തളിപ്പറമ്പിൽ നിർമ്മിക്കുന്ന അടിപ്പാതകളുമായി ബന്ധപ്പെട്ട ആശങ്കകൾ പരിഹരിക്കണം; വ്യാപാരികൾ രംഗത്ത്

underpass
underpass

തളിപ്പറമ്പ: പുതിയ ആറുവരി ദേശീയപാത സർവ്വീസ് റോഡിൽ നിന്നും തളിപ്പറമ്പിലേക്ക് വാഹനങ്ങൾക്ക് പ്രവേശിക്കുന്നതിനായി നിർമ്മിക്കുന്ന അടിപ്പാതകളുമായി ബന്ധപ്പെട്ട ആശങ്കകൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട് വ്യാപാരികൾ രംഗത്ത്. തളിപ്പറമ്പ് മർച്ചൻ്റ്സ് അസോസിയേഷൻ ഭാരവാഹികൾ സ്ഥലം സന്ദർശിച്ച് ദേശീയപാതാ അധികൃതരുമായി സംസാരിച്ചു.

ആറുവരി ദേശീയപാത നിർമ്മാണം പൂർത്തിയാകുന്നതോടെ കണ്ണൂർ, പയ്യന്നൂർ ഭാഗങ്ങളിൽ നിന്ന് കുപ്പത്തും കുറ്റിക്കോലിലും നിർമ്മിക്കുന്ന അടിപ്പാത വഴിമാത്രമേ വാഹനങ്ങൾക്ക് തളിപ്പറമ്പിലേക്ക് പ്രവേശിക്കുവാൻ സാധിക്കുകയുള്ളു. മഴക്കാലത്ത് സാധാരണ നിലയിൽ ഈ പ്രദേശത്ത് ഉണ്ടാകാറുള്ള വെള്ളത്തിൻ്റെ ലവലിൽ നിന്നും രണ്ട് മീറ്ററോളം താഴ്ത്തിയാണ് ഇവിടെ അടിപ്പാത നിർമ്മിക്കുന്നത്. 

അശാസ്ത്രീയമായി നിർമ്മിക്കുന്ന ഈ അടിപ്പാതകളിൽ മഴക്കാലത്ത് വെള്ളക്കെട്ടുണ്ടാകുന്നതും വലിയ വാഹനങ്ങൾക്ക് കടന്നു പോകാൻ സാധിക്കാത്ത വിധത്തിലുമുള്ള നിർമ്മാണം വാണിജ്യ നിർമ്മാണ മേഖലകൾക്ക് വലിയ തിരിച്ചടിയുണ്ടാക്കുമെന്നുമുള്ള ആശങ്കയിലാണ് ജനങ്ങളും വ്യാപാരികളും. മഴ ശക്തമായാൽ ഈ ഭാഗത്ത് മൂന്ന് മീറ്ററിലേറെ ഉയരത്തിൽ വെള്ളക്കെട്ട് അനുഭവപ്പെടും. കുപ്പത്ത് മഴക്കാലത്ത് മൂന്ന് മീറ്ററിലേറെ ഉയരത്തിൽ വെള്ളം കയറാറുണ്ട്. നിലവിൽ 2 മീറ്ററോളം താഴ്ത്തിയ സാഹചര്യത്തിൽ വെള്ളക്കെട്ട് അതിരൂക്ഷമാകും. 

പ്രവർത്തി പൂർത്തിയാകാത്ത സാഹചര്യത്തിൽ അടിയന്തരമായി പുനരാലോചന നടത്തണമെന്നാണ് ആവശ്യം ഉയർന്നത്.
കുറ്റിക്കോലിൽ വെള്ളം ഒഴുകിപ്പോകാൻ നിർമ്മിച്ച വലിയ ഡ്രൈനേജിന് സമാന്തരമായി തന്നെയാണ് അടിപ്പാതയുടെ നിർമ്മാണവും പുരോഗമിക്കുന്നത്. 12 മീറ്റർ വീതിയിലും 4.1 മീറ്റർ ഉയരത്തിലുമാണ് അടിപ്പാത നിർമിക്കുക. ബസുകൾക്ക് കടന്നു പോകാനാകുമെങ്കിലും കണ്ടൈനർ ലോറികൾക്കും മറ്റ് ചരക്കുവാഹനങ്ങൾക്കും അടിപ്പാത വഴി കടന്നു പോകാനാകില്ല. 

ഇത് തളിപ്പറമ്പ് നഗരത്തിൻ്റെയും മലയോര മേഖലയുടെയും വികസനം മുരടിക്കുന്നതിന് ഇടയാക്കുമെന്നാണ് പ്രധാന ആശങ്ക. കിൻഫ്ര പാർക്കിലുൾപ്പെടെ നിരവധി വ്യവസായങ്ങളും പച്ചക്കറികൾ, അരി ഉൾപ്പെടെ എത്തിക്കുന്ന ചരക്കു ലോറികൾ, ടൈലുകൾ, മാർബിൾ ഉൾപ്പെടെയുള്ള നിർമ്മാണ സാമഗ്രികളുടെയും ചരക്കുനീക്കം തടസപ്പെടുന്നത് എല്ലാ മേഖലയിലും മുരടിപ്പ് സൃഷ്ടിക്കും. 

വിഷയത്തിൽ പരിഹാരം കാണണമെന്നാവശ്യപ്പെട്ട് വ്യാപാരി നേതാക്കൾ കുപ്പത്ത് അടിപ്പാത നിർമാണം നടക്കുന്ന സ്ഥലം സന്ദർശിച്ച് ദേശീയപാതാ പ്രവർത്തിയുമായി ബന്ധപ്പെട്ട ഉന്നതരെ സമീപിച്ചിരുന്നു . തുടർന്നാണ് ജനങ്ങളുടെയും വ്യാപാരികളുടെയും ആശങ്ക പരിഹരിച്ച് മാത്രമേ പ്രവർത്തി നടത്തുകയുള്ളുവെന്ന് ബന്ധപ്പെട്ടവർ ഉറപ്പ് നൽകിയത്. 

ചൊവ്വാഴ്ച്ച പയ്യന്നൂരിൽ വച്ച് ദേശീയപാതാ പ്രവർത്തിയുമായി ബന്ധപ്പെട്ട ഉന്നത ഉദ്യോഗസ്ഥരെ വ്യാപാരി നേതാക്കൾ നേരിൽ കണ്ട് ആശങ്കകളും നിർദ്ദേശങ്ങളും അറിയിക്കും. തുടർന്നുള്ള നിലപാടുകൾ അനുസരിച്ച് ഭാവി പരിപാടികൾ ആസൂത്രണം ചെയ്യുമെന്ന് തളിപ്പറമ്പ് മർച്ചൻറ്സ് അസോസിയേഷൻ പ്രസിഡൻ്റ് കെ.എസ് റിയാസും ജന.സെക്രട്ടറി വി. താജുദ്ദീനും പറഞ്ഞു.

Tags