കാസര്‍കോട് ജില്ലയുടെ നാല്‍പതാം വാര്‍ഷികത്തില്‍ വൈവിധ്യമാര്‍ന്ന പദ്ധതികളുമായി മുന്നോട്ട് പോകും; ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട്

sdh

കാസര്‍കോട് :  കാസര്‍കോട് ജില്ലയുടെ നാല്‍പ്പതാം വാര്‍ഷികത്തില്‍ വൈവിധ്യമാര്‍ന്ന പദ്ധതികളുമായി മുന്നോട്ട് പോകുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.ബേബി ബാലകൃഷ്ണന്‍ പറഞ്ഞു. 2024-25 സാമ്പത്തിക വര്‍ഷത്തെ ബജറ്റ് അവതരണത്തിന് മുന്നോടിയായി ആമുഖ പ്രഭാഷണം നടത്തുകയായിരുന്നു അവര്‍. രാജ്യത്തിന് മാതൃകയായി സ്വന്തമായി പക്ഷിയെയും ജീവിയെയും സസ്യത്തെയും വൃക്ഷത്തെയുമെല്ലാം പ്രഖ്യാപിച്ച ജില്ലയാണ് നമ്മുടേത്. ഇവയുടെ സംരക്ഷണത്തിനും ജൈവ പരിപാലന മേഖലയ്ക്ക് പ്രാധാന്യം നല്‍കുമെന്ന് അവര്‍ പറഞ്ഞു. ജലസംരക്ഷണത്തിനായി ജില്ലാ പഞ്ചായത്ത് ചെയ്ത് വരുന്ന പ്രവര്‍ത്തനങ്ങള്‍ തുടരും.

പുതിയ തലമുറയുടെ ആവശ്യങ്ങള്‍ക്ക്  മുന്‍ഗണന നല്‍കും. സ്ത്രീകളുടെ ആരോഗ്യനിലവാരം മെച്ചപ്പെടുത്താനുള്ള പദ്ധതി നടത്തും. റൈസിങ് കാസര്‍കോടിന് തുടര്‍ പതിപ്പുണ്ടാകും. ജില്ലാ ആശുപത്രിയുടെയും സര്‍ക്കാര്‍ ആശുപത്രികളുടെയും വികസന നവീകരണ പ്രവര്‍ത്തനങ്ങള്‍  നടത്തേണ്ടതുണ്ട്. ടാറ്റ ആശുപത്രിയെ വികസിപ്പിക്കും. ഓക്സിജന്‍ പ്ലാന്റ് പ്രവര്‍ത്തന ക്ഷമമാക്കുമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പറഞ്ഞു.

കാര്‍ഷിക വ്യവസായ മേഖലയില്‍ ഇനിയും ഒരുപാട് ഇടപെടലുകള്‍ വരും. കൊറഗ വിഭാഗത്തിനായുള്ള ക്ഷേമ പ്രവര്‍ത്തനങ്ങള്‍ തുടരും. മെച്ചപ്പെട്ട സൗകര്യങ്ങളുള്ള ലൈബ്രറികളുണ്ടാകും. പട്ടികജാതി പട്ടികവര്‍ഗ്ഗ മേഖലയില്‍ മെച്ചപ്പെട്ട ആവാസ വ്യവസ്ഥ സൃഷ്ടിക്കാന്‍ നമുക്ക് കഴിയണം. കുടിവെള്ളമെത്താത്ത സ്ഥലങ്ങളില്‍ കുടിവെള്ളമെത്തിക്കാനുള്ള നടപടികള്‍ സ്വീകരിക്കും. എല്ലാ മേഖലയിലും  സമഗ്രമായ ഇടപെടലുകള്‍ നടത്തികൊണ്ട് മുന്നോട്ട് പോകാന്‍  തന്നെയാണ് ജില്ലാ പഞ്ചായത്ത് ലക്ഷ്യമിടുന്നത്. അതിനായി എല്ലാ തരത്തിലുള്ള ആളുകളെയും ഒന്നിപ്പിച്ച് മുന്നോട്ടുകൊണ്ടുപോകുമെന്നും ബേബി ബാലകൃഷ്ണന്‍ പറഞ്ഞു.

ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിപാടിയില്‍ ധനകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷന്‍ കൂടിയായ വൈസ് പ്രസിഡണ്ട് ഷാനവാസ് പാദൂര്‍ ബജറ്റ് അവതരിപ്പിച്ചു. സ്ഥിരം സമിതി അദ്ധ്യക്ഷന്‍മാരായ കെ.ശകുന്തള, ഗീതാ കൃഷ്ണന്‍, അഡ്വ.എസ്.എന്‍.സരിത, എം.മനു, ഡിവിഷന്‍ അംഗങ്ങളായ കമലാക്ഷി, നാരായണ നായിക്ക്, എം.ഷൈലജ ഭട്ട്, ഷഫീക്ക് റസാഖ്, ഷിനൂജ് ചാക്കോ, സി.ജെ.സജിത്ത്, ജാസ്മിന്‍ കബീര്‍ ചെര്‍ക്കളം, ജമീല സിദ്ധീഖ്, ഗോള്‍ഡന്‍ അബ്ദുല്‍ റഹ്‌മാന്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടുമാരായ മാധവന്‍ മണിയറ, കെ.മണികണ്ഠന്‍, സിജി മാത്യു, സി.എ.സൈമ, ഷമീന ടീച്ചര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Tags