ഷെയർ ട്രേഡിങ് ഓൺലൈൻ തട്ടിപ്പ്; പ്രതിയെ കർണ്ണാടക ചിന്താമണിയിൽ നിന്ന് സൈബർ പൊലിസ് അറസ്റ്റു ചെയ്തു

ഷെയർ ട്രേഡിങ് ഓൺലൈൻ തട്ടിപ്പ്; പ്രതിയെ കർണ്ണാടക ചിന്താമണിയിൽ നിന്ന് സൈബർ പൊലിസ് അറസ്റ്റു ചെയ്തു

കണ്ണൂർ : കണ്ണൂർ കോർപറേഷൻ പരിധിയിലെ മുണ്ടയാട് സ്വദേശിയിൽ നിന്നും വാട്സ്ആപ്പ് വഴി ബന്ധപ്പെട്ട് ഷെയർ ട്രേഡിങ് എന്ന വ്യാജേന 26,65,963  രൂപ ഓൺലൈൻ വഴി തട്ടിയെടുത്ത കേസിൽ ഉൾപ്പെട്ട പ്രതിയെ കണ്ണൂർ സിറ്റി പോലീസ് കമ്മീഷണരുടെ മേൽനോട്ടത്തിൽ സൈബർ പോലീസ് സ്റ്റേഷൻ എസ് എച്ച് ഒ ഷാജു ജോസഫിൻ്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം അറസ്റ്റ് ചെയ്തു.

കർണ്ണാടക ആന്ധ്ര അതിർത്തിയിലുള്ള ചിക്ക ബല്ലാപൂർ ജില്ലയിലെ ചിന്താമണി എന്ന സ്ഥലത്ത് വെച്ച് ശ്രീകാന്ത് റെഡ്ഡി എന്നയാളാണ് അറസ്റ്റിലായത്.

പരാതിക്കാരന്റെ അക്കൗണ്ടിൽ നിന്നും ഷെയർ ട്രേഡിങ് നടത്തുന്നതിനായി പ്രതികൾ അവശ്യപ്പെട്ടതനുസരിച്ച് അയച്ചു കൊടുത്ത 4,99,760 രൂപയാണ് അറസ്റ്റിലായ ശ്രീകാന്ത് റെഡ്ഡി എന്നയാളുടെ ബാംഗ്ലൂർ ഐ സി ഐ സി  ബാങ്ക് അക്കൗണ്ടിൽ എത്തിയത്. പ്രതി ഉൾപെടുന്ന ഒരു സംഘമാണ് ഇതിനു പിന്നിൽ എന്ന് അന്വേഷണത്തിൽ നിന്നും മനസിലായതായി പോലീസ് പറഞ്ഞു.

പ്രതി വളരെ വിദഗ്ധമായി, ഇല്ലാത്ത സ്ഥാപനത്തന്റെ പേരിൽ വ്യാജ രേഖകൾ ഉപയോഗിച്ച് ഐ സി ഐ സി ബാങ്കിൽ എടുത്ത അക്കൗണ്ടാണ് തട്ടിപ്പിനായി ഉപയോഗിച്ചത്.

നഷ്ടപ്പെട്ട തുക ട്രാൻസ്ഫർ ആയ അക്കൗണ്ടുകളുടെയും ബന്ധപ്പെട്ട ഫോൺ നമ്പരുകളെയും കേന്ദ്രീകരിച്ചു കഴിഞ്ഞ ഒരു മാസത്തോളമായി നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കണ്ടെത്താൻ സാധിച്ചത്.

സൈബർ ക്രൈം പോലീസ് സ്റ്റേഷൻ എസ് എച്ച് ഒ ഷാജു ജോസഫിൻ്റെ നേതൃത്വത്തിൽ എ എസ് ഐ പ്രകാശൻ, സിവിൽ പോലീസ് ഓഫീസർമാരായ സുനിൽ ജിത്തു അബ്രഹാം എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. തുടർന്ന് ഇയാളെ  കോടതി മുമ്പാകെ ഹാജരാക്കി.പഞ്ചാബ്, കൽക്കട്ട എന്നിവിടങ്ങളിലുള്ള കൂട്ടുപ്രതികളെ കണ്ടെത്തുന്നതിനായി അന്വേഷണം വ്യാപിപ്പിക്കുമെന്ന് കണ്ണുർ  സിറ്റി പോലീസ് കമ്മീഷണർ അറിയിച്ചു.

Tags