അന്തിമ വോട്ടര്‍പട്ടിക അഭിപ്രായങ്ങളും ആക്ഷേപങ്ങളും ഉണ്ടെങ്കില്‍ ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്റെ ശ്രദ്ധയില്‍പ്പെടുത്താം

google news
dsh

കാസർകോട് :  അന്തിമ വോട്ടര്‍പട്ടിക പ്രസിദ്ധീകരിച്ചു. അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരണവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വിശദീകരിക്കാന്‍ ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ കൂടിയായ ജില്ലാ കളക്ടര്‍ കെ.ഇമ്പശേഖര്‍ ജില്ലയിലെ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ യോഗം ചേര്‍ന്നു.  ലഭ്യമായ വോട്ടര്‍പട്ടിക അതാത് ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫീസിലേക്ക് കൈമാറിയിട്ടുണ്ടെന്നും താലൂക്ക് ഓഫീസുകളിലും വില്ലേജ് ഓഫീസുകളിലും വോട്ടര്‍മാര്‍ക്ക് പരിശോധിക്കുവാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. എല്ലാ ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ക്കും അംഗീകൃത രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും വോട്ടര്‍ പട്ടികയുടെ പകര്‍പ്പ് അതാത് ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍മാര്‍ വിതരണം ചെയ്യും. അന്തിമ വോട്ടര്‍ പട്ടിക സംബന്ധിച്ച് അഭിപ്രായങ്ങളും ആക്ഷേപങ്ങളും ഉണ്ടെങ്കില്‍ അത് ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്റെ ശ്രദ്ധയില്‍പ്പെടുത്താവുന്നതാണ്.

പുതിയതായി വോട്ട് ചേര്‍ക്കാനോ നീക്കം ചെയ്യാനുണ്ടെങ്കില്‍ അതിനുള്ള അവസരം തെരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്സൈറ്റില്‍ ലഭ്യമാകുന്നതാണ്. അന്തിമ വോട്ടര്‍ പട്ടിക പരിശോധിച്ച് അര്‍ഹരായ എല്ലാവരും വോട്ടര്‍ പട്ടികയില്‍ ഉണ്ടെന്ന് എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ഉറപ്പുവരുത്തണമെന്നും കരട് വോട്ടര്‍പട്ടിക പ്രസിദ്ധീകരിച്ച ശേഷം ഡിസംബര്‍ ഒമ്പതു വരെ സമര്‍പ്പിച്ച എല്ലാ അപേക്ഷകളും പരിശോധിച്ച് അര്‍ഹതയുള്ള എല്ലാവരെയും അന്തിമ വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും കളക്ടര്‍ പറഞ്ഞു. ഡിസംബര്‍ ഒന്‍പതിന്  ശേഷം ലഭിച്ച അപേക്ഷകള്‍ എല്ലാം പരിശോധന നടത്തി അര്‍ഹത ഉളളവ സൈറ്റില്‍ അപ്ലോഡ് ചെയ്യുന്നതിന് തയ്യാറായിട്ടുണ്ട്.

അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരണവുമായി ബന്ധപ്പെട്ട് നിലവില്‍ വെബ് സൈറ്റ് മരവിപ്പിച്ചിരിക്കുകയാണെന്നും അത്തരം വോട്ടര്‍മാരുടെ പേര് വിവരം കൂട്ടിച്ചേര്‍ത്ത പട്ടികയായി പിന്നീട് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ പ്രസിദ്ധീകരിച്ച് നല്‍കുന്നതാണെന്നും കളക്ടര്‍ അറിയിച്ചു. ജില്ലാ കളക്ടറുടെ ചേമ്പറില്‍ ചേര്‍ന്ന യോഗത്തില്‍ അസിസ്റ്റന്റ് കളക്ടര്‍ ദിലീപ് കെ കൈനിക്കര, കാസര്‍കോട് റവന്യൂ ഡിവിഷന്‍ ഓഫീസര്‍ അതുല്‍ എസ് നാഥ്, ഡെപ്യൂട്ടി കളക്ടര്‍ (ആര്‍.ആര്‍) സിറോഷ് പി ജോണ്‍, ഡെപ്യൂട്ടി കളക്ടര്‍ (ഇലക്ഷന്‍) കെ.അജേഷ്, ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍മാരായ ടി.സജി, ഉണ്ണികൃഷ്ണപിള്ള, എം.മായ എന്നിവരും രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ കെ.പി.സതീഷ് ചന്ദ്രന്‍, എം.കുഞ്ഞമ്പു നമ്പ്യാര്‍, റഹീസ് സുല്‍ത്താന്‍ അബ്ദുല്‍ ഗഫൂര്‍, ബി.ഹാരിസ് ചൂരി, ബിജു ഉണ്ണിത്താന്‍ എന്നിവര്‍ പങ്കെടുത്തു.

Tags