സംഗീതത്തിൻ്റെ കുളിർ മഴ പെയ്യിച്ച് മക്രേരിയിൽ ത്യാഗരാജ അഖണ്ഡസംഗീതരാധനാ യജ്ഞം സമാപിച്ചു
പ്രശസ്ത സംഗീതജ്ഞൻ ദക്ഷിണാമൂർത്തി സ്വാമികളാണ് മക്രേരി ആഞ്ജേന യക്ഷേത്രത്തിൽ ത്യാഗരാജ സംഗീതോത്സവം തുടങ്ങിയത്
കണ്ണൂർ: കൽപ്പാത്തിയോളം പോന്ന സംഗീത പെരുമയുമായി മക്രേരി അമ്പലത്തിൽ ആജ്ഞനേയ ലക്ഷാർച്ചനയും ദക്ഷിണാമൂർത്തി സ്മൃതി ലയ ത്യാഗരാജ അഖണ്ഡസംഗീതാരാധനയും ഇക്കുറിയും നടത്തി. ധനുമാസ കുളിരിൽ 24 മണിക്കൂർ പൂർണമായും ഇടതടവില്ലാതെ പെയ്തിറങ്ങിയ ത്യാഗരാജ സ്വാമി കീർത്തനങ്ങൾ ആലപിക്കുന്നത് കേൾക്കാൻ കേരളത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നും നൂറുകണക്കിനാളുകളാണ് എത്തിച്ചേർന്നത്.
കർണാടക സംഗീതജ്ഞൻ പ്രൊഫ. പി ആർ കുമാരകേരളവർമ്മ സംഗീതാരാധനാ യ ഞ്ജത്തിന് നേതൃത്വം നൽകി. ഡോ. മാലിനി ഹരിഹരൻ്റെ നേതൃത്വത്തിൽ പ്രശസ്തരും നവാഗതരുമായ നിരവധി സംഗീതജ്ഞർ അഖണ്ഡസംഗീതാരാധനാ യജ്ഞത്തിൽ പങ്കാളികളായി.
പ്രശസ്ത സംഗീതജ്ഞൻ ദക്ഷിണാമൂർത്തി സ്വാമികളാണ് മക്രേരി ആഞ്ജേന യക്ഷേത്രത്തിൽ ത്യാഗരാജ സംഗീതോത്സവം തുടങ്ങിയത്. ഭഗവാൻ്റെ നിയോഗവും ശക്തിയുമാണ് തന്നെ ഇതിന് പ്രേരിപ്പിച്ചതെന്നാണ് അദ്ദേഹം ഇതിനെ കുറിച്ച് വിശേഷിപ്പിച്ചത്. തൻ്റെ സംഗീത ഉപകരണങ്ങളും തനിക്ക് കിട്ടിയ ഉപഹാരങ്ങളും പ്രശസ്തിപത്രവുമൊക്കെ ക്ഷേത്രത്തിലെ സരസ്വതി മണ്ഡപത്തിൽ സമർപ്പിക്കുകയായിരുന്നു അദ്ദേഹം.
24 വർഷം മുൻപ് തുടങ്ങിയ അഖണ്ഡസംഗീതാരാധന'യജ്ഞത്തിന് നേതൃത്വം നൽകിയതും ദക്ഷിണമൂർത്തി സ്വാമികളായിരുന്നു 24 വർഷം പിന്നിട്ട ഈ സംഗീതോത്സവം അടുത്ത വർഷം സിൽവർജൂബിലിയിലേക്ക് കടക്കുകയാണ്. കാൽ നൂറ്റാണ്ടോളം ധനുമാസത്തിൽ പാടിക്കൊണ്ടിരിക്കുകയാണ് ഒരു ഗ്രാമം മുഴുവൻ .
ദക്ഷിണാമൂർത്തിസ്വാമികൾ പാതി വഴിയിൽ വേർപിരിഞ്ഞു പോയെങ്കിലും അദ്ദേഹത്തിൻ്റെ സ്മരണയ്ക്കായി മുസിയം സംസ്ഥാന സർക്കാർ സാംസ്കാരിക വകുപ്പ് ഇവിടെ നിർമ്മിച്ചിട്ടുണ്ട്. ഈ മ്യൂസിയത്തിൽ സ്വാമിയുടെ അപൂർവ്വ ചിത്രങ്ങൾ, ഉപഹാരങ്ങൾ, സംഗീത ഉപകരണങ്ങൾ തുടങ്ങി അദ്ദേഹത്തിൻ്റെ ജീവിതത്തിലെ അപൂർവ്വ വസ്തുക്കളെല്ലാം സൂക്ഷിച്ചിട്ടുണ്ട്.
അത്യാധുനിക രീതിയിൽ കേരളീയ വാസ്തുശിൽപ്പകലാ നിർമ്മിതിയിൽ സംഗീത മണ്ഡപവും ഇവിടെ നിർമ്മിച്ചിട്ടുണ്ട്. വിശാലമായ ക്ഷേത്ര ചിറ ചെങ്കല്ല് കൊണ്ടു കെട്ടി വിളക്കുകൾ സ്ഥാപിച്ച് ആധുനികവൽക്കരിക്കുകയും ചെയ്തതോടെ തീർത്ഥാടന ടൂറിസം സർക്യൂട്ടിലേക്ക് മക്രേരി അമ്പലം മാറിയിരിക്കുകയാണ്. നൂറ് കണക്കിന് വിനോദ സഞ്ചാരികളാണ് മക്രേരി അമ്പലം സന്ദർശിക്കാനെത്തുന്നത്. കണ്ണൂരിലെ പ്രമുഖ തീർത്ഥാടന കേന്ദ്രമായ മക്രേരി അമ്പലം പെരളശേരി സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൻ്റെ ഉപക്ഷേത്രമായാണ് അറിയപ്പെടുന്നത്.