യുവകലാസാഹിതി പെരും 'ആൾ' നാടകം കണ്ണൂരിൽ അവതരിപ്പിക്കും
കണ്ണൂർ: യുവ കലാ സാഹിതി കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ദുബായ് യുവകലാസാഹിതി അവതരിപ്പിക്കുന്ന നാടകം" പെരും ആൾ "26 ന് മഹാത്മാ മന്ദിരം ഓഡിറ്റോറിയത്തിൽ അരങ്ങേറും. പ്രശസ്ത സാഹിത്യകാരൻ രമേശൻ ബ്ലാത്തൂർ എഴുതിയ നോവലിന്റെ നാടകാവിഷ്കാരമാണ് പെരും ആൾ നാടകം.
ദുബായ് യുവകലാസാഹിതി ഭാരവാഹിയായ സുഭാഷ് ദാസാണ് സോളൊ ഡ്രാമ അവതരിപ്പിക്കുന്നത്. പത്മനാഭൻ ബ്ലാത്തൂർനാടകാവിഷ്കാരം നടത്തുന്ന നാടകം ബിജു ഇരിണാവാണ് സംവിധാനം ചെയ്യുന്നത്. 26 വൈകുന്നേരം 4.30 ന് സാംസ്കാരിക സംഗമത്തോടെ പരിപാടി ആരംഭിക്കും. നാടക-സിനിമ പ്രവർത്തകനായ മുഹമ്മദ് പേരാമ്പ്ര പരിപാടി ഉദ്ഘാടനം ചെയ്യുമെന്ന് ജില്ലാ സിക്രട്ടറി ജിതേഷ് കണ്ണപുരം വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
മികച്ച ഗാനരചയിതാവിനുള്ള സംസ്ഥാന പുരസ്കാരം നേടിയ ഹരീഷ് മോഹൻ ,ദുബായിൽ നടന്ന മാസ്റ്റേഴ്സ് വോളി ബോൾ ചാമ്പ്യൻഷിപ്പിൽ ഒന്നാം സ്ഥാനം നേടിയ ഇന്ത്യൻ ടീം അംഗം എം പ്രസന്ന എന്നിവരെ ചടങ്ങിൽ ആദരിക്കും. വാർത്താ സമ്മേളനത്തിൽ അഡ്വ: പി അജയകുമാർ ,പ്രസിഡണ്ട് ഷിജിത്ത് വായന്നൂർ, ജില്ലാ എക്സിക്യുട്ടീവ് അംഗങ്ങളായ അജയകുമാർ കരിവെള്ളൂർ , വിജയൻ നണിയൂർ എന്നിവരും പങ്കെടുത്തു. പ്രവേശനം സൗജന്യമായിരിക്കും.