കടൽ നിത്യമായ ഉത്സവം; ഇ.പി.രാജഗോപാലൻ

google news
dsh


കാസർകോട് :  കടൽ മാത്രമാണ് നിത്യമായ ഉത്സവമെന്നും കടലിനെ കൂടി പരിഗണിച്ചത് കൊണ്ടാണ് ബേക്കൽ ഫെസ്റ്റ്ന് ഇത്രയും ഭംഗിയെന്ന് കേരളസാഹിത്യ അക്കാദമി നിർവ്വാഹക അക്കാദമി എക്സിക്യൂട്ടീവ് അംഗം ഇ.പി.രാജഗോപാലൻ പറഞ്ഞു. ബേക്കൽ അന്താരാഷ്ട്ര ബീച്ച് ഫെസ്റ്റിവലിന്റെ ഭാഗമായി നടന്ന സാംസ്കാരിക രാവിൽ കടൽ എന്ന വിഷയത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. മനുഷ്യന്റെ ജീവിതത്തിലെ ഏത് സന്ദർഭത്തിനെയും വിവരിക്കാനുള്ള കാഴ്ചകൾ, അനുഭവങ്ങൾ കടലിൽ നിന്നും ലഭിക്കും. മനുഷ്യ ശരീരത്തിൽ പോലും കടലിന്റെ അംശമുണ്ട്. ഏത് മനുഷ്യന്റെയും അഹങ്കാരത്തെ ശമിപ്പിക്കാൻ പറ്റുന്ന ഭൗമ ദൃശ്യമാണ് കടൽ എന്നു അദ്ദേഹം പറഞ്ഞു.


സാംസ്കാരിക സദസ്സിന് മുളിയാർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്  പി.വി.മിനി അദ്ധ്യക്ഷത വഹിച്ചു.പ്രശസ്ത സംഗീത സംവിധായകൻ വിദ്യാധരൻ മാസ്റ്റർ, മോയിൻ കുട്ടി വൈദ്യർ മാപ്പിള കലാ അക്കാദമി സെക്രട്ടറിയും മാപ്പിളപ്പാട്ട് ഗവേഷകനുമായ ഫൈസൽ എളേറ്റിൽ എന്നിവർ മുഖ്യാതിഥികളായി. മുഖ്യാതിഥികൾക്കുള്ള  ഉപഹാര വിതരണം അഡ്വ.സി.എച്ച്.കുഞ്ഞമ്പു എം.എൽ.എ നിർവഹിച്ചു.കാഞ്ഞങ്ങാട് ബ്ലോക്ക് മുൻ പ്രസിഡണ്ട് എം.ഗൗരി സ്വാഗതവും അലങ്കാര കമ്മിറ്റി കൺവീനർ ഗംഗാധരൻ പൊടിപ്പള്ളം നന്ദിയും പറഞ്ഞു.

Tags