പി പി ദിവ്യക്കെതിരെ കേസെടുക്കണം; യുഡിഎഫ് നേതാക്കള്‍ പോലീസ് കമ്മീഷണറെ സന്ദർശിച്ചു
കണ്ണൂര്‍: എ.ഡി.എം നവീന്‍ബാബുവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്പി.പി.ദിവ്യക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് യുഡിഎഫ് നേതാക്കള്‍ കണ്ണൂര്‍ സിറ്റി പോലീസ് കമ്മീഷണറെ കണ്ടു. സംഭവത്തെ കുറിച്ച് വിശദമായ അന്വേഷണം നടത്തി പ്രേരണക്കുറ്റത്തിന് നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടതായി നേതാക്കള്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. ഉചിതമായ നടപടി സ്വീകരിക്കുമെന്ന് പോലീസ് കമ്മീഷണര്‍ പറഞ്ഞതായും നേതാക്കള്‍ പറഞ്ഞു.
നേരത്തെ തന്നെ കോണ്‍ഗ്രസും മുസ്ലീംലീഗും പോലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയിരുന്നു. ഇതിന് പുറമെയാണ് യുഡിഎഫ് പരാതി നല്‍കിയെന്നതെന്നും നേതാക്കള്‍ അറിയിച്ചു. ഇതിനിടെ നവീന്‍ബാബുവിന്റെ ഭൗതീക ശരീരം പരിയാരത്ത് നിന്നും പുലര്‍ച്ചെ നാട്ടിലേക്ക് കൊണ്ടുപോയ രീതി ശരിയായില്ല. അദ്ദേഹം ജോലി ചെയ്ത കളക്ടറേറ്റിലെ ജീവനക്കാര്‍ക്ക് അവസാനമായി ഒരു നോക്ക് മൃതദേഹം കാണുന്നതിന് അവസരം നല്‍കാതെ ആരുടെയോ നിര്‍ദ്ദേശത്തെ തുടര്‍ന്ന് തെക്കിബസാറില്‍ നിന്നും വഴി തിരിച്ച് കക്കാട് റോഡിലൂടെ ദേശീയപാതയിലൂടെ നാട്ടിലേക്ക് കൊണ്ടുപോവുകയായിരുന്നു.
നവീന്‍ ബാബുവിന്റെ ഭൗതീക ശരീരം കാണാനും അന്തിമോപചാരമര്‍പ്പിക്കാനും അവസരം ഒരുക്കണമെന്ന് ജില്ലാ കളക്ടറോട് ഡിസിസി പ്രസിഡന്റ് ആവശ്യപ്പെട്ടിരുന്നു. അതിനുള്ള അവസരം ഒരുക്കിതരാമെന്ന് പറഞ്ഞിരുന്നു. പക്ഷെ രാത്രിയുടെ മറവില്‍ വഴി തിരിച്ച് വിട്ട് പോവുകയായിരുന്നു. ജില്ലാ കളക്ടര്‍ നവീന്‍ബാബുവിനോട് അനാദരവ് കാട്ടിയതായും യുഡിഎഫ് നേതാക്കള്‍ ആരോപിച്ചു.
തങ്ങള്‍ നല്‍കിയ നിവേദനത്തിന് അനുഭാവപൂര്‍വ്വമായ നടപടി സ്വീകരിച്ചില്ലെങ്കില്‍ ശക്തമായ സമരവുമായി യുഡിഎഫ് പോകുമെന്നും ഡിസിസി പ്രസിഡന്റ് അഡ്വ. മാര്‍ട്ടിന്‍ജോര്‍ജ്, മുസ്ലീം ലീഗ് ജില്ലാ പ്രസിഡന്റ് അബ്ദുള്‍ കരീം ചേലേരി, സിഎംപി നേതാവ് സി എ അജീര്‍, മുന്‍ മേയര്‍ അഡ്വ. ടി ഒ മോഹനന്‍ എന്നിവര്‍ പറഞ്ഞു. നേതാക്കളായ ടി ജയകൃഷ്ണന്‍, കായക്കൂല്‍ രാഹുല്‍, കല്ലിക്കോടന്‍ രാഗേഷ്, പി സുനില്‍ കുമാര്‍ എന്നിവരും ഉണ്ടായിരുന്നു.