മതസൗഹാർദമല്ല, വേണ്ടത് മാനവീകത : വി.കെ. സുരേഷ് ബാബു
ചേലോറ: രാജ്യത്ത് മതസൗഹാർദമല്ല, മാനവീകതയാണ് വേണ്ടതെന്ന് പ്രമുഖ പ്രഭാഷകൻ വി.കെ. സുരേഷ് ബാബു. മതഗ്രന്ഥങ്ങൾ വായിച്ചതുകൊണ്ടുമാത്രം ധാർമികത ഉണ്ടാവില്ല. അതിന് ഹൃദയത്തിൽ ആർദ്രത ഉണ്ടാകണമെന്നും അദേഹം പറഞ്ഞു.
ചേലോറ ഹൈസ്കൂൾ പൂർവ വിദ്യാർഥി കൂട്ടായ്മയുടെ 'ഓർമച്ചെപ്പ് -87' ഓണാഘോഷ പരിപാടി ചേലോറ എച്ച്എസ്എസ് ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു സുരേഷ് ബാബു.
മതമെല്ലാത്ത മനുഷ്യനാണെന്ന ബോധമുള്ളവർക്ക് മാത്രമെ എല്ലാവരേയും ഒരുപോലെ കാണാൻ കഴിയൂ. അതിന് ഹൃദയത്തിൽ തൊട്ട് വർത്തമാനം പറയണം, നാം സോഫ്റ്റൺ ആകണം. സോഫ്റ്റൺ ആയ കുടുംബത്തിൽ എന്നും സന്തോഷം നിലനില്ക്കും.
എന്നാൽ മക്കളുടെ കണ്ണിൽ നോക്കി സംസാ രിക്കാൻ കഴിയാത്ത രക്ഷിതാക്കളാണ് നാടിന്‍റെ ദുരന്തം. വാത്സല്യം, സ്നേഹം എന്നൊക്കെ പറുന്നത് നെഞ്ചോട് ചേർത്തുപിടിക്കലാണ്. അച്ഛനമ്മമാരുടെ ആത്മാർഥമായ സ്നേഹവും പ്രേമവും കണ്ടു വളരുന്ന കുട്ടികൾ വളരെ ബുദ്ധിയുള്ളവരായിരിക്കു മെന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടതാണെന്നും സുരേഷ്ബാബു പറഞ്ഞു.
നേരറിയാനും സത്യം അന്വേഷിക്കുവാനുമാണ് പഠിക്കുന്നത്. എന്നാൽ ആ സത്യം നിലനില്ക്കണ മെങ്കിൽ നെറിവ് ഉണ്ടാകണം. എന്നാൽ ഇന്ന് നേര് വർധിക്കുകയും നെറിവ് കുറഞ്ഞുവരികയുമാണ്. അതുകൊണ്ടു തന്നെ മനുഷ്യത്വം മരിച്ചു കൊണ്ടിരിക്കുന്നു. വന്ന വഴി എപ്പോഴും നമ്മുക്ക് ഓർമ വേണം. ഓണം തന്നെ ഒരോർമയാണ്. സ്വപ്നം കാണാൻ മനുഷ്യനെ പ്രേരിപ്പിക്കുന്നതാണ് ഓണമെന്നും സുരേഷ് ബാബു ഓർമിപ്പിച്ചു.
ചക്കരക്കൽ സ്റ്റേഷൻ എസ്എച്ച്ഒ എം.പി. ആസാദ് വിശിഷ്ടാതിഥിയായിരുന്നു. സഹപാഠികളുടെ ഉന്നത വിജയികളായ മക്കൾക്കുള്ള മൊമന്‍റോയും കാഷ് പ്രൈസും എം.പി. ആസാദ് സമ്മാനിച്ചു. ടി. മുരളീധരൻ, വി.എ. ദിനേശ്, അനുഷ്ക ദിനേശ്, പ്രകാശൻ മാസ്റ്റർ, ടി.പി. പ്രസീത, സി. ശ്രീജ, രാഗിണി, എം.വി. ശ്രീകാന്ത് എന്നിവർ പ്രസംഗിച്ചു. തുടർന്ന് പൂർവ വിദ്യാർഥികളുടേയും അവരുടെ കുടുംബാം ഗങ്ങളുടെയും കലാവിരുന്നും അരങ്ങേറി.