കാസര്‍കോട് റവന്യൂ ഡിവിഷനില്‍ ഭൂമി തരം മാറ്റല്‍ അദാലത്ത് നടത്തി

BHOOMI THARAM MATTAM ADALATH

കാസർകോട് : ഭൂമി തരം മാറ്റല്‍ അദാലത്തില്‍ കാസര്‍കോട് റവന്യൂ ഡിവിഷനില്‍ സൗജന്യ തരം മാറ്റം അനുവദിച്ച 116 ഉത്തരവുകള്‍ വിതരണം ചെയ്തു. കാസര്‍കോട് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ചടങ്ങില്‍ അഡ്വ.സി.എച്ച്.കുഞ്ഞമ്പു എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.ബേബി ബാലകൃഷ്ണന്‍, ജില്ലാ കളക്ടര്‍ കെ.ഇമ്പശേഖര്‍, എ.ഡി.എം കെ.നവീന്‍ബാബു, അസിസ്റ്റന്റ് കളക്ടര്‍ ദിലീപ് കൈനിക്കര, ആര്‍.ഡി.ഒ അതുല്‍ എസ് നാഥ് തുടങ്ങിയവര്‍ ഗുണഭോക്താക്കള്‍ക്ക് ഉത്തരവുകള്‍ വിതരണം ചെയ്തു. പൂര്‍ണ്ണമായും സൗജന്യമായാണ് തരംമാറ്റല്‍ ഉത്തരവുകള്‍ നല്‍കിയത്. കേരള നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ (ഭേദഗതി) നിയമം 2018 പ്രകാരം ഭൂമിയുടെ സ്വഭാവ വ്യതിയാനത്തിനായി നല്‍കിയ ഫോറം ആറ് ഓണ്‍ലൈന്‍ അപേക്ഷകളില്‍ സൗജന്യ തരംമാറ്റത്തിന് അര്‍ഹമായ 25 സെന്റില്‍ താഴെ ഭൂമിയുള്ള അപേക്ഷകളിലാണ് ഉത്തരവ് നല്‍കിയത്.

കേരള തണ്ണീര്‍ത്തട-നെല്‍വയല്‍  സംരക്ഷണ (ഭേതഗതി ) 2018 നിയമ പ്രകാരം കാസര്‍കോട് റവന്യൂ ഡിവിഷണല്‍ ഓഫീസില്‍ 2018 മുതല്‍ 2022 ജനുവരി വരെ 1332 ഓഫ്‌ലൈന്‍ അപേക്ഷകള്‍ ലഭിച്ചിരുന്നു. കോടതി വ്യവഹാരങ്ങള്‍, തരംമാറ്റം, ഫീസ് ഒടുക്കുന്നതിന് കാലതാമസം നേരിടുന്ന കേസുകള്‍ എന്നിവയൊഴികെ എല്ലാ അപേക്ഷകളും തീര്‍പ്പാക്കി.

2022 ജനുവരി 10 മുതല്‍ ഓണ്‍ലൈനായി അപേക്ഷകള്‍ സ്വീകരിച്ചതിന് ശേഷം 1435 അപേക്ഷകള്‍ ലഭിച്ചു. ഇതുവരെ 60 ശതമാനം പരാതികള്‍ തീര്‍പ്പാക്കി. റവന്യൂ ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി കെ.രാജന്റെ നിര്‍ദ്ദേശത്തില്‍ റവന്യൂ ഡിവിഷനുകളുടെ പരിധിയില്‍ സംസ്ഥാനത്താകെ നടക്കുന്ന അദാലത്തിന്റെ ഭാഗമായി കാസര്‍കോട് ഡിവിഷനില്‍ അര്‍ഹമായ 430 അപേക്ഷകള്‍ പരിഗണിച്ചു. അദാലത്തിന്റെ ഭാഗമായി ആകെ 272 അപേക്ഷകളില്‍ നടപടി സ്വീകരിച്ചു. ഇതില്‍ 172 അന്തിമ ഉത്തരവ് നല്‍കുകയും 100 അപേക്ഷകര്‍ക്ക് തരം മാറ്റുന്നതിന് ഫീസ് അടക്കാന്‍ നോട്ടീസ് നല്‍കിയെന്ന് കാസര്‍കോട് ആര്‍.ഡി.ഒ അതുല്‍ എസ്.നാഥ് പറഞ്ഞു.

കാസര്‍കോട് റവന്യൂ ഡിവിഷനില്‍ ഉള്‍പ്പെട്ട കാസര്‍കോട് മഞ്ചേശ്വരം താലൂക്കുകളിലെ 41 വില്ലേജുകളില്‍ വീട് വെക്കാനും മറ്റ് ആവശ്യങ്ങള്‍ക്കും നല്‍കിയ ഭൂമി തരം മാറ്റം അപേക്ഷകളാണ് അദാലത്തിലേക്ക് പരിഗണിച്ചത്. കാസര്‍കോട്, മഞ്ചേശ്വരം തഹസില്‍ദാര്‍മാരായ ഉണ്ണികൃഷ്ണപ്പിള്ള, ടി.സജി, ഭൂരേഖ താഹ്‌സില്‍ദാര്‍മാരായ കെ.ജി.മോഹന്‍രാജ്, അബൂബക്കര്‍ സിദ്ദിഖ്, വിവിധ വില്ലേജ് ഓഫീസര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
 

Tags