കാസര്‍കോട് സമ്പൂര്‍ണ്ണ ഡിജിറ്റല്‍ സാക്ഷരത മൂല്യനിര്‍ണയം ആരംഭിച്ചു

google news
fdh

കാസര്‍കോട് : കാസര്‍കോട് സമ്പൂര്‍ണ്ണ ഡിജിറ്റല്‍ സാക്ഷരതാ (ഉയരങ്ങള്‍ കീഴടക്കാം ) പദ്ധതിയുടെ ജില്ലാതല പ്രഖ്യാപനത്തിനു മുന്നോടിയായി മുഴുവന്‍ ഡിജിറ്റല്‍ സാക്ഷരത ക്ലാസ്സുകളും മൂല്യനിര്‍ണയം നടത്താന്‍  തീരുമാനിച്ചു. അതിന്റെ അടിസ്ഥാനത്തില്‍ ഓരോ ഗ്രാമപഞ്ചായത്തില്‍ നിന്നും അഞ്ചു വീതം റിസോഴ്‌സ് പേഴ്‌സണ്‍മാര്‍ക്ക് ഡിപിസി ഹാളില്‍ കൈറ്റിന്റെ ആഭിമുഖ്യത്തില്‍ മൂല്യനിര്‍ണയ പരിശീലനം സംഘടിപ്പിച്ചു. ആര്‍.പിമാരുടെ നേതൃത്വത്തില്‍ പഞ്ചായത്തിലും മുന്‍സിപ്പാലിറ്റിയിലും സന്നദ്ധ അധ്യാപകര്‍ക്ക് മൂല്യനിര്‍ണയത്തിന്റെ പരിശീലനം നല്‍കും. ജില്ലയിലെ നടന്നു കഴിഞ്ഞ 3100റിലധികം ക്ലാസുകളും മൂല്യനിര്‍ണയം നടത്തും. 30നും 60നും ഇടയിലുള്ള ഒരു ലക്ഷത്തിലധികം മുതിര്‍ന്നവര്‍  ജില്ലയില്‍ ഡിജിറ്റല്‍ സാക്ഷരത നേടിക്കഴിഞ്ഞു.            മാര്‍ച്ച് ആദ്യവാരത്തോടുകൂടി ജില്ലയിലെ എല്ലാ പഞ്ചായത്തുകളിലും പഞ്ചായത്ത് തല പ്രഖ്യാപനങ്ങള്‍ നടത്തും. മാര്‍ച്ച് രണ്ടാം വാരത്തില്‍  ജില്ലാതല ഡിജിറ്റല്‍ സാക്ഷരത പ്രഖ്യാപനം നടത്തുന്നതോടു കൂടി ഇന്ത്യയിലെ ഡിജിറ്റല്‍ സാക്ഷരത പൂര്‍ത്തീകരിച്ച ആദ്യത്തെ ജില്ലയായി കാസര്‍കോട് ജില്ല മാറും.

ജില്ലാ ആസൂത്രണ  സമിതി ഹാളില്‍ നടന്ന പരിശീലനം  ജില്ലാ പഞ്ചായത്ത് സെക്രട്ടറി പി.കെ.സജീവ്  ഉദ്ഘാടനം ചെയ്തു. എസ്.എസ്.എ മുന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ പി.രവീന്ദ്രന്‍ മാസ്റ്റര്‍ അദ്ധ്യക്ഷത വഹിച്ചു. സാക്ഷരത മിഷന്‍ മേഖലാ കോര്‍ഡിനേറ്റര്‍ ഷാജു ജോണ്‍ മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ സാക്ഷരത സമിതി അംഗം കെ.വി.വിജയന്‍ മാസ്റ്റര്‍ സംസാരിച്ചു. കൈറ്റ് ജില്ലാ കോര്‍ഡിനേറ്റര്‍ റോജി ജോസഫ്, കൈറ്റ് അധ്യാപകരായ അബ്ദുല്‍ ജമാല്‍, അബ്ദുല്‍ഖാദര്‍ എന്നിവര്‍ ക്ലാസ്സെടുത്തു. സാക്ഷരത മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ പി.എന്‍.ബാബു സ്വാഗതവും കെ.പി.മുരളീധരന്‍ നന്ദിയും പറഞ്ഞു

Tags