വളപട്ടണത്തെ കവർച്ച: വിരലടയാളസാമ്പിളുകൾ ഫോറൻസിക് ലാബിലേക്ക് അയച്ചു
കണ്ണൂർ: വളപട്ടണം മന്നയിൽ വീട്ടിൽ കയറി വൻ കവർച്ച നടത്തിയ സംഭവത്തിൽ പ്രത്യേക അന്വേഷണ സംഘം കേസ് അന്വേഷണം ഊർജ്ജിതമാക്കി. വീട്ടിൽ നിന്നും കിട്ടിയ വിരലടയാളങ്ങൾ ഫോറൻസിക് ലാബിലേക്ക് പരിശോധനയ്ക്ക് അയച്ചു. പൊലിസ് ചോദ്യം ചെയ്ത 30 പേരിൽ ചിലരുടെ വിരലടയാളങ്ങളാണ് പരിശോധനയ്ക്ക് അയച്ചത്. മോഷണം നടന്ന വളപട്ടണം മന്നയിലെ അഷ്റഫിൻ്റെ വീട്ടിൽ നിന്നും വിരലടയാളങ്ങൾ ലഭിച്ചിരുന്നു.
300 പവനും ഒരു കോടി രൂപ കവർന്ന കേസിൽ പ്രത്യേക അന്വേഷണ സംഘം മംഗ്ളൂര് കേന്ദ്രികരിച്ചാണ് ഇപ്പോൾ അന്വേഷണം നടത്തിവരുന്നത് സി.സി.ടി.വി ദൃശ്യങ്ങളാണ് ഈ കേസിൽ പൊലിസിന് ലഭിച്ച ഏക തുമ്പ്. ചുവന്ന കോളറുള്ള കറുത്ത ടീഷർട്ട് ധരിച്ചയാളുടെ സി.സി.ടി.വി ക്യാമറാ ദൃശ്യമാണ് കണ്ടെത്തിയത്. വെളുത്തു നീണ്ട ശരീര പ്രകൃതിയുള്ള യുവാവാണ് കവർച്ച നടത്തിയത്.
ഇയാൾ മുഖം മൂടി ധരിച്ചതായി സി.സി.ടി.വി ക്യാമറാ ദൃശ്യങ്ങളിൽ വ്യക്തമായിട്ടുണ്ട്. കവർച്ചയ്ക്കെത്തിയത് ഒരാൾ മാത്രമാണെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ ഇയാൾ രണ്ടാം തവണയും വീട്ടിലെത്തിയിരുന്നുവെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് പൊലിസ് അറിയിച്ചു.