ബദിയഡുക്കയിൽ ഭീഷണിയെത്തുടര്‍ന്ന് പെണ്‍കുട്ടി ആത്മഹത്യ ചെയ്ത കേസിൽ റിമാൻഡിൽ കഴിയുന്ന പ്രതി യു.ഡി.എഫ് നേതാക്കളുമായി നിൽക്കുന്ന ചിത്രങ്ങൾ പുറത്ത്

google news
udf

കാസർകോട് : കാസർകോട് ജില്ലയിലെ ബദിയഡുക്കയില്‍ ഭീഷണിയെത്തുടര്‍ന്ന് പെണ്‍കുട്ടി ആത്മഹത്യ ചെയ്ത സംഭവത്തില്‍ അറസ്റ്റിലായ മുഖ്യപ്രതിക്ക് യു.ഡി.എഫ് നേതാക്കളുമായി അടുത്ത ബന്ധമുണ്ടെന്ന ആരോപണം തെളിയിക്കുന്ന ചിത്രങ്ങൾ സോഷ്യൽ മീഡിയയിലുടെ പുറത്തുവന്നു.

കേസിലെപ്രതി അന്‍വര്‍ യു ഡി എഫ് നേതാക്കള്‍ക്കൊപ്പമുള്ള ചിത്രങ്ങളാണ്  സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. ബദിയടുക്കയിലെ പത്താംക്ലാസുകാരി ആത്മഹത്യ ചെയ്ത സംഭവത്തില്‍ പോക്‌സോ കേസില്‍ അറസ്റ്റ് ചെയ്ത് റിമാന്‍ഡിലായ പ്രതി മൊഗ്രാല്‍ കോട്ടക്കുന്നിലെ അന്‍വറിന് ഉന്നത രാഷ്ട്രീയ ബന്ധങ്ങളുണ്ടെന്നാണ് ആരോപണം.

മുസ്ലിംലീഗിന്റെ സജീവ പ്രവര്‍ത്തകനാണ് അന്‍വര്‍. രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം പി, എന്‍ എ നെല്ലിക്കുന്ന് എംഎല്‍എ എന്നിവര്‍ക്കൊപ്പം നില്‍ക്കുന്ന ചിത്രങ്ങളാണ് പുറത്തുവന്നത്.
മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്തിലെ മൂന്നാം വാര്‍ഡായ കോട്ടക്കുന്ന് സ്വദേശിയായ അന്‍വര്‍ മുസ്ലീം ലീഗ് യുഡിഎഫ് പരിപാടികളില്‍ സജീവമായി പങ്കെടുക്കാറുണ്ട്.

സമൂഹ മാധ്യമത്തിലൂടെയാണ് അന്‍വര്‍ 16 വയസ്സുകാരിയുമായി അടുപ്പത്തിലായത്. വീട്ടുകാര്‍ അറിഞ്ഞതിനെ തുടര്‍ന്ന് പെണ്‍കുട്ടി ബന്ധത്തില്‍ നിന്ന് പിന്‍മാറി. ഇതിനു പിന്നാലെ ബന്ധം ഉപേക്ഷിച്ചാല്‍ പെണ്‍കുട്ടിയുടെ പിതാവിനെ കൊലപ്പെടുത്തുമെന്നടക്കം അന്‍വര്‍ തുടര്‍ച്ചയായി ഭീഷണിപ്പെടുത്തിയതാണ് പെണ്‍കുട്ടിയെ ആത്മഹത്യക്ക് പ്രേരിപ്പിച്ചത്.

പെണ്‍കുട്ടിയുടെ മരണ മൊഴിയില്‍ ഇക്കാര്യം പറയുന്നുണ്ട്. ഈ മാസം 23ന് രാവിലെ സ്‌കൂളിലേക്ക് പോകുമ്പോള്‍ പെണ്‍കുട്ടിയെ പിന്തുടര്‍ന്ന അന്‍വര്‍ ഭീഷണിപ്പെടുത്തിയതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.

അന്‍വറിന്റെ ഭീഷണി സഹിക്കാനാകാതെ പെണ്‍കുട്ടി വിഷം കഴിക്കുകയായിരുന്നു. ഗുരുതരാവസ്ഥയില്‍ മംഗളൂരു ആശുപത്രിയില്‍ ചികിത്സയിലിരിക്കെ തിങ്കളാഴ്ച പുലര്‍ച്ചെയാണ് മരിച്ചത്. അന്‍വറിന്റെ സഹായിയും കുമ്പള സ്വദേശിയുമായ സാഹിലിനെയും കേസില്‍ അറസ്റ്റ് ചെയ്തിരുന്നു.

Tags