കാസർകോട് ജില്ലയുടെ സമഗ്രവികസനത്തിന് കൂട്ടായുള്ള പ്രവര്‍ത്തനം ആവശ്യം; അഡ്വ.സി.എച്ച് കുഞ്ഞമ്പു എം.എല്‍.എ


കാസർകോട് : ജില്ലയുടെ സമഗ്ര വികസനത്തിന് ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ജില്ലാപഞ്ചായത്ത്, എം.എല്‍.എമാര്‍, എം.പി എന്നിവരുടെ സംയുക്ത പ്രവര്‍ത്തനം ആവശ്യമാണെന്ന് അഡ്വ.സി.എച്ച് കുഞ്ഞമ്പു എം.എല്‍.എ പറഞ്ഞു. പതിനാലാം പഞ്ചവത്സര പദ്ധതിയുടെ ഭാഗമായ ജില്ലാ പഞ്ചായത്ത് 2024-25 വാര്‍ഷിക പദ്ധതിയുടെ ഗ്രാമസഭ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലയുടെ വികസനം സംബന്ധിച്ച കാഴ്ചപ്പാടാണ് ആദ്യം വേണ്ടത്. പിന്നീട് പഞ്ചായത്ത് തലം മുതല്‍ പാര്‍ലമെന്റ് മണ്ഡലം വരെയുള്ള ഏകോപനത്തിലൂടെയും ഐക്യത്തിലൂടെയും കൂടുതല്‍ വികസന ക്ഷേമ പ്രവര്‍ത്തനങ്ങളും മികച്ച പദ്ധതികളും ആസൂത്രണം ചെയ്ത് നടപ്പിലാക്കാന്‍ സാധിക്കുമെന്ന് എം.എല്‍.എ പറഞ്ഞു.
ടാറ്റ കോവിഡ് ആശുപത്രി ക്രിട്ടിക്കല്‍ കെയര്‍ യൂണിറ്റാകും. ഇതിന് കേന്ദ്രസര്‍ക്കാര്‍ പദ്ധതിയില്‍ 23 കോടി രൂപ അനുവദിച്ചു. 10 കോടി രൂപ എന്‍.എച്ച്.എം ഫണ്ടും കെ.ഡി.പി ആറ് കോടിരൂപയും ചേര്‍ത്ത് 40 കോടിയോളം രൂപ ഉപയോഗിച്ച് ടാറ്റ കോവിഡ് ആശുപത്രിയെ ക്രിട്ടിക്കല്‍ കെയര്‍ യൂണിറ്റാക്കും. ഇതിന്റെ ആദ്യ പടിയായി 45 കണ്ടെയ്‌നറുകള്‍ അവിടെ നിന്നും മാറ്റുമെന്നും തുടര്‍ന്ന് നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകുമെന്നും എം.എല്‍.എ പറഞ്ഞു. ക്രിട്ടിക്കല്‍ കെയര്‍ യൂണിറ്റിന്റെ ഭരണ ചുമതല ജില്ലാ ആശുപത്രിക്കായിരിക്കും. ജില്ലാ ആശുപത്രിയുടെ അനുബന്ധ യൂണിറ്റായി ഇത് പ്രവര്‍ത്തിക്കും. വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്താനുള്ള പ്രവര്‍ത്തനങ്ങള്‍ ജില്ലാ പഞ്ചായത്ത് ഏറ്റെടുത്ത് നടത്തണമെന്ന് അദ്ദേഹം പറഞ്ഞു. ജല സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്കും ചെക്ക്ഡാമുകളുടെ നിര്‍മ്മാണത്തിനും പ്രാധാന്യം നല്‍കണം. വിനോദസഞ്ചാര മേഖലയ്ക്കുള്ള സാധ്യത ഉപയോഗിക്കാനാകണമെന്നും വ്യവസായങ്ങളെ കൂടുതല്‍ പരിപോഷിപ്പിക്കണമെന്നും എം.എല്‍.എ പറഞ്ഞു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി. ബേബി ബാലകൃഷ്ണന്‍ അധ്യക്ഷയായി. കൂടുതല്‍ സംയുക്ത പദ്ധതികള്‍ ആവശ്യമുണ്ടെന്നും അവയ്ക്ക് തദ്ദേശ സ്ഥാപനങ്ങള്‍ മുന്‍കൈയെടുക്കണമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. ജില്ലാ ആശുപത്രിക്ക് സ്ഥലം ഏറ്റെടുക്കുന്ന വിഷയം ചര്‍ച്ച ചെയ്യണമെന്നും കേരള ബാങ്ക് ചെറിയ പലിശ നിരക്കിലുള്ള ലോണുകള്‍ വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും അവര്‍ പറഞ്ഞു. നൂറ് കുടുംബശ്രീ സംരംഭങ്ങള്‍ ആരംഭിക്കണം. ജില്ലയില്‍ റസ്റ്റോറന്റ് മേഖലയിലുള്ള സാധ്യത നമുക്ക് ഉപയോഗപ്പെടുത്തി സ്ഥിരമായ ഫുഡ് സ്ട്രീറ്റുകള്‍ ആരംഭിക്കണമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.

ജില്ലാ കളക്ടര്‍ കെ. ഇമ്പശേഖര്‍ മുഖ്യ അതിഥിയായി. ഡിജിറ്റല്‍ സര്‍വ്വേ ആദ്യ ഘട്ടം വിജയകരമായി പൂര്‍ത്തിയാക്കി രണ്ടാം ഘട്ടം ആരംഭിച്ച കാസര്‍കോട് മറ്റു ജില്ലകളേക്കാള്‍ ഏറെ മുന്നിലാണെന്നും രണ്ടാം ഘട്ടത്തില്‍ സര്‍ക്കാര്‍ ഭൂമിയും സര്‍വ്വേയുടെ ഭാഗമാക്കുന്നതിലൂടെ കൂടുതല്‍ പട്ടയങ്ങള്‍ നല്‍കാനും പദ്ധതികള്‍ക്ക് ഉപയോഗപ്പെടുത്താനും കഴിയുമെന്ന് കളക്ടര്‍ പറഞ്ഞു.
ദുരന്ത സാധ്യതാ പഠനം, ഹാപ്പിനെസ് പാര്‍ക്കുകള്‍, ലൈവ് ഫിഷ് മാര്‍ക്കറ്റ്, ബയോ പാര്‍ക്ക് നിര്‍മ്മാണം, ഫുഡ് സ്ട്രീറ്റുകള്‍, എസ്.സി, എസ്.ടി മേഖലയില്‍ കരിയര്‍ ഗൈഡന്‍സ്, പി.എസ്.സി കോച്ചിങ്. കരാട്ടെ പരിശീലനം,അനീമിക് സ്ത്രീകള്‍ക്ക് പോഷകാഹാരം, റൈസിങ് കാസര്‍കോട് തുടര്‍ പ്രവര്‍ത്തനം, സംരംഭക വിപണന മേളകള്‍, മൂല്യവര്‍ധിത ഉത്പ്പന്ന നിര്‍മ്മാണം തുടങ്ങി വിവിധ പദ്ധതികളാണ് വര്‍ക്കിങ്് ഗ്രൂപ്പ് കരട് നിര്‍ദ്ദേശങ്ങളില്‍ ഉള്‍പ്പെടുത്തിയത്.
ആസൂത്രണ സമിതി വൈസ് ചെയര്‍മാന്‍ കെ. ബാലകൃഷ്ണന്‍ വര്‍ക്കിങ് ഗ്രൂപ്പ് നിര്‍ദ്ദേശങ്ങള്‍ അവതരിപ്പിച്ചു. ആസൂത്രണസമിതി ഹാളില്‍ നടന്ന യോഗത്തില്‍ ജില്ലാ ആസൂത്രണ സമിതി അംഗങ്ങളായ ഗീതാകൃഷ്ണന്‍, അഡ്വ.എസ്.എന്‍ സരിത, കെ. ശകുന്തള, എം.മനു, വി.വി രമേശന്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ കെ. മണികണ്ഠന്‍, സിജി മാത്യു, ഷമീന ടീച്ചര്‍, മാധവന്‍ മണിയറ, ഗ്രാമപഞ്ചയത്ത് അസോസിയേഷന്‍ സെക്രട്ടറി എ.പി ഉഷ, ചെങ്കള പഞ്ചായത്ത് പ്രസിഡന്റ് ഖാദര്‍ ബദരിയ, ജില്ലാ പഞ്ചായത്ത് അംഗങ്ങള്‍, ബ്ലോക്ക് പഞ്ചായത്ത്, ഗ്രാമ പഞ്ചായത്ത് പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു. ജില്ലാ പഞ്ചായത്ത് ഫെസിലിറ്റേറ്റര്‍ എച്ച്. കൃഷ്ണ പൊതു ചര്‍ച്ച ക്രോഡീകരിച്ചു. ജില്ലാ പഞ്ചായത്ത് വൈസ്പ്രസിഡന്റ് ഷാനവാസ് പാദൂര്‍ സ്വാഗതവും ജില്ലാ പഞ്ചായത്ത് സെക്രട്ടറി പി.കെ സജീവ് നന്ദിയും പറഞ്ഞു.