പിണറായി സർക്കാരിൻ്റെ കാലത്ത് കേരളത്തിൻ്റെ കടബാദ്ധ്യത കുമിഞ്ഞുകൂടി :വി.ടി ബൽറാം
കണ്ണൂർ: കേരളത്തിന്റെ കടബാധ്യത കുമിഞ്ഞ് കൂടിയതാണ് കഴിഞ്ഞ എട്ട് വർഷക്കാലമായി പിണറായി വിജയൻ സർക്കാർ ഉണ്ടാക്കിയ നേട്ടമെന്ന് കെപിസിസി വൈസ് പ്രസിഡണ്ട് വി ടി ബൽറാം.കേരള ഗസറ്റഡ് ഓഫീസേഴ്സ് യൂനിയൻ കണ്ണൂർ ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
സിവിൽ സർവീസിൽ സംതൃപ്തിയുടെ അന്തരീക്ഷം സർക്കാർ ഇല്ലാതാക്കുകയാണ്. ജീവനക്കാർക്ക് ലഭിക്കേണ്ട പല അവകാശങ്ങളും പിണറായി സർക്കാർ നിഷേധിക്കുകയാണ്.നല്ല രീതിയിൽ ജോലി ചെയ്യുന്ന ഉന്നതോദ്യോഗസ്ഥർ പോലും ആത്മഹത്യ ചെയ്യേണ്ട സ്ഥിതിയാണ് കണ്ണൂരിലുൾപ്പെടെ കേരളത്തിലെ സിവിൽ സർവീസിൽ ഉണ്ടാവുന്നതെന്ന് അദ്ദേഹം പറഞ്ഞു. യൂനിയൻ ജില്ലാ പ്രസിഡണ്ട് കെ പി ഗിരീഷ് കുമാർ അധ്യക്ഷനായി. ഡെപ്യൂട്ടി മേയർ അഡ്വ.പി ഇന്ദിര മുഖ്യപ്രഭാഷണം നടത്തി.
യൂനിയൻ സംസ്ഥാന ട്രഷറർ ബി ഗോപകുമാർ, സംസ്ഥാന വൈസ് പ്രസിഡണ്ടുമാരായ ബീന പൂവ്വത്തിൽ, സുബൈർ കുട്ടി, സി ബ്രിജേഷ് എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി പ്രൊഫ. അനീസ് മുഹമ്മദ് സ്വാഗതവും ട്രഷറർ കുര്യൻ മാത്യു നന്ദിയും പറഞ്ഞു.
പ്രതിനിധി സമ്മേളനം സംസ്ഥാന പ്രസിഡണ്ട് കെ സി സുബ്രഹ്മണ്യൻ ഉദ്ഘാടനം ചെയ്തു. സംഘടനാ ചർച്ച ഉദ്ഘാടനം ചെയ്ത് സംസ്ഥാന ജന. സെക്രട്ടറി വി എം ഷൈൻ സംസാരിച്ചു. ട്രേഡ് യൂണിയൻ - സുഹൃത്ത് സമ്മേളനം യൂത്ത് കോൺഗ്രസ് സംസ്ഥാന ജന.സെക്രട്ടറി അഡ്വ.വി പി അബ്ദുൾ റഷീദ് ഉദ്ഘാടനം ചെയ്തു.