ടിപി ചന്ദ്രശേഖരൻ വധകേസിലെ മൂന്ന് പ്രതികളെ ജയിലിൽ നിന്നും മോചിപ്പിക്കാൻ നീക്കം; ഹൈക്കോടതി വിധി മറികടക്കാൻ അണിയറ നീക്കങ്ങളുമായി ആഭ്യന്തര വകുപ്പ്

tp case
tp case

കണ്ണൂർ: കേരള ഹൈക്കോടതി വിധി കാറ്റിൽ പറത്തിക്കൊണ്ട് കണ്ണൂർ സെൻട്രൽ ജയിലിൽ തടവുശിക്ഷയനുഭവിക്കുന്ന ടിപി ചന്ദ്രശേഖരൻ വധക്കേസിലെ മൂന്ന് പ്രതികൾക്ക് ശിക്ഷ ഇളവ് നൽകാനുള്ള നീക്കവുമായി സർക്കാർ. മൂന്നു പേരെ ശിക്ഷാ ഇളവ് നൽകി വിട്ടയക്കാനാണ് സർക്കാർ തീരുമാനം. ടികെ രജീഷ്, മുഹമ്മദ് ഷാഫി, അണ്ണൻ സിജിത്ത് എന്നിവരാണ് പട്ടികയിലുള്ളത്. 

ശിക്ഷായിളവിന് മുന്നോടിയായി പ്രതികളുടെ പൊലീസ് റിപ്പോർട്ട് ആവശ്യപ്പെട്ടു കഴിഞ്ഞിട്ടുണ്ട്. കണ്ണൂർ സെൻട്രൽ ജയിൽ സൂപ്രണ്ടാണ് പൊലീസിന് കത്ത് നൽകിയത്. ഈ കത്തിന്റെ പകർപ്പ് പുറത്ത് വന്നിട്ടുണ്ട്. ഹൈക്കോടതി വിധി മറികടന്നാണ് ആഭ്യന്തര വകുപ്പ് രഹസ്യ നീക്കം നടത്തുന്നത്.

ശിക്ഷാ ഇളവില്ലാത്ത ജീവപര്യന്തം തടവിന് ഹൈക്കോടതി പ്രതികളെ ശിക്ഷിച്ചിരുന്നു. പ്രതികളുടെ അപ്പീൽ തള്ളിയായിരുന്നു ശിക്ഷ വർദ്ധിപ്പിച്ചത്. ഇതിനിടയിലാണ് പ്രതികളെ വിട്ടയക്കാനുള്ള നീക്കവുമായി സർക്കാർ മുന്നോട്ട് വരുന്നത്. നേരത്തെ ടി.പി ചന്ദ്രശേഖരൻ വധക്കേസിലെ ആറു പേർക്ക് തുടർച്ചയായി പരോൾ അനുവദിച്ചതിനെതിരെ വടകര എം.എൽ എയും ടിപിയുടെ സഹധർമ്മിണിയുമായിരുന്ന കെ.കെ.രമ രംഗത്തു വന്നിരുന്നു.

ഇതു രാഷ്ട്രീയ വിവാദമായതിന് തൊട്ടു പിന്നാലെയാണ് ടി.പി വധക്കേസിലെ പ്രതികൾക്ക് പുറത്തേക്ക് പോകാനുള്ള മാർഗമൊരുക്കുന്നത്. വരും ദിവസങ്ങളിൽ ഇതു വിവാദമായി മാറുമെന്നാണ് സൂചന.

Tags