പ്രകൃതി ചൂഷണത്തിനെ തിരെ ജനജാഗ്രതവേണം : ഇ.ചന്ദ്രശേഖരന്‍ എം.എല്‍.എ

google news
dsg


കാസർകോട് :  വ്യാപകമായി കുന്നുകള്‍ ഇടിക്കുന്നതിനും അനധികൃത മണല്‍ കടത്തിനു മെതിരെ ജനങ്ങൾ ജാഗ്രതപാലിക്കണമെന്ന് ഇ.ചന്ദ്രശേഖരന്‍ എം.എല്‍.എ പറഞ്ഞു. ഹൊസ്ദുര്‍ഗ് താലൂക്ക് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന താലൂക്ക് വികസന സമിതി യോഗത്തിലാണ് എം.എല്‍.എ ഇക്കാര്യം ഉന്നയിച്ചത്. കഴിഞ്ഞ താലൂക്ക് വികസന സമിതി യോഗത്തിന്റെ തുടര്‍ നടപടികള്‍ യോഗം ചര്‍ച്ച ചെയ്തു.

കാഞ്ഞങ്ങാട് മൃഗാശുപത്രിയുടെ നിലവിലെ കെട്ടിടം അപകടാവസ്ഥയില്‍ ആണെന്നും പുതിയ കെട്ടിടം കാസര്‍കോട് വികസന പാക്കേജില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിക്കാനാവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും കാഞ്ഞങ്ങാട് നഗരസഭാധ്യക്ഷ കെ.വി.സുജാത അറിയിച്ചു. റീസര്‍വേയുമായ പ്രശ്‌നങ്ങള്‍ യോഗത്തില്‍ ചര്‍ച്ച ചെയ്തു. പടന്ന പഞ്ചായത്തിലെ 293 അക്കേഷ്യ മരങ്ങള്‍ എത്രയും വേഗം മുറിച്ച് മാറ്റണമെന്ന് പടന്ന പഞ്ചായത്ത് പ്രസിഡന്റ് മുഹമ്മദ് അസ്ലം പറഞ്ഞു. ഇക്കാര്യത്തില്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് എം.എല്‍.എ ഡി.എഫ്.ഒയ്ക്ക് നിര്‍ദ്ദേശം നല്‍കി. കാഞ്ഞങ്ങാട് നഗരസഭയിലെ അത്തിക്കോത്ത് ഭൂരഹിതര്‍ക്ക് പതിച്ചു കൊടുത്ത ഭൂമിയില്‍ ലൈഫ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി വീട് വെക്കാന്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഇല്ലാത്ത സ്ഥിതിയാണ് ഈ വിഷയത്തില്‍  അടിയന്തര ശ്രദ്ധവേണമെന്ന് യോഗത്തില്‍ ഉന്നയിച്ചു.

ഇ.ചന്ദ്രശേഖരന്‍ എം.എല്‍.എയുടെ അധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ കാഞ്ഞങ്ങാട് നഗരസഭ ചെയര്‍പേഴ്‌സണ്‍ കെ.വി.സുജാത, പള്ളിക്കര പഞ്ചായത്ത് പ്രസിഡണ്ട് എം.കുമാരന്‍, വലിയപറമ്പ പഞ്ചായത്ത് പ്രസിഡണ്ട് വി.വി.സജീവന്‍, പടന്ന പഞ്ചായത്ത് പ്രസിഡണ്ട് മുഹമ്മദ് അസ്ലം, രാഷ്ട്രീയ കക്ഷി പ്രതിനിധികളായ കൈപ്രത്ത് കൃഷ്ണന്‍ നമ്പ്യാര്‍, ബങ്കളം കുഞ്ഞികൃഷ്ണന്‍, കെ.മുഹമ്മദ് കുഞ്ഞി, വി.പി.അടിയോടി, രതീഷ് പുതിയപുരയില്‍, യു.കെ.ജയപ്രകാശ് എന്നിവര്‍ സംസാരിച്ചു. നിര്‍വ്വഹണ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ഹൊസ്ദുര്‍ഗ് തഹസില്‍ദാര്‍ ടി.കെ.ഉണ്ണിക്കൃഷ്ണന്‍ സ്വാഗതവും ജൂനിയര്‍ സൂപ്രണ്ട് പി.വി.തുളസിരാജ് നന്ദിയും പറഞ്ഞു.

Tags