നീതിക്കായി പരിയാരം പൊലിസ് സ്റ്റേഷന് മുൻപിൽ വയോധികയുടെ ഒറ്റയാൾ സമരം
പരിയാരം: നീതിക്കായി എണ്‍പതുകാരിയുടെ സത്യാഗ്രഹ സമരം ആറാം ദിനത്തിലേക്ക് കടന്നു. ചെറുതാഴം പഞ്ചായത്തിലെ കുളപ്പുറം സി.എസ്.ഐ. പള്ളിക്ക് സമീപത്തെ തെങ്ങുവളപ്പില്‍ വീട്ടില്‍ ടി.എച്ച്.എല്‍സിയാണ് പരിയാരം പോലീസ് സ്‌റ്റേഷന് സമീപം പ്ലക്കാര്‍ഡുമേന്തി സത്യാഗ്രഹം നടത്തുന്നത്. വാര്‍ദ്ധക്യ സഹജമായ പലതരം അസുഖങ്ങളാല്‍ മരുന്നിനു പോലും വകയില്ലാതെ ദുരിതക്കയത്തിലായ തന്റെ ജീവിത സമ്പാദ്യമായ 2 ലക്ഷം രൂപ ചതിയില്‍ തട്ടിയെടുത്ത കുടുംബത്തിനെതിരെയാണ് സത്യാഗ്രഹം.
2022 ജൂണ്‍ 22 നാണ് ജീവിത സമ്പാദ്യമായുണ്ടായിരുന്ന രണ്ടു ലക്ഷം രൂപ അയല്‍ക്കാരന്റെ മകളുടെ ഭര്‍ത്താവിന്റെ വ്യാപാരം വിപുലീകരിക്കാനായി എല്‍സി പലിശ ഇല്ലാ വായ്പയായി നല്‍കിയത്. രണ്ടു വര്‍ഷത്തിനുള്ളില്‍ തുക പൂര്‍ണ്ണമായും മടക്കി നല്‍കുമെന്ന് നല്‍കിയ വാക്ക് പാലിക്കപ്പെടാതെ വന്നതിനാല്‍ പരിയാരം പോലീസ് സ്റ്റേഷന്‍ എസ്.എച്ച്.ഒക്ക് പരാതി നല്‍കുകയും പോലീസ് നടത്തിയ ചര്‍ച്ചയില്‍ 10 പ്രതിമാസ തവണകളായി മടക്കി നല്‍കാമെന്ന് സ്റ്റേഷനില്‍ സമ്മതിച്ചു എഴുതി വച്ച ശേഷവും ഇവര്‍ വാക്ക് പാലിക്കാത്തതിനെ തുടര്‍ന്ന് നീതിക്കായി 2024 ഒക്ടോബര്‍ 5 ന് പയ്യന്നൂര്‍ ഡിവൈ.എസ്.പിക്ക് പരാതി നല്‍കി.
ഈ പരാതിയുടെ അടിസ്ഥാനത്തില്‍ എതിര്‍കക്ഷിയെ പോലീസ് സ്‌റ്റേഷനിലേക്ക് വിളിപ്പിച്ചുവെങ്കിലും പണം ലഭിക്കാതെ വന്നതിനെ തുടര്‍ന്നാണ് എല്‍സി സത്യാഗ്രഹം ആരംഭിച്ചത്. പോലീസ് സ്‌റ്റേഷന് മുന്നിലായി റോഡരികില്‍ മരച്ചുവട്ടിലാണ് സ്റ്റൂളില്‍ പ്ലക്കാര്‍ഡുമായി ഇവര്‍ സത്യാഗ്രഹം തുടരുന്നത്.
തന്റെ ജീവിതസമ്പാദ്യം തട്ടിയെടുത്തവര്‍ക്കെതിരെ വയോജന സംരക്ഷണ നിയമപ്രകാരം ക്രിമിനല്‍ കുറ്റം ചുമത്തി കേസ്സെടുക്കണമെന്നും തന്റെ ചികിത്സക്കും വാര്‍ദ്ധക്യകാല ജീവിതത്തിനുമായി സ്വരുക്കൂട്ടിയ തുക എതിര്‍കക്ഷികളില്‍ നിന്നും വാങ്ങി നല്‍കുവാന്‍ അടിയന്തിരമായി ഇടപെടമെന്നുമാണ് എല്‍സിയുടെ ആവശ്യം.