിപ്പിക്കുമെന്ന് ബേബി ബാലകൃഷ്ണൻ പറഞ്ഞു.

 ഒക്ടോബറിനകം വാര്‍ഡ് തലത്തില്‍ ശുചിത്വ പദയാത്രയും സംഘടിപ്പിക്കും. മാലിന്യ സംസ്കരണ പ്ലാൻ്റ്, എഫ്.എസ്.ടി.പി,  സ്ഥാപിക്കുന്നതിന് ജനങ്ങളുടെ സഹകരണം ആവശ്യമാണെന്നും യുവജനങ്ങള്‍ ആവശ്യമായ ബോധവല്‍ക്കരണം നടത്തണമെന്നും അവര്‍ പറഞ്ഞു.  

വാര്‍ഡ് തലത്തില്‍ മാലിന്യ മുക്തമാക്കിയ സ്ഥലംകണ്ടെത്തി അത് ഹരിതാഭമാക്കി സുസ്ഥിരമായി മുന്നോട്ടുകൊണ്ടുപോകുന്ന സംഘടനകള്‍ക്ക് അവാര്‍ഡ് നല്‍കി ആദരിക്കും. സാനിറ്ററി പാഡിന് ബദലായി മെനുസ്ട്രല്‍ കപ്പ് ഉപയോഗിക്കണം. ഇതിനാവശ്യമായ ബോധവല്‍ക്കരണവും നല്‍കണം. നിരോധിത പ്ലാസ്റ്റിക്,  ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടാൽ പഞ്ചായത്തിലോ  വിജിലന്‍സ് സ്‌ക്വാഡുമായോ ബന്ധപ്പെടണമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പറഞ്ഞു.

ഡി.പി.സി ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ തദ്ദേശസ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ ജയ്സണ്‍ മാത്യു ആമുഖ പ്രഭാഷണം നടത്തി. നവകേരള കര്‍മ്മ പദ്ധതി ജില്ലാ കോഡിനേറ്റര്‍ കെ. ബാലകൃഷ്ണന്‍ വിഷയം അവതരിപ്പിച്ചു. ശുചിത്വ മിഷന്‍ ജില്ലാ കോഡിനേറ്റര്‍ പി.ജയന്‍, ജില്ലാ ക്യാമ്പയിന്‍ കോര്‍ഡിനേറ്റര്‍ എച്ച്.കൃഷ്ണ എന്നിവര്‍ സംസാരിച്ചു.
 

Tags