തളിപ്പറമ്പിൽ കോൺവെൻ്റിന് നേരെ കല്ലേറ്, ചാപ്പലിൻ്റെ ചില്ലുകൾ തകർന്നു

google news
The windows of the chapel were broken by stone pelting towards the convent in Taliparamba

തളിപ്പറമ്പ്: കോണ്‍വെന്റിന് നേരെ സമൂഹവിരുദ്ധരുടെ ആക്രമണം. കല്ലേറില്‍ പ്രാര്‍ത്ഥനാചാപ്പലിന്റെ ജനല്‍ ചില്ലുകള്‍ തകര്‍ന്നു. കരിമ്പം അള്ളാംകുളം ഒറ്റപ്പാല നഗറിലെ എഫ്.സി.സി കോണ്‍വെന്റിനും ഫാത്തിമ ലേഡീസ് ഹോസ്റ്റലിനും നേരെയാണ് ബുധനാഴ്ച്ച രാത്രി9.30 നും 12 മണിക്കുമാണ് വ്യാപകമായ കല്ലേറ് നടന്നത്.

ബുധനാഴ്ച്ച രാത്രി9.30 ന് മൂന്നോളം പേരടങ്ങുന്ന സംഘം കോണ്‍വെന്റിലെ ലേഡീസ് ഹോസ്റ്റലിലെ മുറികള്‍ക്ക് നേരെയാണ് കല്ലേറ് നടത്തിയത്. താമസക്കാരായ പെണ്‍കുട്ടികളുടെ നിലവിളികേട്ട് സിസ്റ്റര്‍മാര്‍ എത്തിയെങ്കിലും ഭയം കാരണം പുറത്തിറങ്ങിയില്ല. പിന്നീട് രാത്രി 12 മണിക്കും രൂക്ഷമായ കല്ലേറുണ്ടായി. കരിങ്കല്ലുകളും ചെങ്കല്ലുകളും കൊണ്ടാണ് ആക്രമം നടന്നത്.

എറിഞ്ഞ കല്ല് ജനല്‍ ചില്ലുകള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നുണ്ട്. സിസ്റ്റര്‍മാരും ലേഡീസ് ഹോസ്റ്റലിലെ കുട്ടികളും ഉള്‍പ്പെടെ നാല്‍പ്പതോളം പേരാണ് ഇവിടെ താമസിക്കുന്നത്. മദര്‍-ഇന്‍ ചാര്‍ജ് സിസ്റ്റര്‍ ജോല്‍സനയുടെ പരാതിയില്‍ തളിപ്പറമ്പ് പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചിട്ടുണ്ട്.

പൊലീസ്  പ്രദേശത്തെ സി.സി.ടി.കാമറകള്‍ പരിശോധിച്ചുവരികയാണ്. സംഭവത്തില്‍വ്യാപകമായ പ്രതിഷേധമുയര്‍ന്നിട്ടുണ്ട്. തളിപ്പറമ്പ് സെന്റ് മേരീസ് ഫൊറോന ഇടവക കോ ഓര്‍ഡിനേറ്റര്‍ അഡ്വ.കെ.ഡി.മാര്‍ട്ടിന്‍ ഉള്‍പ്പെടെ നിരവധി പേര്‍ കോണ്‍വെന്റിലെത്തി.

Tags