കണ്ണൂർ കുഞ്ഞിമംഗലത്ത് ഇരുപത്തിനാലുപേരെ അക്രമിച്ച രണ്ട് കുറുക്കന്മാരെയും വെടിവെച്ചുകൊന്നു
കണ്ണൂർ : കുഞ്ഞിമംഗലത്ത് ഇരുപത്തിനാലുപേരെ അക്രമിച്ച രണ്ടു കുറുക്കന്മാരെയും വെടിവെച്ചുകൊന്ന് മറവ് ചെയ്തിരുന്നു. ഇവയുടെ ശ്രവം ശേഖരിച്ച് ഇന്നലെ തന്നെ പൂക്കോട് വെറ്റിനറി കോളേജിൽ അയച്ചിരുന്നു. ഡിഎൻഎ അനാലിസിസ് വേണ്ടി സാമ്പിൾ തിരുവനന്തപുരം രാജീവ് ഗാന്ധി സെൻട്രൽ ബയോടെക്നോളജിയിലേക്കും അയച്ചു. പൂക്കോട് വെറ്റിനറി കോളജിൽ നിന്നുമെത്തിയ വെറ്റിനറി സർജൻ അജീഷ്, ഫോറസ്റ്റ് നോർത്തേൺ സർക്കിൾ വെറ്റിനറി സർജൻ ഇല്യാസ് റാവുത്തർ എന്നിവരാണ് പോസ്റ്റ്മോർട്ടം നടപടി പൂർത്തിയാക്കിയത്.
സംഭവത്തിൻ്റെ ഗൗരവം കണക്കിലെടുത്ത് വിവരമറിഞ്ഞ ഉടൻ ചീഫ് വൈൽഡ് ലൈഫ് വാർഡൻ്റെ നിർദ്ദേശ പ്രകാരം തളിപ്പറമ്പ് ഫോറസ്റ്റ് റെയ്ഞ്ച് സ്പെഷ്യൽ ഡ്യൂട്ടി സെഷൻ ഫോറസ്റ്റ് ഓഫിസർ പി.പി രാജീവൻ, ആർ.ആർ.ടി യൂനിറ്റ് ഡെപ്യൂട്ടി റെയ്ഞ്ച് ഫോറസ്റ്റ് ഓഫിസർ ഷൈൻ കുമാർ, ബീറ്റ് ഫോറസ്റ്റ് ഓഫിസർ വിപിൻ, എം.പാനൽ ഷൂട്ടർമാർ, വാച്ചർ അനിൽ തൃച്ചംബരം, അനീഷ്, ഡ്രൈവർമാരായ ജിജോ, പ്രദീപ് കുമാർ, അഖിൽ ബിനോയ് എന്നിവരടങ്ങിയ സംഘം സ്ഥലത്തെത്തി അപകടകാരികളായ രണ്ട് കുറുക്കന്മാരെയും വെടിവച്ച് കൊല്ലുകയായിരുന്നു.
കുഞ്ഞിമംഗലം മൂശാരി കൊവ്വൽ, കുതിരുമ്മൽ, മാട്ടുമ്മൽ കളരി, വണ്ണച്ചാൽ പ്രദേശത്തുള്ളവർ കുറച്ചു ദിവസം ജാഗ്രത പാലിക്കണമെന്നും പ്രായമായവരും കുട്ടികളും തനിയെ പുറത്തിറങ്ങരുതെന്നും ഫോറസ്റ്റ് ഉദ്യോഗസ്ഥരും പഞ്ചായത്ത് അധികൃതരും മുന്നറിയിപ്പ് നിർദ്ദേശം നൽകിയിട്ടുണ്ട്.
നിലവിൽ ഉദ്യോഗസ്ഥർ സ്ഥലത്ത് നിരീക്ഷണം നടത്തിക്കൊണ്ടിരിക്കുകയാണ്. നിലവിലെ സാഹചര്യത്തിൽ അക്രമകാരികളായ മറ്റ് കുറുക്കന്മാരെ കണ്ടെത്താനായിട്ടില്ല. ജനങ്ങൾ കുറച്ചു ദിവസത്തേക്ക് ജാഗ്രത പാലിക്കണം.വിജിൻ എംഎൽഎയും പഞ്ചായത്ത് പ്രസിഡണ്ടും മറ്റു ജനപ്രതിനിധികളും പ്രവർത്തനത്തിന് ഒപ്പം ഉണ്ടായിരുന്നെന്നും തളിപ്പറമ്പ് റെയിഞ്ച് ഫോറെസ്റ്റ് ഓഫീസർ പി.രതീശൻ പറഞ്ഞു