കാങ്കോലില്‍ വ്യാപാരി വ്യവസായി സമിതി നേതാവിന്റെ കടയ്ക്കു മുന്‍പില്‍ റീത്ത്; പൊലിസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു
കണ്ണൂര്‍: വ്യാപാരി വ്യവസായി സമിതി ഏരിയാ നേതാവും കാങ്കോല്‍ ശിവക്ഷേത്രം ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാനും സി.പി. എം പ്രവര്‍ത്തകനുമായ കുണ്ടയം കൊവ്വല്‍ വലിയചാലിലെ കെ.വി മുരളീധരന്റെ കാങ്കോലിലെ ഷോപ്പിനു മുന്‍പില്‍ അജ്ഞാതര്‍ റീത്തുവെച്ചു. കാങ്കോലില്‍ സ്‌റ്റേഷനറി കച്ചവടം നടത്തിവരികയാണ് മുരളീധരന്‍. വ്യാഴാഴ്ച്ച രാവിലെ പത്രവിതരണക്കാരനാണ് കടയ്ക്കു മുന്‍പില്‍ ഭീഷണിസന്ദേശമെഴുതിയ റീത്ത് കണ്ടത്. തുടര്‍ന്ന് ഇയാള്‍ വിവരം ഉടമയെ അറിയിക്കുകയായിരുന്നു.
മഴംവെളളം വീണു അക്ഷരങ്ങള്‍ പലതും മാഞ്ഞ നിലയിലാണ്. നിന്റെ അനുമതി ആര്‍ക്കു വേണം, ഞങ്ങള്‍ നടത്താന്‍ തീരുമാനിച്ചാല്‍ നടത്തും, തടയാന്‍ ശ്രമിച്ചാല്‍ അങ്ങ് തീര്‍ക്കും, ഓര്‍ത്താല്‍ നല്ലതെന്ന് അവസാനിക്കുന്ന എഴുത്തുകളില്‍ ഒരുഅവ്യക്തമാണ്. റീത്തിന് മുകളില്‍ നീലമഷി കൊണ്ടു കടലാസിലെഴുതി പതിച്ച നിലയിലാണ് ഭീഷണി. വിവരമറിഞ്ഞെത്തിയ പെരിങോം പൊലിസ് റീത്ത് കസ്റ്റഡിയിലെടുത്തു.
ക്ഷേത്രം കമ്മിറ്റിയുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളാണ് റീത്തുവെച്ചതിന് പിന്നിലെന്നാണ് പൊലിസിന്റെ പ്രാഥമിക നിഗമനം. ഇതുവരെ ഗണേശോത്‌സവം നടത്താത്ത പ്രദേശത്ത് ക്ഷേത്രവുമായി ബന്ധപ്പെട്ടു ചിലര്‍ ഗണേശോത്‌സവം നടത്താന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ ഇതിന് ക്ഷേത്രവുമായി യാതൊരു ബന്ധവുമില്ലെന്ന പ്രസ്താവന സമൂഹമാധ്യമങ്ങളില്‍ ഇറക്കിയിരുന്നു. ഇതിനു പിന്നാലെയാണ് കടയ്ക്കു മുന്‍പില്‍ റീത്തു പ്രത്യക്ഷപ്പെട്ടത്.