കാൻസർ രോഗികൾക്ക് തുണയേകാൻ കാരുണ്യ തക്കാരവുമായി എളയാവൂർ സി.എച്ച് സെൻ്ററിലെ വനിതകൾ
കണ്ണൂർ: കാൻസർ പാലിയേറ്റീവ് രോഗികളെ സഹായിക്കുന്നതിനായി എളയാവൂർ സി.എച്ച് സെൻ്റർ വനിതാ വിങ് പ്രവർത്തകർ പയ്യാമ്പലം ബീച്ചിൽ നടത്തിയ കാരുണ്യ തക്കാരം വ്യത്യസ്ത ഭക്ഷ്യ വിഭവങ്ങൾ കൊണ്ടും കാരുണ്യമോടെയുള്ള ജന പങ്കാളിത്തം കൊണ്ടും ശ്രദ്ധേയമായി. കൈവീശൽ, കക്ക റൊട്ടി, ചെമ്മീൻ ഉണ്ട, കല്ലുമ്മക്കായ പൊരിച്ചത്, തലശേരി സ്പെഷ്യൽ അട, കുഞ്ഞി കലത്തപ്പം, നെയ്യപ്പം, പത്തിരി, സമൂസ തുടങ്ങി എണ്ണമറ്റ പലഹാരങ്ങളാണ് കാരുണ്യ തക്കാരത്തിലുണ്ടായിരുന്നത്.
കണ്ണൂർ, കാസർകോട് ജില്ലകളിൽ നിന്നും മുപ്പത്തിയഞ്ചോളം പാചക വിദഗ്ദ്ധരാണ് വിഭവങ്ങളുമായെത്തിയത്. ഇതിനൊപ്പം കൈക്കൊട്ടി പാട്ടുമായി യുവതി യുവാക്കൾ അണി നിരന്നതോടെ കാരുണ്യ തക്കാരം കളറായി മാറി. അമ്മായി തക്കാരമെന്ന പേരിലാണ് എളയാവൂർ സി.എച്ച് സെൻ്ററിന് കീഴിൽ പ്രവർത്തിക്കുന്ന അർബുദ സാന്ത്വന പരിചരണത്തിനായുള്ള പണം കണ്ടെത്താനായി സി.എച്ച് സെൻ്റർ വനിതാ കൂട്ടായ്മ പലഹാര മേളയും കൈകൊട്ടി പാട്ടും സംഘടിപ്പിച്ചത്.
ജില്ലയുടെ വിവിധ ഭാഗങ്ങളിലായുള്ള വനിതാ വിഭാഗം അംഗങ്ങൾ വീടുകളിൽ പാചകം ചെയ്ത വിഭവങ്ങളാണ് വിൽപനയ്ക്കെത്തിച്ചത്. കണ്ണൂർ,കാസർകോട് ജില്ലകളിലെ 35 വനിതകൾ തയ്യാറാക്കിയ അൻപതിലധികം വിഭവങ്ങളാണ് പലഹാര മേളയിലുണ്ടായിരുന്നത്. കഴിഞ്ഞ ദിവസം വൈകിട്ട് മൂന്നു മണിക്ക് പയ്യാമ്പലത്തെ നടപ്പാതയിൽ മേശയിട്ടു നിരത്തിയ പലഹാരങ്ങൾ കാണാനും രുചിക്കാനും വാങ്ങാനും നിരവധി പേരെത്തി.
കാൻസർ രോഗികളെ സഹായിക്കാനുള്ള കാരുണ്യ പ്രവൃത്തിയിൽ നിരവധി പേരാണ് കൈ അയച്ചു സംഭാവന ചെയ്തത്. വയറും മനസും നിറച്ചായിരുന്നു പലരുടെയും മടക്കം. പാട്ടുകേട്ടെത്തിയവരും സംഭാവന നൽകാൻ മറന്നില്ല. അതോടെ ആറു മണിക്ക് മുൻപ് തന്നെ പലഹാരങ്ങളെല്ലാം തീർന്നു.. 10 പേരടങ്ങുന്ന കണ്ണൂർ ഇശൽ എന്ന സംഘമാണ് കൈ കൊട്ടി പാട്ടും ഗാനമേളയും അവതരിപ്പിച്ചത്.
ജീവകാരുണ്യ രംഗത്ത് ത്യാഗ പൂർണമായ പ്രവർത്തനങ്ങൾ നടത്തിവരികയാണ് എളയാവൂർ സി.എച്ച് സെൻ്റർ. രണ്ടു വർഷമായി ഇവർ അർബുദ രോഗികൾക്ക് സാന്ത്വന പരിചരണമേകുന്നുണ്ട്. അർബുദ രോഗികളെ ചികിത്സിക്കാൻ പ്രത്യേകം കെട്ടിടം നിർമ്മിക്കാനുള്ള ഒരുക്കത്തിലാണ് സി.എച്ച് സെൻ്റർ. ഇതിനായി ഫണ്ടു ശേഖരിക്കുന്നതിനുള്ള അമ്മായി തക്കാരത്തിന് വനിതാ വിങ് ഭാരവാഹികളായ എം. സൗജത്ത് , എം.പി താഹിറ, തസ്നീം ഫാത്തിമ എന്നിവർ നേതൃത്വം നൽകി.