നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കുന്നതിന് നടപ്പിലാക്കി വരുന്നത് സ്വതന്ത്രവും നിഷ്പക്ഷവുമായ നടപടികള്‍ ; കാസര്‍കോട് ജില്ലാ കളക്ടര്‍

google news
independent and impartial process to be followed for submission of nomination papers; Kasaragod District Collector


കാസര്‍കോട് :  കാസര്‍കോട് ലോക്സഭാ മണ്ഡലത്തില്‍ നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കുന്നതിന് സ്വതന്ത്രവും നീതിയുക്തവും നിഷ്പക്ഷവുമായ നടപടികളാണ് നടപ്പിലാക്കി വരുന്നതെന്ന് വരണാധികാരിയും കാസര്‍കോട് ജില്ലാ കളക്ടറുമായ കെ.ഇമ്പശേഖര്‍ പറഞ്ഞു.നാമനിര്‍ദ്ദേശപത്രിക ഏപ്രില്‍ നാലിന് വൈകുന്നേരം മൂന്നുമണി വരെ സ്വീകരിക്കുമെന്നും കൂടുതല്‍ പേര്‍ ഒന്നിച്ച് നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കാന്‍ വരുന്ന സാഹചര്യം ഉണ്ടാവുകയാണെങ്കില്‍ അതത് ദിവസം രാവിലെ 10 മണിയ്ക്ക് ജില്ലാ കളക്ടര്‍ ആന്റ് ജില്ലാ ഇലക്ഷന്‍ ഓഫീസറുടെ ചേമ്പറിന് മുന്നില്‍ സജ്ജീകരിച്ചിട്ടുള്ള ഹെല്‍പ്പ് ഡെസ്‌കില്‍ വെച്ച് ടോക്കണ്‍ നല്‍കുന്നതായിരിക്കുമെന്നും പത്രകുറിപ്പില്‍ അറിയിച്ചിരുന്നു. സ്ഥാനാര്‍ത്ഥി അല്ലെങ്കില്‍ അദ്ദേഹത്തിന്റെ നാമനിര്‍ദ്ദേശകന്‍ നാമനിര്‍ദ്ദേശപത്രിക സഹിതം ഹാജരായി ടോക്കണ്‍ കൈപ്പറ്റണമെന്ന് വരണാധികാരി പത്രകുറിപ്പില്‍ വ്യക്തമാക്കിയിരുന്നു

ഇതുപ്രകാരം ബുധനാഴ്ച രാവിലെ 7 മണി 06 മിനുട്ട് 22സെക്കന്റിന് സ്ഥാനാര്‍ത്ഥി എം.വി.ബാലകൃഷ്ണന്റെ നിര്‍ദ്ദേശകന്‍ അസീസ് കടപ്പുറവും രാവിലെ 8 മണി 55 മിനുട്ട് 45സെക്കന്റിന് സ്ഥാനാര്‍ത്ഥി രാജ്‌മോഹന്‍ ഉണ്ണിത്താനും ജില്ലാകളക്ടറുടെ ചേമ്പറിനു മുന്നില്‍ എത്തി. നേരത്തേ പത്രക്കുറിപ്പില്‍ അറിയിച്ചതു പ്രകാരം രാവിലെ 10 മണിക്ക് ടോക്കണ്‍ വിതരണം ആരംഭിച്ചു. ഒന്നാം ടോക്കണ്‍ ആദ്യം എത്തിയ അസീസ് കടപ്പുറത്തിന് നല്‍കി. രണ്ടാമതെത്തിയ രാജ്‌മോഹന്‍ ഉണ്ണിത്താന് രണ്ടാംടോക്കണ്‍ അനുവദിച്ചെങ്കിലും അദ്ദേഹം സ്വീകരിച്ചില്ല. രാവിലെ ടോക്കണ്‍ സ്വീകരിക്കാനെത്തിയ വ്യക്തികളുടെ ദൃശ്യങ്ങള്‍ സി.സി.ടി.വി ഫൂട്ടേജില്‍ വളരെ വ്യക്തമാണെന്നും മറിച്ചുള്ള ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും വരണാധികാരി അറിയിച്ചു.
 

Tags