ഓക്‌സിജന്‍ പ്ലാന്റ് നടത്തിപ്പിന് കാസർഗോഡ് ജില്ലാ പഞ്ചായത്ത് താത്പര്യപത്രം ക്ഷണിക്കും

കാസര്‍കോട് : ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ആരംഭിച്ച ചട്ടഞ്ചാല്‍ വ്യവസായ പാര്‍ക്കിലെ ഓക്‌സിജന്‍ പ്ലാന്റ് നടത്തിപ്പിന് പരിചയ സമ്പന്നരില്‍ നിന്ന് താല്പര്യപത്രം ക്ഷണിക്കുന്നതിന് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണന്റെ അധ്യക്ഷതയില്‍ പ്രസിഡന്റിന്റെ ചേമ്പറില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു പ്രതിദിനം 200 സിലിണ്ടര്‍ പരമാവധി ഉത്പാദനശേഷിയുള്ള പ്ലാന്റില്‍ മെഡിക്കല്‍ ആവശ്യങ്ങള്‍ക്കും വ്യവസായിക ആവശ്യങ്ങള്‍ക്കും ഓക്‌സിജന്‍ ഉത്പാദിപ്പിക്കും. അന്തരീക്ഷ ഓക്‌സിജന് ഉപയോഗിച്ചാണ് ഉത്പാദനം നടത്തുന്നത്. പദ്ധതിയുടെ പൂര്‍ണമായ തോതിലുള്ള നടത്തിപ്പ് ലക്ഷ്യമിട്ടാണ് ഓക്‌സിജന്‍ പ്ലാന്റ് വിജയകരമായി നടത്തിയിട്ടുള്ള പരിചയ സമ്പന്നരില്‍ നിന്ന് താല്പര്യപത്രം ക്ഷണിക്കുന്നതിന് യോഗം തീരുമാനിച്ചത്. ജില്ലാ പഞ്ചായത്തിന്റെ മേല്‍നോട്ടത്തിലായിരിക്കും പ്ലാന്റിന്റെ പ്രവര്‍ത്തനം. മഹാമാരികള്‍ ഉള്‍പ്പെടെയുള്ള അടിയന്തര സാഹചര്യങ്ങളില്‍ സിലിണ്ടര്‍ വിതരണം ജില്ലാ പഞ്ചായത്തിന്റെ നിയന്ത്രണത്തിലാക്കും.
കോവിഡ് രൂക്ഷമായിരുന്ന സാഹചര്യത്തില്‍ ജില്ലയില്‍ ഓക്‌സിജന്‍ പ്രതിസന്ധി തരണം ചെയ്യുന്നതിന് ആവിഷ്‌ക്കരിച്ച പദ്ധതിയാണിത്. വ്യവസായ പാര്‍ക്കില്‍ 3.50 കോടി രൂപ ചെലവിലാണ് പദ്ധതി യാഥാര്‍ത്ഥ്യമാക്കിയത്. ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജരാണ് പദ്ധതിയുടെ നോഡല്‍ ഓഫീസറായിരുന്നത്.
ഓക്‌സിജന്‍ പ്ലാന്റിലേക്ക് മെഡിക്കല്‍ ആവശ്യത്തിലേക്ക് 50 സിലിണ്ടര്‍ ഉടന്‍ വാങ്ങുന്നതിനും തീരുമാനിച്ചു. യോഗത്തില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷാനവാസ് പാദൂര്‍, സ്ഥിരം സമിതി അധ്യക്ഷരായ ഗീതാകൃഷ്ണന്‍, കെ.ശകുന്തള, ജില്ലാ പഞ്ചായത്ത് സെക്രട്ടറി ജി.ഷെറി, ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ കെ.സജിത് കുമാര്‍, അസിസ്റ്റന്റ് ഡയറക്ടര്‍ കെ.പി.സജീര്‍, ജില്ലാ പഞ്ചായത്ത് ആസൂത്രണ സമിതി വൈസ് ചെയര്‍മാന്‍ കെ.ബാലകൃഷ്ണന്‍, ഫിനാന്‍സ് ഓഫീസര്‍ സലിം, കെ.സുനില്‍ തുടങ്ങിയവര്‍ സംസാരിച്ചു.