മാലിന്യമുക്തം നവകേരളം കാമ്പയിന്‍ സെക്രട്ടറിയേറ്റിന്റെയും ഹരിതകേരളം ഏകോപന സമിതിയുടെയും സംയുക്ത യോഗം നടന്നു

google news
www

കാസർഗോഡ് : മാലിന്യമുക്തം നവകേരളം കാമ്പയിന്‍ സെക്രട്ടറിയേറ്റിന്റെയും ഹരിതകേരളം ഏകോപന സമിതിയുടെയും സംയുക്ത യോഗം തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ ജയ്‌സണ്‍ മാത്യുവിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്നു. പൊതു തെരെഞ്ഞെടുപ്പിന്റെ ഭാഗമായി ഇലക്ഷന്‍ കമ്മീഷന്‍ തയ്യാറാക്കിയ കൈ പുസ്തകം ഹരിത ചട്ടപാലനം സംശയങ്ങളും മറുപടികളും ജില്ലാ കളക്ടര്‍ കെ.ഇമ്പശേഖര്‍ പ്രകാശനം ചെയ്തു. പ്രകൃതി സൗഹൃദ വസ്തുക്കള്‍ ഉപയോഗിച്ച് ഹരിതചട്ടം പാലിച്ച് എല്ലാ വിഭാഗങ്ങളിലും പെട്ടവരുടെ പിന്തുണയോടെ ലോകസഭ തിരഞ്ഞെടുപ്പ് പൂര്‍ത്തിയാക്കാന്‍ സാധിക്കണമെന്ന് ജില്ലാ കളക്ടര്‍ നിര്‍ദ്ദേശിച്ചു.

മാലിന്യ മുക്ത നവകേരളത്തിന് ഹരിതാഭമായ തെരെഞ്ഞെടുപ്പ് എന്ന പോസ്റ്ററും ജില്ലാ കളക്ടര്‍ പ്രകാശനം ചെയ്തു. ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്, ഫ്‌ളക്‌സ് ഉള്‍പ്പെടെയുള്ള നിരോധിത വസ്തുക്കള്‍ പ്രചരണ സാമഗ്രികളായി ഉപയോഗിക്കരുതെന്നും തുണിയോട് സാമ്യമുള്ള നോണ്‍വുവണ്‍ പോളിപ്രൊപ്പലീന്‍ കൊണ്ടുള്ള ബോര്‍ഡുകളും ബാനറുകളും നിരോധിക്കപ്പെട്ടതാണ്. അവ ഒഴിവാക്കണം. വോട്ടെടുപ്പിനു ശേഷം ബോര്‍ഡുകളും കൊടിത്തോരണങ്ങളും മറ്റു പ്രചാരണ സാമഗ്രികളും സ്ഥാപിച്ചവര്‍ തന്നെ അഴിച്ചു മാറ്റി തരം തിരിച്ച് യൂസര്‍ഫീ ഉള്‍പ്പെടെ ഹരിത കര്‍മ്മസേനയ്‌ക്കോ മറ്റ് അംഗീകൃത ഏജന്‍സിക്കോ നല്‍കേണ്ടതാണ്. യോഗത്തില്‍ നവകേരളം കര്‍മ്മപദ്ധതി ജില്ലാ കോര്‍ഡിനേറ്റര്‍ കെ.ബാലകൃഷ്ണന്‍ സ്വാഗതം പറഞ്ഞു.

ശുചിത്വ മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ എ.ലക്ഷ്മി പ്രവര്‍ത്തനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതി ജെ.പി.സി.എ ഫൈസി, മാലിന്യമുക്തം നവകേരളം  കോ-കോര്‍ഡിനേറ്റര്‍ എച്ച്.കൃഷ്ണ, സുനില്‍കുമാര്‍ ഫിലിപ്പ്, എം.കെ.ഹരിദാസ് , കെ.വി.രഞ്ജിത്ത്, എം.സനല്‍, എം.കണ്ണന്‍ നായര്‍, ടി.ടി.സുരേന്ദ്രന്‍, മിഥുന്‍ ഗോപി എന്നിവര്‍ സംസാരിച്ചു. മഴക്കാലപൂര്‍വ്വ ശുചീകരണത്തിന്റെ ഭാഗമായി ഏപ്രില്‍ ഏഴിനും മെയ് അഞ്ചിനും ഡ്രൈ ഡേ ആചരിക്കാന്‍ തീരുമാനിച്ചു. കോര്‍ കമ്മറ്റി യോഗം മാര്‍ച്ച് 27 ന് ഉച്ചയ്ക്ക് 2ന് കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും.

Tags