നവരാത്രി ആഘോഷത്തിന് ഈ വർഷവും ബൊമ്മക്കൊലു ഒരുക്കി വിജയ് നീലകണ്ഠൻ; പ്രദർശനം ഒക്ടോബർ 9 മുതൽ 12 വരെ
നവരാത്രി ദിനങ്ങൾക്ക് സുകൃതം പകർന്ന് തളിപ്പറമ്പ ബ്രാഹ്മണ സമൂഹ മഠത്തിൽ ബൊമ്മക്കൊലു ആഘോഷം
തളിപ്പറമ്പ: നവരാത്രി ആഘോഷത്തിന്റെ ഭാഗമായി പരമ്പരാഗത ശൈലിയില്‍ ബൊമ്മക്കൊലു ഒരുക്കി വിജയ് നീലകണ്ഠൻ. ബൊമ്മൈക്കൊലു പ്രതിമകളും പാവകളും ഉപയോഗിച്ച് കഥപറയുന്ന പാരമ്പര്യമാണെന്ന് വിജയ് നീലകണ്ഠൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. പെരിഞ്ചെല്ലൂർക്കാർക്ക് വേറിട്ട അനുഭവം സമ്മാനിച്ച ബൊമ്മക്കൊലു ഉത്സവത്തിന് ഒക്ടോബർ 2ന് തുടക്കമാകുമെന്നും അദ്ദേഹം പറഞ്ഞു.
ഒക്ടോബർ 2 ബുധനാഴ്ച വൈകിട്ട് 5 മണിക്ക് ബദരീനാഥ് മുൻ റാവൽജി ബ്രഹ്മശ്രീ ഈശ്വർ പ്രസാദ് നമ്പൂതിരി ഭദ്രദീപം തെളിയിക്കും. മലയാള സിനിമയിലെ ആദ്യ വനിതാ ആര്ട്ട് ഡയറക്ടർ ആയ ദുന്ദു രഞ്ജീവ് വിശിഷ്ട്ടാതിഥിയാകും. സമൂഹത്തിന്റെ വിവിധ തുറകളിലുള്ള പ്രമുഖരുടെ സാന്നിധ്യം ഉണ്ടായിരിക്കുമെന്നും വിജയ് നീലകണ്ഠൻ പറഞ്ഞു. അതേസമയം ഒക്ടോബർ ഒക്ടോബർ 9 മുതൽ 12 വരെ വൈകിട്ട് 6 മുതൽ 8 വരെ ബൊമ്മക്കൊലു പ്രദർശനവും ഉണ്ടായിരിക്കും.
തമിഴ് ബ്രാഹ്മണരുടെ നവരാത്രി ആചാരങ്ങളുടെ ഭാഗമാണ് ‘ബൊമ്മക്കൊലു’ വയ്ക്കൽ. ‘ബൊമ്മ’ എന്നാൽ പാവ എന്നും ‘കൊലു’ എന്നാൽ പടികൾ എന്നുമാണ് അർഥം. നവരാതി ബൊമ്മക്കൊലു വെറുമൊരു പ്രദർശനത്തിന് വേണ്ടി അല്ല. ഈ പാരമ്പര്യം പ്രാധാന്യമുള്ളതും പുരാതന ഹിന്ദു ഗ്രന്ഥങ്ങളുമായി ബന്ധപ്പെട്ടതുമാണ്. രാമായണം, പുരാണങ്ങൾ, ദശാവതാരം എന്നിവ പോലെ ഒരു തലമുറയിൽ നിന്ന് മറ്റൊന്നിലേക്ക് കൈമാറ്റം ചെയ്യപ്പെടുന്ന ഇന്ത്യൻ കഥകളെ ആഘോഷിക്കുന്ന തരത്തിലാണ് ഇവിടെ ബൊമ്മക്കൊലു പ്രതിമകൾ ക്രമീകരിച്ചിരിക്കുന്നത് എന്ന് വിജയ് നീലകണ്ഠൻ കൂട്ടി ചേർത്തു.
ആധുനിക തളിപ്പറമ്പിന്റെ രാജശില്പി എന്നറിയപ്പെടുന്ന പി. നീലകണ്ഠ അയ്യർ സ്മാരക മന്ദിരത്തിലാണ് നൂറ്റാണ്ടിൽ ആദ്യമായി മനോഹരമായി ബൊമ്മക്കൊലു ഒരുക്കിയിരിക്കുന്നത്. ഇന്ത്യയിലെ വ്യത്യസ്തമായ ആചാര പദ്ധതിയില്‍പ്പെട്ട അനേകം പ്രത്യേകതകളുള്ള ദേവീദേവന്മാരുടെയും മറ്റും ശില്പങ്ങലാണ് ഇവിടെ വ്യത്യസ്തമായി പല തീമുകളിൽ ഒരുക്കിയിരിക്കുന്നത് .
ശക്തിസ്വരൂപിണിയായ ദുർഗാദേവിയുടെ ആരാധനയ്ക്കൊപ്പം തെന്നിന്ത്യയുടെ കാർഷിക സംസ്കാരവും കരകൗശല പാരമ്പര്യവും കൂടി പ്രതിഫലിച്ച ബൊമ്മക്കൊലുവാണു ഇവിടെ. സർവം ബ്രഹ്‌മമയം’ എന്ന ആശയത്തിന്റെ പൂർത്തീകരണമായി ഇതിനെ കണക്കാക്കുന്നു. ദേവീപ്രീതിക്കായി അലങ്കരിച്ച കലശം വച്ച് ചുറ്റിനും വിവിധ ബൊമ്മകൾ തട്ടുകളിൽ നിരത്തിവച്ച് ദേവീപൂജ നടത്തുന്നതാണ് ബൊമ്മക്കൊലു ആചാരം. ഒന്ന്, മൂന്ന്, അഞ്ച്, ഒൻപത്, പതിനൊന്ന് എന്ന മട്ടിൽ ഒറ്റസംഖ്യയിൽ കൊലു എത്ര വേണമെങ്കിലും വലുതാക്കാം.
ദുർഗാരൂപത്തിൽ മഹിഷാസുര നിഗ്രഹത്തിനായി അവതരിച്ച ദേവി, ദേവഗണങ്ങളെ വരുത്തി അവരെ സിംഹം, ആന, കടുവ തുടങ്ങിയ രൂപങ്ങളിലാക്കി അസുരനിഗ്രഹം നടത്തി. ദുർഗാഷ്‌ടമി നാളിൽ മഹിഷാസുര നിഗ്രഹത്തിനായി സേവനാർഥം ദേവിയെ സഹായിച്ച എല്ലാ ദേവീദേവന്മാരെയും അതേരൂപത്തിൽ ആരാധിച്ചാൽ മാത്രമേ പൂർണ അനുഗ്രഹം ലഭിക്കൂ എന്നാണു വിശ്വാസം.
മധു, മഹിഷാസുരൻ, നിശുംഭൻ, ധൂമ്രലോചൻ, രക്‌തബീജൻ, ശുംഭൻ, ചണ്ഡൻ, മുണ്ഡൻ, കൈടഭൻ എന്നീ ഒൻപത് അസുരന്മാരെ ദുർഗാദേവി നേരിട്ടപ്പോൾ ദേവീവിജയത്തിനായി സർവചരാചരങ്ങളും പ്രാർഥിച്ചതിന്റെ ഓർമ പുതുക്കലാണ് ബൊമ്മക്കൊലു എന്നൊരു വിശ്വാസവും ഉണ്ട്. അസുര നിഗ്രഹാനന്തരം മഹാനവമി ദിനത്തിൽ ദേവി യോഗനിദ്രയിലായി. വിജയദശമി നാളിൽ യോഗനിദ്രയിൽനിന്ന് ഉണർന്ന ദേവി സരസ്വതി രൂപത്തിൽ അനുഗ്രഹം ചൊരിഞ്ഞതായാണ് ഐതീഹ്യം. ഭക്തിയുടെയും സമർപ്പണത്തിന്റെയും ഒൻപത് ദിനരാത്രങ്ങളിൽ പൂജയും ഭജനയും ഉണ്ടാവുമെന്നും വിജയ് നീലകണ്ഠൻ പറഞ്ഞു.