ഏഴിമല റേയിൽവെ മേൽപാലം : സ്ഥലം ഏറ്റെടുക്കൽ നടപടി തുടങ്ങിയെന്ന് എം.വിജിൻ എം.എൽ.എ
പയ്യന്നൂർ : കുഞ്ഞിമംഗലം പഞ്ചായത്തിൽ ഏഴിമല റെയിൽവെ മേൽപാലം (ആർഒബി) നിർമ്മിക്കുന്ന പ്രവൃത്തിക്ക് ആവശ്യമായ സ്ഥലം ഏറ്റെടുക്കുന്നതിനുള്ള നടപടി ആരംഭിച്ചതായി എം വിജിൻ എം എൽ എ അറിയിച്ചു.
1.51 കോടി രൂപയാണ് സ്ഥലം സ്ഥലം ഏറ്റെടുക്കലിന് സംസ്ഥാന സർക്കാർ അനുവദിച്ചത്. മേൽപാലം നിർമ്മിക്കുന്നതിന് 47.78 കോടി രൂപയുടെ വിശദമായ എസ്റ്റിമേറ്റ് റെയിൽവേയുടെ അംഗീകാരത്തിനായി സമർപ്പിച്ചിട്ടുണ്ട്. 525 മീറ്റർ നീളത്തിൽ നിർമ്മിക്കുന്ന റെയിൽവേ മേൽപാലത്തിന് 10.35 മീറ്റർ വീതിയും 7 മീറ്റർ വീതിയിൽ റോഡും ഒന്നര മീറ്റർ വീതിയിൽ ഫുട്പാത്തും നിർമ്മിക്കും.
ഇരുഭാഗത്തും നാലര മീറ്റർ വീതിയിൽ സർവ്വീസ് റോഡുകളും നിർമ്മിക്കും കേരള റെയിൽ ഡവലപ്പ്മെൻ്റ് കോർപ്പറേഷൻ മുഖേനയാണ് പദ്ധതി നടപ്പിലാക്കുക. സ്ഥലം ഏറ്റെടുത്തതിന് ശേഷം മേൽപാലത്തിന്റെ പ്രവൃത്തി ആരംഭിക്കാൻ സാധിക്കും. വേഗത്തിൽ തന്നെ സ്ഥലം ഏറ്റെടുക്കൽ നടപടി പൂർത്തിയാക്കുന്നതിന് നിർദേശം നൽകിയതായും എം എൽ എ അറിയിച്ചു.