വോട്ടെണ്ണല്‍ പ്രക്രിയ സുഗമമാക്കാന്‍; ഇ.വി.എം വോട്ടെണ്ണല്‍ കേന്ദ്രത്തിന്റെ മാതൃകയൊരുക്കി പരിശീലനം
കാസർഗോഡ് : ജൂണ്‍ നാലിന് പെരിയ കേന്ദ്ര സര്‍വ്വകലാശാലയില്‍ നടക്കുന്ന കാസര്‍കോട് ലോക്‌സഭാ മണ്ഡലത്തിലത്തിന്റെ വോട്ടെണ്ണല്‍ പ്രക്രിയ സുഗമമാക്കാന്‍ വരണാധികാരി കെ. ഇമ്പശേഖറിന്റെ നേതൃത്വത്തില്‍ വിവിധ നിയോജക മണ്ഡലങ്ങളുടെ ഇ.വി.എം വോട്ടെണ്ണല്‍ കേന്ദ്രത്തിന്റെ മാതൃകയൊരുക്കി പരിശീലനം നല്‍കി. കാസര്‍കോട് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളിലാണ് ഉപ വരണാധികാരികളുടെ മേല്‍നോട്ടത്തില്‍ വോട്ടെണ്ണല്‍ ചുമതലപ്പെടുത്തിയ ജീവനക്കാരെ ഉള്‍പ്പെടുത്തി പരിശീലിപ്പിച്ചത്. മഞ്ചേശ്വരം. കാസര്‍കോട്, ഉദുമ, കാഞ്ഞ്ങ്ങാട്, തൃക്കരിപ്പൂര്‍, പയ്യന്നൂര്‍, കല്ല്യാശ്ശേരി മണ്ഡലങ്ങളിലെ ജീവനക്കാര്‍ക്ക് വ്യത്യസ്ത സമയങ്ങളിലായിരുന്നു പരിശീലനം.
ഉപ വരണാധികാരികളായ ജെഗ്ഗി പോള്‍ (മഞ്ചേശ്വരം), പി.ബിനുമോന്‍ (കാസര്‍കോട്), നിര്‍മ്മല്‍ റീത്ത ഗോമസ് (ഉദുമ), സബ്കളക്ടര്‍ സൂഫിയാന്‍ അഹമ്മദ് ( കാഞ്ഞങ്ങാട്), പി. ഷാജു (തൃക്കരിപ്പൂര്‍), സിറോഷ് പി ജോണ്‍ (പയ്യന്നൂര്‍), കെ. അജിത്ത് കുമാര്‍ (കല്ല്യാശ്ശേരി) എന്നിവര്‍ വോട്ടെണ്ണല്‍ നടപടിക്രമങ്ങള്‍ അവതരിപ്പിച്ചു.
വരണാധികാരിയായ ജില്ലാ കളക്ടര്‍ കെ. ഇമ്പശേഖര്‍ ഓരോ നിയോജക മണ്ഡലങ്ങളിലേയും നടപടികള്‍ പരിശോധിച്ച് ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കി സംശയ നിവാരണം വരുത്തി. കുറ്റമറ്റ രീതിയില്‍ വോട്ടെണ്ണല്‍ പ്രക്രിയ പൂര്‍ത്തിയാക്കാന്‍ കൂട്ടായ പ്രവര്‍ത്തനങ്ങള്‍ അനിവാര്യമാണെന്ന് കളക്ടര്‍ പറഞ്ഞു.