മസ്റ്ററിംഗ് ചെയ്യാത്ത കാലത്തെ പെൻഷൻ ലഭ്യമാക്കാനുള്ള സർക്കാർ തലത്തിൽ തുടർനടപടികൾ സ്വീകരിക്കും
കാസർകോട് : മസ്റ്ററിംഗ് പൂർത്തീകരിക്കാത്തതിനാൽ പെൻഷൻ മുടങ്ങിയ പരാതിയുമായാണ് എൻമകജെ ഗ്രാമ പഞ്ചായത്തിലെ എൻഡോസൾഫാൻ ദുരിത ബാധിതനായ ജി. എം മുഹമ്മദ് ബിലാൽ തദ്ദേശ അദാലത്തിലെത്തിയത്. ഹീമോഫീലിയ രോഗിയായ ബിലാൽ ചികിത്സാർത്ഥം ആശുപത്രിയിൽ ആയതിനാലും കോവിഡ് ബാധിച്ചതുമൂലവും മസ്റ്ററിംഗ് പൂർത്തിയാക്കാൻ സാധിച്ചിരുന്നില്ല.
അതിനാൽ 2019 ഓഗസ്റ്റ് മുതൽ 2022 ജനുവരി വരെയുള്ള പെൻഷൻ ലഭിച്ചില്ല. മസ്റ്റർ ചെയ്തതിനെ തുടർന്ന് ഇതിന് ശേഷമുള്ള പെൻഷൻ ലഭിക്കുന്നുണ്ട്. മാസ്റ്ററിംഗ് ചെയ്യാത്ത കാലയളവിലെ കുടിശ്ശിക അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് ബിലാൽ തദ്ദേശ അദാലത്തിൽ പരാതി നൽകിയത്. പരാതി പരിശോധിച്ച തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷ്, ബിലാലിൻ്റെ പരാതിയിൽ വിശദമായ റിപ്പോർട്ട് സർക്കാരിലേക്ക് സമർപ്പിക്കാൻ നിർദേശിച്ചു. വിഷയം സർക്കാർ പരിഗണിച്ച് ആവശ്യമായ തുടർനടപടി സ്വീകരിക്കും.
ബിരുദ വിദ്യാർത്ഥിയായ ബിലാലിന് ഗ്രാമപഞ്ചായത്തിന്റെ ഭിന്നശേഷി സ്കോളർഷിപ്പ് ഉറപ്പ് വരുത്താൻ ഉദ്യോഗസ്ഥർക്ക് മന്ത്രി നിർദ്ദേശം നൽകി. പെൻഷൻ കുടിശ്ശികയ്ക്കുള്ള തുടർനടപടിക്കൊപ്പം പ്രത്യേക സ്കോളർഷിപ്പും ഉറപ്പുവരുത്തിയ സന്തോഷത്തിലാണ് മുഹമ്മദ് ബിലാൽ അദാലത്ത് വേദിയിൽ നിന്ന് മടങ്ങിയത്.