ഐ ലീഡ് പദ്ധതിക്ക് കേരള ഗ്രാമീണ്‍ ബാങ്ക് സി.എസ്.ആര്‍ ഫണ്ടില്‍ നിന്നും അഞ്ച് ലക്ഷം രൂപ

Five lakh rupees from Kerala Grameen Bank CSR Fund for I Lead project
Five lakh rupees from Kerala Grameen Bank CSR Fund for I Lead project

കാസർകോട് : എന്‍ഡോസള്‍ഫാന്‍ ദുരിതബാധിത മേഖലയിലെ ഭിന്നശേഷിക്കാര്‍ക്കും അവരുടെ രക്ഷിതാക്കള്‍ക്കും ജീവനോപാധികള്‍ കണ്ടെത്തുന്നതിനുള്ള ജില്ലാ ഭരണസംവിധാനത്തിന്റെ നൂതന പദ്ധതിയായ ഐ ലീഡി  (Integrated livelihood program for Endosulphan victims and Diffrently Abled)ന് കേരള ഗ്രാമീണ്‍ ബാങ്ക് സി.എസ്.ആര്‍ ഫണ്ടില്‍ നിന്നും അഞ്ച് ലക്ഷം രൂപ നല്‍കി.

ഐ ലീഡ് പദ്ധതിയുടെ ഭാഗമായി മുളിയാറിലെ തണല്‍ എം.സി.ആര്‍.സിയില്‍ പ്രവര്‍ത്തനമാരംഭിച്ച നോട്ട് പുസ്തക നിര്‍മ്മാണ യൂണിറ്റിന്റെ പ്രവര്‍ത്തനങ്ങള്‍ക്കാണ് കേരള ഗ്രാമീണ്‍ ബാങ്ക് ഫണ്ട് നല്‍കിയത്. ജില്ലാ കളക്ടറുടെ ചേമ്പറില്‍ നടന്ന ചടങ്ങില്‍ കേരള ഗ്രാമീണ്‍ ബാങ്ക് റീജിയണല്‍ മാനേജര്‍ ശ്രീലത വര്‍മ്മ, സീനിയര്‍ മാനേജര്‍ ആര്‍. പ്രമോദ് എന്നിവര്‍ ജില്ലാ കളക്ടര്‍ കെ. ഇമ്പശേഖറിന്  അഞ്ച് ലക്ഷത്തിന്റെ ചെക്ക് കൈമാറി.  ഐ ലീഡ് നോഡല്‍ ഓഫീസര്‍മാരായ ജില്ലാ സാമൂഹിക നീതി ഓഫീസര്‍ ആര്യ പി രാജ്, എന്‍ഡോസള്‍ഫാന്‍ സെല്‍ ഡെപ്യൂട്ടി കളക്ടര്‍ പി.സുര്‍ജിത്ത്, മുളിയാർ മാതൃകാ പുനരധിവാസ കേന്ദ്രം തണല്‍ പ്രിന്‍സിപ്പാള്‍ സുമ, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം. മധുസൂദനന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ഐ ലീഡ് പദ്ധതിയുടെ ഭാഗമായി പെരിയ എം.സി.ആര്‍.സിയില്‍ കൈത്തറി ഉല്‍പ്പന്ന നിര്‍മ്മാണ യൂണിറ്റും മുളിയാറില്‍ നോട്ടുബുക്ക് നിര്‍മ്മാണ യൂണിറ്റും ഇതിനകം പ്രവര്‍ത്തനമാരംഭിച്ചിട്ടുണ്ട്. നൂതന പദ്ധതിയായ ഐ ലീഡ് ഉള്‍പ്പെടെ ഭിന്നശേഷി മേഖലയില്‍ നടത്തിയ വിവിധങ്ങളായ പ്രവര്‍ത്തനങ്ങള്‍ക്ക് സാമൂഹിക നീതി വകുപ്പിന്റെ മികച്ച ജില്ലയ്ക്കുള്ള ഈ വര്‍ഷത്തെ പുരസ്‌ക്കാരം കാസര്‍കോടിന് ലഭിച്ചിരുന്നു. ഭിന്നശേഷി കുട്ടികളും അവരുടെ രക്ഷിതാക്കളും നിര്‍മ്മിക്കുന്ന ഉത്പന്നങ്ങള്‍ വിപണനം ചെയ്യുന്നതിന് ജില്ലാതലത്തില്‍ ഒരു സഹകരണ സൊസൈറ്റി ആരംഭിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നു വരികയാണ്. ഐ ലീഡ് ബ്രാന്‍ഡ് ചെയ്യുന്ന ഉല്‍പ്പന്നങ്ങള്‍ക്ക് രാജ്യത്തിനകത്തും പുറത്തും വിപണി കണ്ടെത്തുകയാണ് ലക്ഷ്യം.

Tags