തൊഴിലവസരങ്ങള്‍ പ്രയോജനപ്പെടുത്തണം; കാസർകോട് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട്

google news
gdfh


കാസർകോട്  :  ജില്ലയില്‍ നടത്തുന്ന വിവിധ തൊഴില്‍മേളകളിലൂടെ സൃഷ്ടിക്കുന്ന തൊഴിലവസരങ്ങള്‍ ഉദ്യോഗാര്‍ത്ഥികള്‍ പരമാവധി പ്രയോജനപ്പെടുത്തണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.ബേബി ബാലകൃഷ്ണന്‍ പറഞ്ഞു. ലിങ്ക് അക്കാദമി, അസാപ്പ് , ജില്ലാ വ്യവസായ കേന്ദ്രം, ജില്ലാ പഞ്ചായത്ത്, നോര്‍ത്ത് മലബാര്‍ ചേംബര്‍ ഓഫ് കൊമേഴ്സ് എന്നിവയുടെ നേതൃത്വത്തില്‍ വിദ്യാനഗര്‍ അസാപ് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ സംഘടിപ്പിച്ച തൊഴില്‍മേള ഉദ്ഘാടനം ചെയ്യുകയായിരുന്നു ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട്.

അഭ്യസ്തവിദ്യരായ ഉദ്യോഗാര്‍ഥികള്‍ക്ക് തൊഴില്‍ നൈപുണ്യ പരിശീലനം നല്‍കാനും തൊഴിലവസരങ്ങള്‍ നല്‍കാനും സംസ്ഥാന സര്‍ക്കാര്‍ വിവിധ പ്രവര്‍ത്തനങ്ങളാണ് നടത്തിവരുന്നത്. മറ്റ് ജില്ലകളെ അപേക്ഷിച്ച് ജില്ലയിലെ തൊഴില്‍ പരിശീലനങ്ങളിലും തൊഴില്‍ മേളകളിലും പങ്കെടുക്കുന്നവരുടെ എണ്ണം താരതമ്യേന കുറവാണെന്നും ബേബി ബാലകൃഷ്ണന്‍ പറഞ്ഞു. ലിങ്ക് ഗ്രൂപ്പ് ഡയറക്ടര്‍ ഹരീഷ് കുമാര്‍ അദ്ധ്യക്ഷത വഹിച്ചു.

ജില്ലാ വ്യവസായ കേന്ദ്രം അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ് കെ.ആദില്‍ മുഹമ്മദ് മുഖ്യാതിഥിയായി. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം.മധുസൂദനന്‍, നോര്‍ത്ത് മലബാര്‍ ചേംബര്‍ ഓഫ് കൊമേഴ്സ് കാസര്‍കോട് പ്രസിഡണ്ട് ശ്യാം പ്രസാദ്, അസാപ് കമ്യൂണിറ്റി സ്‌കില്‍ പാര്‍ക്ക് സെന്റര്‍ ഹെഡ് സുസ്മിത്ത് മോഹന്‍ എന്നിവര്‍ സംസാരിച്ചു. ലിങ്ക് അക്കാദമി കരിയര്‍ സര്‍വീസ് മാനേജര്‍ സുനില്‍ കുമാര്‍ മേലത്ത് സ്വാഗതവും ലിങ്ക് അക്കാദമി ട്രെയിനിംഗ് ആന്‍ഡ് ഡെവലപ്മെന്റ് മാനേജര്‍ സജേഷ് നായര്‍ നന്ദിയും പറഞ്ഞു.

Tags