നാലു സെൻ്റ് സ്ഥലത്ത് പുനം നെൽകൃഷിയുമായി നാടക കലാകാരനും കുടുംബവും

The theater artist and his family have taken up paddy cultivation on four cents of land
The theater artist and his family have taken up paddy cultivation on four cents of land

ചക്കരക്കൽ : സ്വന്തം വീടിന് മുൻപിലെ നാലു സെൻ്റ് സ്ഥലത്ത് കരനെൽ കൃഷിയൊരുക്കി നൂറുമേനി കൊയ്യാൻ ഒരുങ്ങുകയാണ് കണ്ണൂരിലെ നാടക പ്രവർത്തകൻ ഉല്ലാസൻ കൂടനും കുടുംബവും.ഓണസദ്യയൊരുക്കുന്നതിനാണ് ഉല്ലാസൻ പുനം കൃഷിയിറക്കിയത്.ബ്ളാക്ക് മീഡിയയെന്ന് അറിയപ്പെടുന്ന നാടക പരിശീലന കളരി കൂടിയാണ് ഉല്ലാസൻ്റെ വീട്. നാടക പരിശീലനത്തിനൊപ്പമാണ് കുടുംബം കൃഷിയും ചെയ്യുന്നത്. നേരത്തെ പച്ചക്കറി കൃഷി ചെയ്തിരുന്ന ഇവർ വിളഞ്ഞ ഉൽപ്പന്നങ്ങൾനാടക പ്രവർത്തകരുമായി പങ്കിട്ടിരുന്നു. പുതുതായി ഒരുക്കുന്ന നാടകത്തിൻ്റെ ക്യാംപ് നടക്കുമ്പോൾ കൊയ്ത്തുത്സവം നടത്താനാണ് പരിപാടി.

അന്ന് പുന്നെല്ലു കൊണ്ട് പായസം വെച്ചു നാടക കലാകാരൻമാർ ഒരുമിച്ചു കഴിക്കുമെന്ന് ഉല്ലാസൻ കൂടൻ പറഞ്ഞു. നാടകങ്ങളും വിൽകലാമേളകളും നാടൻ പാട്ടുകളുമാണ് ബ്ളേക്ക് മീഡിയ അവതരിപ്പിക്കുന്നത്. ഉരിയാട്ടു പെരുമയെന്ന പേരിൽ പുതിയ നാടൻ പാട്ടു ഷോ ആദ്യ പ്രദർശനത്തിന് ഒരുങ്ങിയിരിക്കുകയാണ്. ഭർത്താവിൻ്റെ കലാ പ്രവർത്തനങ്ങൾക്ക് താങ്ങും തണലുമായി നിൽക്കുന്ന ഭാര്യ ശ്രീലത ജൈവ കൃഷിയിലും കൂടെയുണ്ട്. മക്കളായ മൃദുലും മന്യയും കൃഷി ചെയ്യാൻ താൽപര്യമുള്ളവരാണ്. ഉല്ലാസൻ കുടൻ്റെ  കരനെൽകൃഷിയുടെ ചിത്രം സോഷ്യൽ മീഡിയയിലൂടെ പ്രചരിച്ചതിനാൽ നിരവധി പേരാണ് കാണാനെത്തുന്നത്. മനസിന് സന്തോഷമുണ്ടാക്കുന്ന പച്ചപ്പ് വീടിന് മുറ്റത്ത് തന്നെ നിറഞ്ഞുനിൽക്കുന്നത് ഏറെ സന്തോഷകരമാണെന്ന് ഉല്ലാസൻ കൂടൻ പറഞ്ഞു.


നാടകങ്ങളിലൂടെയും നാടൻ പാട്ടുകളിലുടെയും വിൽകലാമേളകളിലുടെയും നിറഞ്ഞുനിൽക്കുന്ന ബ്ളാക്ക് നാടകവീട്ടിലെ അണിയറ പ്രവർത്തകർ ചിങ്ങമാസത്തിൽ കാർഷിക മേഖലയിലും സജീവമായിരിക്കുകയാണ്. നാടൻ പാട്ടുകൾ പാടി സെപ്തംബർ ആദ്യവാരം നാടക കലാകാരൻമാർ നടത്തുന്ന കൊയ്ത്തുത്സവം കാണാനും പങ്കെടുക്കാനും നാട്ടുകാരെയും ക്ഷണിച്ചിട്ടുണ്ട്.

Tags