ഇരിട്ടി ഉളിക്കലിൽ വീട് കുത്തിത്തുറന്ന് മോഷണം: പൊലിസ് അന്വേഷണമാരംഭിച്ചു
ഇരിട്ടി: ഉളിക്കൽ നുച്ചിയാട് കല്ലിപ്പീടികയില്‍ പട്ടാപ്പകൽ വീടു കുത്തി തുറന്ന് മോഷണം നടത്തിയ സംഭവത്തിൽ പൊലിസ് അന്വേഷണം ഊർജ്ജിതമാക്കി. നൂച്ചിയാട് കല്ലിപ്പറമ്പിലെ പ്രവാസിയായ ബഷീറിന്റെ കുടുംബാംഗങ്ങൾ സമീപത്തെ തറവാട്ട് വീട്ടിൽ പോയപ്പോഴാണ് മോഷണം നടന്നത്. ബഷീർ വിദേശത്തായതിനാൽ ഭാര്യയും മക്കളും മാത്രമാണ് വീട്ടിൽ താമസിക്കുന്നത്.
ബുധനാഴ്ച രാവിലെ 11.30 തോടെ ഇവർ സമീപത്തുള്ള തറവാട്ട് വീട്ടില്‍ പോയി 3 മണിയോടെ തിരിച്ചെത്തിയപ്പോഴാണ് മോഷണം ശ്രദ്ധയിൽ പെടുന്നത്. ഉളിക്കൽ പോലീസിൽ വിവരമറിയിച്ചതിനെത്തുടർന്ന് പോലീസ് ഓഫീസര്‍ അരുണ്‍ദാസ്, എസ് ഐ രാധാകൃഷ്ണന്‍ എന്നിവരുടെ നേതൃത്വത്തില്‍ പോലീസ് സംഘം വീട്ടിലെത്തി അന്വേഷണം ആരംഭിച്ചു.
വീട്ടിലെ തൂമ്പ ഉപയോഗിച്ച് കിണറിനു സമീപത്തുള്ള വാതില്‍ തുറന്നാണ് മോഷ്ടാവ് വീടിനുള്ളില്‍ പ്രവേശിച്ചതായി നിഗമനം. ബെഡ്റൂമിലെ അലമാരയില്‍ സൂക്ഷിച്ച സ്വര്‍ണ്ണാഭരണങ്ങള്‍ നഷ്ടപ്പെട്ടതായി വീട്ടുകാര്‍ പറഞ്ഞു.
കണ്ണൂര്‍ റൂറലിലെ ലോല എന്ന പോലീസ് നായ മണം പിടിച്ച് എകദേശം വീടിനു പിന്നിലെ റോഡ് വഴി അരകിലോമീറ്ററോളം പോയി. എന്നാല്‍ യാതൊന്നും കണ്ടെത്താനായില്ല. ഫോറൻസിക് വിഭാഗവും പരിശോധന നടത്തി.