പാലക്കാട് യു.ഡി.എഫിനായി മാധ്യമങ്ങൾ പെയ്ഡ് ന്യൂസ് നൽകുന്നു: എംവി ഗോവിന്ദൻ
കണ്ണൂർ: പാലക്കാട് തെരഞ്ഞെടുപ്പിൻ്റെ പശ്ചാത്തലത്തിൽ മാധ്യമങ്ങൾക്കും മുസ്ലീം ലീഗിനും കോൺഗ്രസിനുമെതിരെ അതിരൂക്ഷ വിമർശനവുമായി സി.പി.എം നേതൃത്വം. യു ഡി. എഫിനെ ജയിപ്പിക്കുന്നതിനായി മാധ്യമങ്ങൾ നൽകുന്നത് പെയ്ഡ് ന്യൂസാണെന്ന് സി.പി.എം നേതൃത്വം ആരോപിച്ചു.
ഇരട്ട വോട്ടിലൂടെപാലക്കാട്ടെ ഉപ തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ യു.ഡി.എഫ് ശ്രമിക്കുന്നുവെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ കുറ്റപ്പെടുത്തി. കണ്ണൂർ ഡി.സി ഓഫിസിൽ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 2500 ലേറെ ഇരട്ട വോട്ടുകളാണ് അവിടെ ചേർത്തത്. ഇതിനായി ഓരോ ബൂത്തിലും എണ്ണയിട്ട യന്ത്രം പോലെയാണ് യു.ഡി.എഫ് പ്രവർത്തിച്ചതെന്നാണ് മാധ്യമങ്ങൾ പറയുന്നത്. എന്നാൽ എൽ.ഡി.എഫ് പ്രവർത്തകർ ഇതു പരിശോധിച്ചപ്പോൾ പലതും ഇരട്ട വോട്ടാണെന്ന് മനസിലായിട്ടുണ്ട്. ചിലയാളുകൾക്ക് വീടുകളിൽ വിലാസമുണ്ടെങ്കിലും അവരവിടെ താമസിക്കുന്നില്ല. ഇതു സംബന്ധിച്ച് എൽ.ഡിഎഫ് പരാതി നൽകിയിട്ടുണ്ട്. കലക്ടറേറ്റ് മാർച്ചും നടത്തിയിട്ടുണ്ട്.
ഇരട്ട വോട്ടുകൾ പരമാവധി നീക്കം ചെയ്യണം 500 വോട്ടുകൾ നീക്കം ചെയ്തിട്ടുണ്ട്. ഇനി രണ്ടായിരം വോട്ടുകൾ കൂടി നീക്കം ചെയ്യാനുണ്ട്. ചില ബിഎൽ. ഒമാരാണ് ഇതിന് പിന്നിൽ പ്രവർത്തിക്കുന്നത്. ഇരട്ട വോട്ടുകളുള്ളവരെ വോട്ടു ചെയ്യാൻ വിടില്ല. ഇതിൻ്റെ പിന്നിൽ കോൺഗ്രസാണ്. ഇലക്ഷൻ കമ്മിഷിനിൽ ഇതു സംബന്ധിച്ചു പരാതി നൽകിയിട്ടുണ്ട്. സന്ദീപ് വാര്യർ ഇതുവരെ ആർ.എസ്. സി നെ തള്ളിപ്പറഞ്ഞിട്ടില്ല. ബി.ജെ.പിയെ മാത്രമാണ് തള്ളിപ്പറഞ്ഞത്. പാലക്കാട് മുഖ്യമന്ത്രി പാണക്കാട് സാദിഖ് അലി തങ്ങളെ വിമർശിച്ചത് മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷനെന്ന നിലയിലാണ്. അതു സി.പി.എമ്മിൻ്റെ പ്രഖ്യാപിത നിലപാടാണ്. ശരിയായ രാഷ്ട്രീയ വിമർശനമാണ് മുഖ്യമന്ത്രി നടത്തിയത്. മുസ്ലീം ലീഗ് ജമാത്തെ ഇസ്ലാമിയുടെ തടങ്കൽ പാളയത്തിലാണുള്ളത്.
മതരാഷ്ട്ര വാദികളാണ് ജമാത്തെ ഇസ്ലാമിയും എസ്.ഡി.പി.ഐയും. ബി.ജെ.പി പറയുന്നതുപോലെ മത രാഷ്ട്രവാദം തന്നെയാണ് ഇവരും പറയുന്നത്. മുഖ്യമന്ത്രി നടത്തിയ രാഷ്ട്രീയ വിമർശനത്തെ വർഗീയവത്ക്കരിക്കുകയാണ് മുസ്ലിം ലീഗ് ചെയ്യുന്നത്. വടകര തെരഞ്ഞെടുപ്പോടെ അവരുടെ നിലപാടിൽ മാറ്റം വന്നത് തുടരുകയാണ്. മുഖ്യമന്ത്രിക്കെതിരെ കോലാഹാലം സൃഷ്ടിക്കുകയാണ് ലീഗിൽ പ്പോലും പ്രസക്തിയില്ലാത്ത ചില നേതാക്കളെന്നും എം. വി ഗോവിന്ദൻ പറഞ്ഞു. പച്ചയായ വർഗീയതയാണ് ഇവർ പറയുന്നത്. പാലക്കാട് തെരഞ്ഞെടുപ്പിൽ എൽ.ഡി എഫ് വിജയിക്കും. ചേലക്കരയിൽ വൻ ഭൂരിപക്ഷം നേരിടുമെന്നും വയനാട്ടിൽ നില മെച്ചപ്പെടുത്തുമെന്നും എം.വി ഗോവിന്ദൻ പറഞ്ഞു.
പാലക്കാട് തെരഞ്ഞെടുപ്പിൽ ചില ദൃശ്യ പത്രമാധ്യമങ്ങൾ പണം വാങ്ങിയാണ് വാർത്തകൾ നൽകുന്നത്. കോൺഗ്രസിന് അനുകൂലമായി പെയ്ഡ് ന്യൂ സാണ് പ്രചരിക്കുന്നതെന്നും എം.വി ഗോവിന്ദൻ പറഞ്ഞു. ഇതിൽ ഉൾപ്പെട്ടെ ചാനലുകളും പത്രങ്ങളുമേതെന്ന് ഇപ്പോൾ വ്യക്തമാക്കാനില്ല കാലക്രമേണെ ഇതു പുറത്തുവരുമെന്നും അദ്ദേഹം പറഞ്ഞു.