കേരളത്തിന്റെ വികസനം ലോകത്തിന് മാതൃക; കാസർകോട് ജില്ലാ കളക്ടര്‍ കെ. ഇമ്പശേഖര്‍
കാസർകോട് : കേരളത്തിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ ലോകത്തിന് മാതൃകയാമെന്ന് ജില്ലാകളക്ടര്‍ കെ. ഇമ്പശേഖര്‍ പറഞ്ഞു. പുതിയ കാലത്തെ വെല്ലുവിളികളെ അതിജീവിക്കുവാൻ കേരളത്തിന് സാധിക്കണമെന്നും കളക്ടർ പറഞ്ഞു. ജില്ലാ ഭരണ സംവിധാനവും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസും സംയുക്തമായി നടത്തിയ മലയാള ദിനാഘോഷത്തിന്റെയും ഭരണഭാഷാ വാരാഘോഷത്തിന്റെയും ജില്ലാതല ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിന്റെ ആരോഗ്യ മേഖലയും വിദ്യാഭ്യാസ മേഖലയും പ്രാദേശിക വികസനവും കുടുംബശ്രീ സംവിധാനവും മാതൃകകളാണ്. ഭൂപരിഷ്കരണ നിയമം മുതൽ കേരളത്തിന് എടുത്ത് കാട്ടാൻ നിരവധി നേട്ടങ്ങളുണ്ട്. ഇവിടുത്തെ പ്രകൃതി ഭംഗിയും സൗന്ദര്യവും ആരെയും ആകർഷിക്കുന്നവയാണ്.
മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വ്യത്യസ്തമായി കേരളം സമ്പന്നമായ ഭൂമിയാണ് കാസർകോട്. കേരളത്തിൻ്റെ നവോത്ഥാന പ്രവർത്തനങ്ങളും വിവിധ മേഖലകളിലെ പ്രവർത്തനങ്ങളും രാജ്യത്തിന് മാതൃകയാണെന്ന് കളക്ടർ പറഞ്ഞു. സിവിൽ സർവീസ് പഠന കാലത്ത് കേരള മോഡൽ വളരെ താൽപര്യമുള്ള വിഷയമായിരുന്നുവെന്നും കളക്ടർ പറഞ്ഞു. ഡെപ്യൂട്ടി കളക്ടർ (ആർ ആർ )കെ. രാജൻ അധ്യക്ഷത വഹിച്ചു. ഭരണഭാഷ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ചരിത്ര ഗവേഷകന്‍ ഡോ. സി.ബാലന്‍, തുളു,കന്നട സാഹിത്യത്തിനും ഭാഷയ്ക്കും പാര്‍ശ്വവല്‍കൃത സമൂഹത്തിന്റെ മുന്നേറ്റത്തിനും സംഭാവനകള്‍ നല്‍കിയ കന്നട ,തുളു എഴുത്തുകാരന്‍ സുന്ദര ബാറഡുക്ക എന്നിവരെ ചടങ്ങില്‍ ആദരിച്ചു.
പ്രാദേശിക ചരിത്ര രചന ഏറ്റവും കൂടുതൽ നടന്നത് കാസർകോട് ജില്ലയിലാണെന്നും അജാനൂർ, കൊടവലം, മടിക്കൈ തുടങ്ങി വിവിധ പ്രദേശങ്ങളുടെ ചരിത്ര രചനയിലൂടെ കാസർകോട് മറ്റ് ജില്ലകളെക്കാൾ ഏറെ മുന്നിലാണെന്നും ആദരവ് ഏറ്റ് വാങ്ങി ഡോ. സി ബാലൻ പറഞ്ഞു. പന്ത്രണ്ടാം നൂറ്റാണ്ട് മുതൽ പ്രവർത്തിച്ചു വന്ന തുറമുഖങ്ങളും 12 നദികളാലും വ്യത്യസ്ത ഭാഷകളും സംസ്കാരങ്ങളും കൊണ്ട് സമ്പന്നമായ കാസർകോടിന് ചരിത്ര പരമായി വലിയ പ്രാധാന്യം ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.
വിവിധ ഭാഷകൾ നിലനിൽക്കുന്ന നമ്മുടെ നാട്ടിൽ ഭാഷകൾക്ക് മേൽ കൊടുക്കൽ വാങ്ങലുകൾക്കു പകരം കടന്നു കയറ്റങ്ങളോ അധിനിവേശങ്ങളോ പാടില്ലെന്നും സുന്ദര ബാറടുക്ക പറഞ്ഞുകേരള സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവ് കെ വി കുമാരന്‍ മുഖ്യപ്രഭാഷണം നടത്തി.
ഔദ്യോഗിക ഭാഷ സേവന പുരസ്‌കാരം ജില്ല വിജയിയായ ആര്‍. നന്ദലാലിനും നമ്മുടെ കാസർകോട് ലോഗോ മത്സര വിജയി എസ് നിതിനും ജില്ലാ കളക്ടർ കെ. ഇമ്പശേഖർ പുരസ്‌കാരം നൽകി. അവാര്‍ഡ് ജേതാക്കളെ കളക്ടറേറ്റ് ജൂനിയര്‍ സൂപ്രണ്ട് എം.വഹാബ് അസിസ്റ്റന്റ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എ.പി ദില്‍ന എന്നിവര്‍ പരിചയപ്പെടുത്തി.
ഡയറ്റ് അധ്യാപകൻ വി. മധുസൂദനൻ, തദ്ദേശസ്വയംഭരണം അസിസ്റ്റൻ്റ് ഡറക്ടർ ബി.എൻ സുരേഷ് കുമാർ, ഉമേഷ് സാലിയന്‍, അക്ഷര ലൈബ്രറി സെക്രട്ടറി കെ.മുകുന്ദൻ തുടങ്ങിയവർ സംസാരിച്ചു. ജില്ലാ ഇൻഫമേഷൻ ഓഫീസർ എം. മധുസൂദനൻ സ്വാഗതവും ഓഡിറ്റ് സീനിയര്‍ സൂപ്രണ്ട് കെ.ടി ബാബു നന്ദിയും പറഞ്ഞു.